
വീട്ടില്‍ തയ്യാറാക്കി കഴിക്കുന്ന ഭക്ഷണത്തിന്റെ കാലം കഴിഞ്ഞതോടെ ആളുകളില്‍ ജീവിതശൈലീ രോഗങ്ങള്‍ സാധാരണമായിത്തുടങ്ങി. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് - സംസ്‌കാരമാണ് ഇതിന് പ്രധാനമായും വഴിയൊരുക്കിയത്. പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ബോധ്യമുണ്ടായിട്ടും അവയില്‍ നിന്നൊന്നും മാറിനില്‍ക്കാന്‍ പലപ്പോഴും നമുക്കാകുന്നില്ല എന്നതാണ് സത്യം.
ഭക്ഷണകാര്യങ്ങളിലെ ഈ അശ്രദ്ധ നമ്മള്‍ കരുതുന്നതിനേക്കാള്‍ അധികം പ്രശ്‌നങ്ങളാണ് വിളിച്ചുവരുത്തുകയെന്നാണ് അമേരിക്കയില്‍ നടന്ന പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. 'ബി.എം.ജെ' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദമായ വിവരങ്ങള്‍ പുറത്തുവന്നത്.
സ്ത്രീകള്‍ ഫ്രൈഡ് ചിക്കന്‍ അമിതമായി കഴിച്ചാല്‍ അത് രോഗങ്ങള്‍ മൂലമുള്ള മരണത്തിന് 13 ശതമാനത്തോളം സാധ്യത കൂട്ടുമെന്നാണ് പഠനറിപ്പോര്‍ട്ട്. 50 മുതല്‍ 79 വരെ പ്രായമുള്ള ഒരു ലക്ഷത്തിലധികം സ്ത്രീകളുടെ കേസ് സ്റ്റഡികളാണ് ഇതിനായി പഠനസംഘം ഉപയോഗിച്ചത്.
ഫ്രൈഡ് ഫുഡ് കഴിക്കുന്നവരുടെ ആരോഗ്യത്തില്‍ ക്രമേണ ഇതിന്റെ ദോഷവശങ്ങള്‍ കണ്ടെത്തുന്നുണ്ടെന്നും ഇതിന് പിന്നിലെ കാരണമെന്തെന്ന് കൃത്യമായി പറയുക സാധ്യമല്ലെന്നും പഠനസംഘം വ്യക്തമാക്കുന്നു. പ്രധാനമായും ഹൃദയത്തിന്റെ ആരോഗ്യത്തെയാണത്രേ ഫ്രൈഡ് ഫുഡ് ദോഷകരമായി ബാധിക്കുന്നത്. ടൈപ്പ്-2 പ്രമേഹത്തിനും ഈ ശീലം കാരണമാകുന്നുണ്ട്.
ഫ്രൈഡ് ചിക്കന്‍ പോലുള്ള ഭക്ഷണം സ്ത്രീകളെ എളുപ്പത്തില്‍ ബാധിക്കുന്നത് ആര്‍ത്തവവിരാമത്തിന് ശേഷമാണെന്നും പഠനം കണ്ടെത്തി. വളരെയധികം പ്രോസസ്ഡ് ആയ ഭക്ഷണമായതിനാല്‍ ഇവ ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നുണ്ട്- ഇതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാം. ഒരുപക്ഷേ മരണത്തിന് വരെ കാരണമാകുന്ന പ്രശ്‌നങ്ങളിലേക്കുമെത്തിക്കാം.
എങ്കിലും വ്യക്തമാകാത്ത പല കാരണങ്ങളും ഇതിന് പിന്നില്‍ കാണുമെന്നും ഫ്രൈഡ് ഫുഡ് കഴിക്കുന്നതില്‍ നിയന്ത്രണം വയ്ക്കുന്നത് മാത്രമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗമെന്നും പഠനസംഘം നിര്‍ദേശിക്കുന്നു.