'മഴയത്ത് കുട നിവര്‍ത്തി ബൈക്കിലിരിക്കല്ലേ....'

Published : Aug 08, 2018, 10:43 PM IST
'മഴയത്ത് കുട നിവര്‍ത്തി ബൈക്കിലിരിക്കല്ലേ....'

Synopsis

എങ്ങനെയാണ് ബൈക്കില്‍ കുട പിടിച്ചിരുന്ന് യാത്ര ചെയ്യുന്നതിനെ തുടര്‍ന്ന് അപകടത്തിലാകുന്നത്? ഡോ. വീണ ജെ.എസ് വിശദമായി എഴുതുന്നു

മഴക്കാലത്തെ സ്ഥിരം കാഴ്ചയാണ് കുട നിവര്‍ത്തി ബൈക്കിലുള്ള യാത്ര. എന്നാല്‍ ഈ ശീലം വളരെയധികം അപകടം പിടിച്ചതാണെന്നും മരണത്തിന് വരെ കാരണമാകുന്നവെന്നുമാണ് ഡോ. വീണ ജെ.എസ് പറയുന്നത്. ഈ മഴക്കാലത്ത് മാത്രം ഇത്തരത്തിലുള്ള അഞ്ച് മരണങ്ങളാണ് കണ്ടതെന്നും ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം കരുതലെടുക്കണമെന്നും വീണ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വീണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം...

''തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവസാനവര്‍ഷ ഫോറന്‍സിക് മെഡിസിന്‍ പിജി വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. പ്രത്യേകതയുള്ള അഞ്ച് മരണങ്ങളാണ് മഴ തുടങ്ങി ഇത്രയും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ മോര്‍ച്ചറിയില്‍ മാത്രം വന്നത്. മരണരീതി ഇപ്രകാരം ആണ്. മഴയത്തും കാറ്റത്തും ഇരുചക്രവാഹനത്തില്‍ കുട പിടിച്ച് പുറകിലിരുന്ന് യാത്ര ചെയ്തവര്‍ കാറ്റിന്റെ ശക്തിയില്‍ തെറിച്ച് താഴെ വീണ്, തലയോട്ടിക്കും മസ്തിഷ്‌ക്കത്തിനും ക്ഷതമേറ്റ് കൊല്ലപ്പെടുന്നു. പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധിതമല്ലാത്ത സാഹചര്യത്തില്‍ ഈ കുട പിടിത്തം അങ്ങേയറ്റം അപകടമാണ് വിളിച്ചുവരുത്തുന്നത്. ഇങ്ങനെയൊരപകടം ഇന്ന് നേരിട്ട് കാണുകയും ചെയ്തു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് പുറകിലത്തെ ആള്‍ കുട തുറക്കുന്നത്. വണ്ടി എടുക്കും മുന്നേ ശക്തിയായ കാറ്റ് വന്നു. കുട ഒരു ഭാഗത്തേക്ക് മലര്‍ന്നുപോയി. വണ്ടി ഒരു വശത്തേക്ക് ചെരിഞ്ഞു. യാത്ര തുടങ്ങിയ ശേഷമായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കില്‍ കൂടുതല്‍ അപകടം ആയേനെ. കാറ്റിന്റെ ശക്തിയില്‍ കുട തെറിച്ചുപോകുമ്പോള്‍ കുട പിടിച്ചുവലിച്ചു നിര്‍ത്തുന്നത് കൂടുതല്‍ അപകടകരമായേക്കാം. എന്നാല്‍ പിന്നെ ആ സമയത്ത് കുട കയ്യില്‍ നിന്നും വിട്ടേക്കാം എന്നാണെങ്കില്‍ റോഡില്‍ നടക്കുന്ന, അല്ലെങ്കില്‍ വണ്ടിയോടിക്കുന്ന മറ്റാളുകളുടെ ജീവന് ആപത്ത് വന്നേക്കാം. സാരിയുടുത്തവര്‍ ഒരു വശത്തേക്ക് ഇരുന്ന് കുട കൂടെ പിടിക്കുന്നത് മാരകമാണ്. രണ്ടിനും ഒരേ റിസ്‌ക് ഉണ്ട്. രണ്ടും കൂടി വരുമ്പോള്‍ റിസ്‌ക് ഒരുപാട് മടങ്ങ് വര്‍ധിക്കും. 

ഏഴ് പേരാണ് ഇപ്പോള്‍ കോസ്‌മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കില്‍ പോകുന്നത് കണ്ടത്. നാളെ അവരെ മോര്‍ച്ചറിയില്‍ കാണാന്‍ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ഒരു ഫാമിലിയോട് കാര്യം അറിയിക്കുകയും ചെയ്തു. അവരിപ്പോള്‍ യാത്ര നിര്‍ത്തിവെച്ച് മഴ തോരാന്‍ ഞങ്ങള്‍ക്കൊപ്പം കാത്തിരിക്കുന്നു. ഉയരം കുറഞ്ഞ കട്ടിലില്‍ നിന്ന് വീണ് മസ്തിഷ്‌കത്തിന് ക്ഷതം സംഭവിച്ച വളരെ പ്രായം കുറഞ്ഞ ആളുകളെ വരെ കാണേണ്ടി വന്നിട്ടുണ്ട്. (സാധാരണ പ്രായം കൂടിയവരിലും, പിന്നെ മദ്യപാനികളിലും മാത്രമേ ഇത് കാണൂ എന്നൊക്കെ ആയിരുന്നു ധാരണ.) ജീവന്‍ ഒരുപാടൊരുപാട് വിലപ്പെട്ടതാണ്. ഇരുചക്രവാഹനങ്ങളില്‍ ഇരുന്ന് പോകുന്നവര്‍ ദയവുചെയ്ത് ഡ്രൈവര്‍ എന്നോ pillion rider എന്നോ വ്യത്യാസമില്ലാതെ ഹെല്‍മെറ്റ് ഉപയോഗിക്കുക.''
 

 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്