
വിമാനങ്ങളിലെ കക്കൂസ് യാത്രക്കാര്‍ ശരിയായവിധം ഉപയോഗിക്കാത്തത് കാരണം വിമാന കമ്പനികള്‍ക്ക് വല്ലാത്ത പൊല്ലാപ്പായി മാറിയിരിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരാണ് ശരിയായ അറിവില്ലാത്തതുകാരണം ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അറിയാതെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നാണ് എയര്‍ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന കമ്പനികള്‍ പറയുന്നത്. ഇതുമൂലം വിമാനങ്ങള്‍ വൈകുന്നത് നിത്യസംഭവമായിരിക്കുകയാണെന്നും, സര്‍വ്വീസ് വൈകുന്നത് മൂലം ലക്ഷക്കണക്കിന് രൂപ വിമാനകമ്പനികള്‍ക്ക് നഷ്ടമാകുകയും ചെയ്യുന്നുണ്ടെന്നുമാണ് അവരുടെ വാദം.
വിമാനത്തില്‍ അറിവില്ലാതെ യാത്രക്കാര്‍ ചെയ്യുന്നത്...
സാധാരണഗതിയില്‍ പാശ്ചാത്യമാതൃകയില്‍ വെള്ളം ഉപയോഗിച്ച് ഫ്ലഷ് ചെയ്യുന്ന ടോയ്‌ലറ്റുകളാണ് നേരത്തെ വിമാനങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ സാങ്കേതികവിദ്യ അനുസരിച്ച് വാക്വം ഫ്ലഷ് അധിഷ്‌ഠിത ടോയ്‌ലറ്റുകളാണ് ഇപ്പോള്‍ കുടുതല്‍ വിമാനങ്ങളിലുമുള്ളത്. ബോയിങ് 777, ബോയിങ് 787, എ230 വിമാനങ്ങളിലും വാക്വം ഫ്ലഷ് ആണുള്ളത്. ഇതിന് വെള്ളം ഉപയോഗിക്കേണ്ട കാര്യമില്ല. എന്നാല്‍ ടോയ്‌ലറ്റില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ ഇത് പ്രവര്‍ത്തിക്കില്ല. ഇന്ത്യക്കാരായ യാത്രക്കാര്‍ കുപ്പികളും ഡയപ്പറുകളും നാപ്‌കിന്‍ പാഡുകളും പേപ്പറും ടൂത്ത് ബ്രഷുമൊക്കെ ടോയ്‌ലറ്റില്‍ ഇടുന്നതാണ് പ്രശ്‌നം സൃഷ്‌ടിക്കുന്നത്. ഇതുകാരണം ടോയ്‌ലറ്റ് വൃത്തിയാക്കാനും വാക്വം ഫ്ലഷ് പ്രവര്‍ത്തനക്ഷമമാക്കാനും കൂടുതല്‍ സമയമെടുക്കുകയും വിമാനം വൈകാന്‍ കാരണമാകുകയും ചെയ്യുന്നു. ഒരു വിമാനം വൈകുമ്പോള്‍ പിന്നാലെയുള്ള വിമാനങ്ങളും വൈകുന്നു. കഴിഞ്ഞ ദിവസം ദില്ലിയില്‍നിന്ന് ഷിക്കാഗോയിലേക്കുള്ള വിമാനം ഇത്തരത്തില്‍ വൈകിയിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മാത്രം 14 വിമാനങ്ങള്‍ ഇത്തരത്തില്‍ വൈകിയിരുന്നു. ടോയ്‌ലറ്റ് പ്രശ്നം കാരണം വൈകല്‍ സ്ഥിരം സംഭവമായതോടെ, വിമാനത്തിനുള്ളില്‍ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നിവയെക്കുറിച്ച് പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് വിമാന കമ്പനികള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam