നെഞ്ചുവേദന ഹാര്‍ട്ട്അറ്റാക്കാണോ ഗ്യാസ്‌ട്രബിള്‍ ആണോയെന്ന് തിരിച്ചറിയാം...

Web Desk |  
Published : Oct 26, 2017, 12:36 PM ISTUpdated : Oct 04, 2018, 05:23 PM IST
നെഞ്ചുവേദന ഹാര്‍ട്ട്അറ്റാക്കാണോ ഗ്യാസ്‌ട്രബിള്‍ ആണോയെന്ന് തിരിച്ചറിയാം...

Synopsis

ക്യാന്‍സര്‍ കഴിഞ്ഞാല്‍ ഇക്കാലത്ത് ഏറ്റവുമധികം ആളുകള്‍ ഭയപ്പെടുന്ന അസുഖമാണ് ഹാര്‍ട്ട്അറ്റാക്ക്. സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാവുന്ന പ്രശ്‌നമാണ് ഹാര്‍ട്ട്അറ്റാക്ക്. നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന ഏതുതരം വേദനയും ഹാര്‍ട്ട്അറ്റാക്ക് ലക്ഷണമാണോയെന്ന ഭയം മിക്കവരിലും ഉണ്ട്. ഹാര്‍ട്ട്അറ്റാക്കിന്റെ നെഞ്ചുവേദനയെ, ഗ്യാസ്‌ട്രബിളായി കരുതി വേണ്ടത്ര ചികില്‍സ തേടാതെ, അസുഖം ഗുരുതരമാകുന്നവരും ഉണ്ട്. ഹാര്‍ട്ട്അറ്റാക്കിന്റെ വേദന എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം...

ഹൃദയം നെഞ്ചിന്റെ ഇടതുഭാഗത്താണെങ്കിലും, ഹാര്‍ട്ട്അറ്റാക്ക് വേദന അനുഭവപ്പെടുന്നത് നെഞ്ചിന്റെ മധ്യഭാഗത്തായിട്ട് ആയിരിക്കും. നെഞ്ചിന്റെ മധ്യഭാഗത്തായി വേദനയും ഒപ്പം ഒരു ഭാരമെടുത്തുവെച്ച ഫീലും അനുഭവപ്പെടും. അങ്ങനെ നെഞ്ചില്‍ അനുഭവപ്പെടുന്ന വേദന, മുകളിലേക്ക് പടര്‍ന്ന് തോളിലേക്കും ചിലപ്പോള്‍ താടിയെല്ലുകളിലേക്കും വ്യാപിക്കും. ചിലരില്‍ അത് ഇടതു കൈയിലും ഉള്ളംകൈയിലേക്കും പടരും. അങ്ങനെയെങ്കില്‍ ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

ഗ്യാസ്‌ട്രബിളിന്റെ ഭാഗമായി അനുഭവപ്പെടുന്ന വേദന ഒരു ഏമ്പക്കം വിട്ടാലോ, നെഞ്ചിന്റെ ഭാഗത്ത് ശക്തിയായി ഇടിച്ചാലോ മാറും. എന്നാല്‍ ഹാര്‍ട്ട്അറ്റാക്കിന്റെ വേദന, നെഞ്ചെരിച്ചില്‍പോലെ പത്തുമുതല്‍ അരമണിക്കൂര്‍ വരെ സ്ഥിരമായി അനുഭവപ്പെടും. ഇതിനൊപ്പം മറ്റു ലക്ഷണങ്ങള്‍ കൂടി വിലയിരുത്തിയശേഷമെ ഹാര്‍ട്ട്അറ്റാക്കാണോയെന്ന് ഉറപ്പിക്കാനാകൂ. അത്തരം ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ചിലരില്‍, നെഞ്ച് വേദനയോടൊപ്പം ശരീരം വിയര്‍ക്കാറുണ്ട്. ഗ്യാസ്‌ട്രബിളിനും വിയര്‍പ്പ് അനുഭവപ്പെടുമെങ്കിലും വേദനയോടൊപ്പമുള്ള വിയര്‍പ്പാണ് ശ്രദ്ധിക്കേണ്ടത്. അതോടൊപ്പം, ശരീരം കുഴയുന്നതുപോലെ തോന്നുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ സൂക്ഷിക്കുക, അത് ഹാര്‍ട്ട്അറ്റാക്ക് ലക്ഷണമാകാം. പടവുകള്‍ കയറുമ്പോഴോ, നടക്കുമ്പോഴോ അനുഭവപ്പെടുന്ന കിതപ്പും അസ്വസ്ഥതയും, ചിലരില്‍ വെറുതെയിരിക്കുമ്പോഴും ശ്വാസമുട്ടലോ വിമ്മിഷ്‌ടമോ അനുഭവപ്പെടുന്നതുമൊക്കെ ഹാര്‍ട്ട്അറ്റാക്ക് ലക്ഷണമാണോയെന്ന് നമ്മള്‍ സംശയിക്കണം.

എന്നാല്‍ ഈ ലക്ഷണങ്ങളൊന്നുമില്ലാതെ ഹൃദയാഘാതം വരാറുണ്ട്. ഒന്നോ രണ്ടോ ചെറിയ അറ്റാക്കുകള്‍ വന്നശേഷം വരുന്ന മേജര്‍ അറ്റാക്കിന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. പ്രമേഹരോഗികളില്‍ വേദനയുടെ സെന്‍സേഷന്‍ അറിയാത്തതിനാല്‍, ഹാര്‍ട്ട്അറ്റാക്ക് ലക്ഷണങ്ങള്‍ കാണിക്കാറില്ല. അതുപോലെ പ്രായമായവരിലും കിടപ്പിലായിപ്പോകുന്ന രോഗികളിലും ഹൃദയാഘാതം ഒരു ലക്ഷണവും കാണിക്കില്ല. ആസ്ത്‌മയോ ശ്വാസംമുട്ടലോ ഇല്ലാത്തവരില്‍ പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടലും, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ഹൃദയാഘാത ലക്ഷണമായി സംശയിക്കേണ്ടതാണ്.

ഇനി ഗ്യാസ്‌ട്രബിള്‍ മൂലമുള്ള വേദന എങ്ങനെയാണെന്ന് നോക്കാം. നെഞ്ചിന് വേദന അനുഭവപ്പെടുന്നവരില്‍ 70 ശതമാനവും ഗ്യാസ്‌ട്രബിള്‍ മൂലമുള്ളതായിരിക്കും. ഇതിന് കാരണം അസിഡിറ്റിയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നവര്‍, കൂടുതല്‍ എരിവും പുളിയുമുള്ള ഭക്ഷണം കഴിക്കുന്നവര്‍ എന്നിവരിലാണ് ഈ പ്രശ്‌നം കണ്ടുവരുന്നത്. ഇത്തരക്കാരില്‍ ഗ്യാസ് വയറില്‍നിന്ന് മുകളിലേക്ക് കയറിവരും. അപ്പോഴാണ് നെഞ്ചിന്റെ വശങ്ങളില്‍ വേദന അനുഭവപ്പെടുന്നത്. ഹാര്‍ട്ട്അറ്റാക്കിന് സമാനമായ വേദന ചിലരില്‍ ഗ്യാസ്‌ട്രബിള്‍ മൂലം അനുഭവപ്പെടാം. ഈ വേദന അല്‍പ്പസമയംകൊണ്ട് മാറിയേക്കും. ഒരു ഏമ്പക്കം വിട്ടാലോ, നെഞ്ചിന്റെ ഭാഗത്ത് നന്നായി കൈകൊണ്ട് തട്ടിയാലോ ഗ്യാസ്‌ട്രബിള്‍ മൂലമുള്ള വേദന മാറും.

ഡോ. രാജേഷ് കുമാര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരഭാരം കുറയ്ക്കുന്നതിന് രാവിലെ കുടിക്കേണ്ട 6 പാനീയങ്ങൾ
അനീമിയ തടയാൻ സഹായിക്കുന്ന ഏഴ് പഴങ്ങൾ