മരിച്ചുപോയ അച്ഛന് 'ആയുര്‍വേദ' ചികിത്സ; സംഭവം ചെയ്തതോ ഐപിഎസ്സുകാരന്‍...

By Web TeamFirst Published Feb 14, 2019, 3:53 PM IST
Highlights

മരണം സ്ഥിരീകരിച്ച ശേഷം നടപടികളെല്ലാം പൂര്‍ത്തിയാക്കി, ആശുപത്രി അധികൃതര്‍ അന്നുതന്നെ മൃതദേഹം മിശ്രയെ ഏല്‍പിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ മിശ്ര മൃതദേഹം സംസ്‌കരിക്കുകയോ മറ്റ് ബന്ധുക്കളെ വിവരമറിയിക്കുകയോ ചെയ്തില്ല

ഭോപ്പാല്‍: മരിച്ചുപോയ അച്ഛന് 'ആയുര്‍വേദ' ചികിത്സ നടത്തി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. 

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അവശനായ അച്ഛനെ ജനുവരി 13നാണ് ഐപിഎസ് ഉദ്യോഗസ്ഥനായ രാജേന്ദ്രകുമാര്‍ മിശ്ര ഭോപ്പാലിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് വൈകീട്ട് നാലേമുക്കാലോടെ വൃദ്ധന്‍ ആശുപത്രിക്കിടക്കയില്‍ വച്ചുതന്നെ മരിച്ചു. 

മരണം സ്ഥിരീകരിച്ച ശേഷം നടപടികളെല്ലാം പൂര്‍ത്തിയാക്കി, ആശുപത്രി അധികൃതര്‍ അന്നുതന്നെ മൃതദേഹം മിശ്രയെ ഏല്‍പിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ മിശ്ര മൃതദേഹം സംസ്‌കരിക്കുകയോ മറ്റ് ബന്ധുക്കളെ വിവരമറിയിക്കുകയോ ചെയ്തില്ല. 

വൈകാതെ 'മന്ത്രവാദി'കളായ ചിലയാളുകളുടെ സഹായത്തോടെ എന്തൊക്കെയോ 'ചികിത്സാവിധികള്‍' നിശ്ചയിച്ചു. അതിന് വേണ്ട ഒരുക്കങ്ങള്‍ നടത്തി. അവരുടെ നിര്‍ദേശപ്രകാരം ഒരുമാസമായി ചികിത്സ തുടരുകയായിരുന്നു. ഇതിനിടെ റെഡിസന്‍സ് കോളനിയിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മിശ്രയുടെ വീട്ടില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം ശ്വസിച്ച് അസുഖത്തിലായി. 

ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തുടങ്ങിയത്. തുടര്‍ന്ന് ഇവര്‍ സംഭവം പൊലീസിലറിയിച്ചു. പൊലീസും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തിയപ്പോള്‍ കണ്ടത്, ചീഞ്ഞ് അഴുകിയ വൃദ്ധന്റെ മൃതദേഹമായിരുന്നു. സമീപത്തായി എന്തെല്ലാമോ ചികിത്സാ സാമഗ്രികളും കണ്ടെത്തി. 

താന്‍ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അവര്‍ക്ക് അച്ഛനെ സുഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അതിനാലാണ് താന്‍ 'ആയുര്‍വേദ' ചികിത്സകള്‍ കൊണ്ട് അച്ഛന്റെ അസുഖം ഭേദപ്പെടുത്താന്‍ ശ്രമിച്ചതെന്നുമാണ് മിശ്ര അവകാശപ്പെടുന്നത്. അതേസമയം മിശ്രയുടെ മാനസികനിലയ്ക്ക് തകരാര്‍ സംഭവിച്ചതാണ് ഇത്തരത്തില്‍ പെരുമാറാന്‍ കാരണമായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും വ്യക്തതയായിട്ടില്ല.

click me!