'വണ്ടര്‍ഫുള്‍'; കയ്യടി വാങ്ങി 'ആയുര്‍വേദ' ഐസ്‌ക്രീം....

By Web TeamFirst Published Feb 14, 2019, 5:28 PM IST
Highlights

കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നും, എന്നാല്‍ 'ആയുര്‍വേദ' ഐസക്രീമുകള്‍ എപ്പോഴേ വിപണിയിലെത്തിക്കഴിഞ്ഞു. ന്യൂയോര്‍ക്കിലെ ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റാണ് ഈ 'ആയുര്‍വേദ' ഐസ്‌ക്രീമുകളുടെ നിര്‍മ്മാതാക്കള്‍

ആരോഗ്യകാര്യങ്ങളില്‍ പൊതുവേ ആളുകള്‍ കൂടുതല്‍ ബോധവാന്മാരാകുന്ന കാലമാണിത്. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍. അനാരോഗ്യകരമായ ഭക്ഷണങ്ങളെല്ലാം മാറ്റിനിര്‍ത്തി, ശരീരത്തിന് ഗുണകരമാകുന്നവ മാത്രം തെരഞ്ഞെടുത്ത് കഴിക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. 

അതിനാല്‍ തന്നെ ജൈവികമായ ഭക്ഷണങ്ങള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡും കൂടിവരികയാണ്. അതിനിടയില്‍ എത്ര ശ്രമിച്ചാലും 'ഓര്‍ഗാനിക്' ആക്കാനാകാത്ത ചില ഭക്ഷണസാധനങ്ങളുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് ഐസ്‌ക്രീം. 

ഡോക്ടര്‍മാരും ഡയറ്റീഷ്യന്മാരുമെല്ലാം ഒരുപോലെ ഒഴിവാക്കാനാവശ്യപ്പെടുന്ന സാധനമാണ് ഐസ്‌ക്രീം. എന്നാല്‍ ഐസ്‌ക്രീമിന് ആരോഗ്യവിദഗ്ധര്‍ നല്‍കിയ വില്ലന്‍ പരിവേഷം ഇനി വൈകാതെ ഇല്ലാതാകും. കാരണം ഐസ്‌ക്രീമും ഇതാ 'ആയുര്‍വേദ'മായി മാറുകയാണ്. 

കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നും, എന്നാല്‍ 'ആയുര്‍വേദ' ഐസക്രീമുകള്‍ എപ്പോഴേ വിപണിയിലെത്തിക്കഴിഞ്ഞു. ന്യൂയോര്‍ക്കിലെ ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റാണ് ഈ 'ആയുര്‍വേദ' ഐസ്‌ക്രീമുകളുടെ നിര്‍മ്മാതാക്കള്‍. 

മഞ്ഞളും എള്ളും മത്തന്റെ വിത്തും മുരിങ്ങയും എന്തിന് ചെമ്പരത്തിയും റോസ്പൂവും വരെ 'പോണ്ടിച്ചേരി ഇന്‍ എന്‍.വൈ.സി' എന്ന റെസ്‌റ്റോറന്റിലെ സ്‌പെഷ്യല്‍ ഐസ്‌ക്രീമിന്റെ ചേരുവകളാണ്. ഇഷ്ടാനുസരണം ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ഫ്‌ളേവറുകള്‍ തെരഞ്ഞെടുത്ത് മിക്‌സ് ചെയ്യാം. അല്ലെങ്കില്‍ ഒരു ഫ്‌ളേവര്‍ മാത്രമായും കഴിക്കാം. ഐസ്‌ക്രീം സ്‌കൂപ്പ് വിളമ്പുന്ന കോണും തനി നാടന്‍ പദാര്‍ത്ഥങ്ങളുപയോഗിച്ച് തന്നെയാണ് ഉണ്ടാക്കുന്നത്. 

സംഗതി 'ആയുര്‍വേദം' ആയതുകൊണ്ട് രുചിയില്‍ പിറകിലേക്കാകുമെന്ന പേടിയും വേണ്ട. രുചിയുടെ കാര്യത്തില്‍ പുത്തന്‍ പരീക്ഷണങ്ങളാണ് ഇവര്‍ നടത്തുന്നത്. കഴിച്ചവരെല്ലാം 'വണ്ടര്‍ഫുള്‍' എന്ന സര്‍ട്ടിഫിക്കറ്റും നല്‍കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ സര്‍വീസുകളിലാണെങ്കിലും താരമായിക്കഴിഞ്ഞു 'ആയുര്‍വേദ' ഐസ്‌ക്രീം. ഇനി വിപണി കുറച്ചുകൂടി വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
 

click me!