ഗ്രില്‍ഡ് ഭക്ഷണം കൂടുതലാകേണ്ട; അപകടമെന്ന് പഠനം

By Web TeamFirst Published Sep 23, 2018, 5:06 PM IST
Highlights

ഒരുപക്ഷേ വിറകില്‍ വേവിക്കുന്നതിനെക്കാള്‍ കലര്‍പ്പ്, കരിയില്‍ തുറന്ന രീതിയില്‍ വേവിക്കുന്ന ഭക്ഷണത്തില്‍ കലരുന്നുണ്ട്. അകത്തെത്തുന്ന ചെറിയ അവശിഷ്ടങ്ങള്‍ ശ്വാസകോശത്തില്‍ കരടുകള്‍ പോലെ കിടക്കും. ക്രമേണ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നു

കനലോ വിറകോ ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം കൂടുതലായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കിടയാക്കുമെന്ന് പഠനം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. 

ചൈനയിലെ മധ്യവര്‍ഗജനതയുടെ ജീവിതരീതിയാണ് പഠനത്തിനാധാരമാക്കിയത്. 30നും 80നും ഇടയില്‍ പ്രായമുള്ള 2,80,000 പേരുടെ ജീവിതരീതി വര്‍ഷങ്ങളോളം പഠിച്ച ശേഷമാണ് ഗവേഷക സംഘം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇവരില്‍ ഏറെ പേരും കല്‍ക്കരിയോ, വിറകോ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരായിരുന്നു. 

കരിയോ വിറകോ കത്തിക്കുമ്പോള്‍ ഇിതല്‍ നിന്ന് സൂക്ഷ്മമായ പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ കലരുന്നുണ്ട്. ഇത് ഏറ്റവുമാദ്യം അപകടത്തിലാക്കുക ശ്വാസകോശത്തെയാണത്രേ. എന്നാല്‍ ഗ്യാസോ വൈദ്യുതിയോ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നമുണ്ടാകില്ല. അതേസമയം ലോകത്ത് ഏതാണ്ട് മൂന്ന് ബില്ല്യണോളം വരുന്ന ജനങ്ങള്‍ സാധാരണഗതിയില്‍ വിറകോ കരിയോ തന്നെയാണ് ഭക്ഷണം പാകം ചെയ്യാന്‍ ആശ്രയിക്കുന്നതെന്നും 'ക്ലീന്‍ എനര്‍ജി' എന്ന സ്വപ്‌നം സാക്ഷാത്കരിച്ചാല്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടൂവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ചെന്‍ പറയുന്നു. 

യുവാക്കളാണ് ഗ്രില്‍ഡ് ഭക്ഷണങ്ങളോട് ഏറെ പ്രിയം കാണിക്കുന്നത്. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് അപകടമാണെന്നാണ് പഠനസംഘം അഭിപ്രായപ്പെടുന്നത്. ഒരുപക്ഷേ വിറകില്‍ വേവിക്കുന്നതിനെക്കാള്‍ കലര്‍പ്പ്, കരിയില്‍ തുറന്ന രീതിയില്‍ വേവിക്കുന്ന ഭക്ഷണത്തില്‍ കലരുന്നുണ്ട്. അകത്തെത്തുന്ന ചെറിയ അവശിഷ്ടങ്ങള്‍ ശ്വാസകോശത്തില്‍ കരടുകള്‍ പോലെ കിടക്കും. ക്രമേണ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നു.
 

click me!