276 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരാള്‍; നമ്മള്‍ ഏത് ലോകത്തിലാണ് ജീവിക്കുന്നത്?

By Web TeamFirst Published Feb 14, 2019, 1:54 PM IST
Highlights

സാധാരണക്കാരായ ആളുകളുടെ കുടുംബാന്തരീക്ഷത്തിലോ, സാമൂഹികാന്തരീക്ഷത്തിലോ നിത്യവും എത്രയോ കുട്ടികള്‍ ലൈംഗികമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതില്‍ ചുരുക്കം കേസുകള്‍ മാത്രമാണ് മാതാപിതാക്കള്‍ അറിയാതെ പോകുന്നുള്ളൂ, ബാക്കി കേസുകളിലെല്ലാം എന്താണ് സംഭവിക്കുന്നത്...?
 

കണ്‍വെട്ടത്ത് നിന്ന് മക്കള്‍ മാറിപ്പോകുമ്പോഴൊക്കെ നമ്മള്‍ ഉത്കണ്ഠപ്പെടാറുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തിലാണ് മാതാപിതാക്കള്‍ക്ക് ഈ ഉത്കണ്ഠയുണ്ടാകാറ്. ലൈംഗികമായ അതിക്രമങ്ങള്‍ക്ക് മക്കള്‍ ഇരയാകുമോ, അവരുടെ ശരീരത്തിനോ മനസ്സിനോ ഒരു പോറലെങ്കിലും ഏല്‍ക്കുമോയെന്നതാണ് നമ്മുടെ പ്രധാന ആശങ്ക. 

ആശങ്കകള്‍ക്ക് ഏറെ വകയുണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് എന്നും നമ്മള്‍ കേള്‍ക്കുന്നതും. ഇപ്പോള്‍ കൊളംബിയയില്‍ നിന്ന് പുറത്തുവന്ന ഒരു വാര്‍ത്ത തന്നെ ഇതിന് ഉദാഹരണമാണ്. 276 കുട്ടികളെ പീഡിപ്പിച്ച ഒരാള്‍, ഒടുവില്‍ പിടിക്കപ്പെട്ടു. പീഡിപ്പിക്കപ്പെട്ടവരില്‍ മുക്കാല്‍ പങ്കും കടല്‍ത്തീരത്ത് താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍. 

എന്തെങ്കിലും പറഞ്ഞ്, പറ്റിച്ച ശേഷം കുട്ടികളെ വാഹനത്തില്‍ കയറ്റി, ഒഴിഞ്ഞയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കും. പീഡനം മാത്രമല്ല, അത്രയും ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുന്നതും അയാളുടെ പതിവായിരുന്നു. വിദഗ്ധരായ സംഘത്തിന്റെ നീണ്ട അന്വേഷണത്തിനൊടുവിലാണ് അയാള്‍ പിടിക്കപ്പെട്ടത്. 60 വര്‍ഷത്തെ തടവാണ് കോടതി പ്രതിക്ക് വിധിച്ചിരിക്കുന്നത്. 

ഇത്രയേറെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടും അയാള്‍ പിടിയിലാകാന്‍ വൈകിയതിന്റെ പ്രധാന കാരണം, അതിക്രമങ്ങള്‍ക്കിരയായ കുട്ടികളോ അവരുടെ കുടുംബങ്ങളോ അത് തുറന്നുപറയാന്‍ തയ്യാറായില്ല എന്നതാണ്. ഇത്തരത്തില്‍ ചെറുപ്രായത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് ആഴത്തിലുള്ള മുറിവുകളാണ് കുട്ടികളുടെ മനസ്സില്‍ അവശേഷിപ്പിക്കുക. 

ശാരീരികമായ പ്രശ്‌നങ്ങളെക്കാള്‍ സങ്കീര്‍ണ്ണമാണ് ഇതുണ്ടാക്കുന്ന മാനസികമായ പ്രശ്‌നമെന്ന് മനശാസ്ത്ര വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗിക പീഡനക്കേസുകളില്‍ ഏതാണ്ട് പകുതിയോളം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളാണ്. (44 ശതമാനവും 18 വയസ്സിന് താഴെയുള്ളവരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.)

അതായത് സാധാരണക്കാരായ ആളുകളുടെ കുടുംബാന്തരീക്ഷത്തിലോ, സാമൂഹികാന്തരീക്ഷത്തിലോ നിത്യവും എത്രയോ കുട്ടികള്‍ ലൈംഗികമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് സാരം. ഇതില്‍ ചുരുക്കം കേസുകള്‍ മാത്രമാണ് മാതാപിതാക്കള്‍ അറിയാതെ പോകുന്നുള്ളൂ, ബാക്കി കേസുകളിലെല്ലാം സംഭവിക്കുന്നത്, നടന്ന അതിക്രമത്തെ രഹസ്യമാക്കി വച്ച്, കുട്ടിയെ പിന്നീട് വിവാഹജീവിതത്തിലേക്ക് തള്ളിവിടുന്നതിന് വെപ്രാളം കൂട്ടലാണ്. 

എന്നാല്‍ ഈ രീതികള്‍ കുട്ടികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയേ ഉള്ളൂവെന്നും, തുടര്‍ന്നുള്ള ലൈംഗിക ജീവിതത്തെയും സാമൂഹികവും വൈകാരികവുമായ അവസ്ഥകളെയെല്ലാം വളരെ മോശമായ രീതിയില്‍ ഇത് ബാധിക്കുമെന്നും മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ലൈംഗികമായി ഏതെങ്കിലും തരത്തില്‍ അക്രമിക്കപ്പെടുകയോ, ഉപയോഗിക്കപ്പെടുകയോ, പീഡിപ്പിക്കപ്പെടുകയോ അല്ലെങ്കില്‍ ഒരു പേടിയെങ്കിലും നമ്മുടെ കുഞ്ഞിന് ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കിയാല്‍ നമ്മള്‍ പിന്നീടെന്ത് ചെയ്യണം? എങ്ങനെയെല്ലാം കുട്ടിയെ ശ്രദ്ധിക്കണം? 

ഇതിന് ലളിതമായ 7 മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ബ്രൂക്ക് ആക്‌സ്‌ടെല്‍. എഴുത്തുകാരിയും ആര്‍ടിസ്റ്റുമായ ബ്രൂക്ക് ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയാണ്. ബ്രൂക്ക് പറയുന്നു...

ഒന്ന്...

ആദ്യം ചെയ്യേണ്ടത്, കുട്ടിയെ ഒരുരീതിയിലും കുറ്റപ്പെടുത്താതിരിക്കുകയെന്നതാണ്. ക്ഷമയോടെയും സ്‌നേഹത്തോടെയും സംഭവിച്ച കാര്യത്തെ ഒരു അപകടമാണെന്ന് അവരെ ധരിപ്പിക്കുക. സ്വയം വെറുപ്പുണ്ടാകുന്ന അവസ്ഥയിലേക്ക് കുട്ടിയെ എത്തിക്കാതെ ആത്മവിശ്വാസത്തോടെ അവളെ/ അവനെ മുന്നോട്ടുകൊണ്ടുപോവുക. 

രണ്ട്...

ശാരീരികമായ ചികിത്സകള്‍ എന്തെങ്കിലും എടുക്കുന്നതിനൊപ്പം യോഗ പോലുള്ള 'മൈന്‍ഡ് റീഫ്രഷ്‌മെന്റ് പ്രാക്ടീസു'കള്‍ കൂടെ പതിവില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.  മാനസികമായ ആഘാതങ്ങളെ മറികടക്കുന്നതിന് ഇത് കുട്ടിയെ സഹായിക്കും. 

മൂന്ന്...

ക്രിയാത്മകമായ കാര്യങ്ങളില്‍ താല്‍പര്യമുള്ള കുട്ടിയാണെങ്കില്‍ തുടര്‍ന്നും അത്തരം വിഷയങ്ങളില്‍ സജീവമാകാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. വളരെ സാധാരണമട്ടില്‍ തന്നെ വേണം ഇത് അവതരിപ്പിക്കാന്‍. അതല്ലെങ്കില്‍ യാത്ര പോലുള്ള മാറ്റങ്ങളിലേക്ക് കുട്ടിയെ ചേര്‍ത്തുനിര്‍ത്താം. 

നാല്...

ലൈംഗികാതിക്രമങ്ങളെ കുറിച്ച് കുട്ടിയില്‍ വേണ്ട അവബോധമുണ്ടാക്കാം. അതിനുവേണ്ട അറിവുകള്‍ പകര്‍ന്നുനല്‍കാം. വെബ്‌സൈറ്റുകള്‍, വിദഗ്ധര്‍ എന്നിങ്ങനെയുള്ള കണ്ണികളെ ഇതിനായി കുട്ടിയിലേക്ക് ഇണക്കിച്ചേര്‍ക്കാം. നമ്മുടെ ലോകം എത്തരത്തിലുള്ളതാണ്, അതിനെ എങ്ങനെയെല്ലാം നേരിടണമെന്ന് കുട്ടിക്ക് സ്വന്തമായി കാഴ്ചപ്പാടുണ്ടാകട്ടെ. 

അഞ്ച്...

തനിക്ക് സംഭവിച്ച അപകടത്തെ വലുതാക്കിക്കാണിക്കുന്ന, കുട്ടിയുടെ സംഘര്‍ഷത്തെ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍, അത് ആരുടേതുമാകാം, തീര്‍ച്ചയായും ഒഴിവാക്കണം. അത്തരം ഇടപെടലുകള്‍ ഒഴിവാക്കാന്‍ കുട്ടിയെ സ്വയം തയ്യാറെടുപ്പിക്കുകയുമാവാം. 

ആറ്...

മാനസികമായ ആഘാതം കുട്ടിയെ മറ്റ് ബന്ധങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തിയേക്കാം. ഇതൊട്ടും ആരോഗ്യകരമല്ല. അതിനാല്‍ തന്നെ നല്ല ബന്ധങ്ങളും, സൗഹൃദങ്ങളും പ്രണയവുമെല്ലാം സംഭവിക്കാന്‍ കുട്ടിയെ അതിലേക്കെല്ലാം പതിയെ എത്തിക്കണം. ഇതിന് നല്ലൊരു സാമൂഹികാന്തരീക്ഷം ഒരുക്കിക്കൊടുക്കുക. 

ഏഴ്...

അവസാനമായി ശ്രദ്ധിക്കേണ്ടത്. ശരീരവുമായി ബന്ധപ്പെട്ട അവരുടെ ഭയത്തെ പരിഗണിക്കുകയെന്നതാണ്. തൊട്ടും തലോടിയുമെല്ലാം, അത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാമെന്ന് കരുതുമ്പോഴും, കുട്ടിയെ മറ്റുള്ളവരുടെ സ്പര്‍ശം, സാമീപ്യം ഇതെല്ലാം നല്ലരീതിയില്‍ തന്നെയല്ലേ ബാധിക്കുന്നത് എന്ന് പരിശോധിക്കാം. പരമാവധി ശരീരത്തെ സ്വതന്ത്രമാക്കി വിടാന്‍ അവരെ പ്രേരിപ്പിക്കുക. ശരീരത്തിന്റെ ശുദ്ധി, വെര്‍ജിനിറ്റി- ഇത്തരത്തിലുള്ള സങ്കല്‍പങ്ങളില്‍ അവരുടെ കുഞ്ഞുമനസ്സ് മുറിപ്പെടാതിരിക്കാന്‍ ജാഗരൂകരായിരിക്കുക. 

click me!