
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ എന്നതിനെ സംബന്ധിച്ച് പലർക്കും സംശയമുണ്ട്. ഹൃദയശസ്ത്രക്രിയക്ക് ശേഷം പതിവ് പ്രവൃത്തികളിൽ ഏർപ്പെട്ടു തുടങ്ങുകയും ഡോക്ടർ അനുമതി നൽകുകയും ചെയ്താൽ ഒരാൾക്ക് സാധാരണ പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ പ്രശ്നമില്ല. ഹൃദയാഘാതത്തിനു ശേഷം നാല് മുതൽ ആറ് ആഴ്ചകൾക്ക് ശേഷവും ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ആറ് മുതൽ എട്ട് ആഴ്ചകൾക്ക് ശേഷവും ലൈംഗിക ബന്ധം തുടരാമെന്നായിരിക്കും ഡോക്ടർമാർ പൊതുവെ നൽകുന്ന ഉപദേശം.
മറ്റേതു ശാരീരിക പ്രവൃത്തിയെ പോലെയും ലൈംഗിക പ്രവൃത്തിയും ഹൃദയമിടിപ്പ് കൂട്ടിയും രക്തസമ്മർദം വർധിപ്പിച്ചും ഹൃദയത്തിന് കൂടുതൽ അധ്വാനം നൽകും. നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടെങ്കിലും അതിന്റെ രൂക്ഷമായ ലക്ഷണങ്ങളുണ്ടെങ്കിലും ചികിത്സയ്ക്ക് ശേഷം ആരോഗ്യസ്ഥിതി സ്വാഭാവികമായി തുടരുന്ന അവസരത്തിൽ മാത്രമേ ലൈംഗിക ജീവിതം തുടരാവൂ. ലൈംഗിക പ്രവൃത്തികൾ സാധാരണയായി വളരെ കുറച്ചു സമയം മാത്രം നീണ്ടുനിൽക്കുന്നതായതിനാൽ സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ഹൃദ്രോഗം മൂലമോ ഹൃദയാഘാതം മൂലമോ ഉള്ള നെഞ്ചുവേദന ഉണ്ടാകാൻ സാധ്യത കുറവാണെന്ന് ‘ദ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.
ഹൃദയാഘാതത്തിനോ ഹൃദയ ശസ്ത്രക്രിയയ്ക്കോ ശേഷം ലൈംഗിക ബന്ധം തുടരുന്നവർക്ക് ഉത്കണ്ഠ കുറയ്ക്കാൻ ‘ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിന്റെ ചില ടിപ്പുകൾ താഴേ ചേർക്കുന്നു.
1. വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.
2. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പ് അമിതമായി മദ്യപിക്കുന്നത് ഒഴിവാക്കുക.
3. അനുയോജ്യമായ സ്ഥിതിയിലായിരിക്കണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടത്.
4. ലൈംഗിക കേളിയിൽ പങ്കാളിക്ക് സജീവമായ മുൻതൂക്കം നൽകുക.
5. അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട മരുന്നുകൾ അടുത്ത് സൂക്ഷിക്കണം
ഹൃദയാഘാതം ഉണ്ടായ ശേഷം ലൈംഗികാഗ്രഹം കുറയുന്നത് ഒരു സാധാരണ പ്രശ്നമാണ്. ഇത് കുറച്ചുകാലം നിലനിന്നേക്കാം. ഉപയോഗിക്കുന്ന മരുന്നുകളും വൈകാരിക പിരിമുറുക്കവും ഇതിനു കാരണമാവാം. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ അതും ഒരു കാരണമായേക്കാം. പുരുഷന്മാർക്ക് ഉദ്ധാരണ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. സ്ത്രീകൾ ലൈംഗികമായി ഉത്തേജിതരാവാൻ വിഷമം നേരിട്ടേക്കാം. ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെടുമ്പോഴോ അതിന് ശേഷമോ ചില ലക്ഷണങ്ങൾ കണ്ടേക്കാം. എങ്കിൽ ഉടനെ ഡോക്ടറിനെ കാണണം.
1. നെഞ്ചിന് ഭാരം അല്ലെങ്കിൽ വേദന
2. തലചുറ്റൽ, മയക്കം അല്ലെങ്കിൽ തലയ്ക്ക് ഭാരം കുറയുന്നതായി തോന്നൽ
3. ശ്വസിക്കാൻ ബുദ്ധിമുട്ട്
4. അതിവേഗത്തിലും ക്രമരഹിതവുമായ ഹൃദയമിടിപ്പ്
ലൈംഗിക ബന്ധത്തിനിടെ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറിനെ കാണണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam