
കൊച്ചി: ഭക്ഷണപ്രിയരുടെ ഫെയ്സ്‌ബുക്ക് കൂട്ടായ്മയായ കൊച്ചിൻ ഫുഡിസിന്‍റെ സൗഹൃദസംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ എറണാകുളം, ചെറായി ബീച്ചിലായിരുന്നു സംഗമം. പ്രശസ്ത ചലച്ചിത്രതാരം സാധിക വേണുഗോപാൽ ഉത്ഘാടനം നിർവ്വഹിച്ചു. എൺപതോളം അംഗങ്ങൾ പങ്കെടുത്തു. ഗ്രൂപ്പ് അഡ്മിൻ ഷാസ് ഷബീർ സംഗമത്തിന് സ്വാഗതം നേര്‍ന്നു. മോഡറേറ്റർ ദീപ അജിത് നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ മോഡറേറ്റർ അനീഷ് വി.ബി. കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചു.
കൊച്ചിയിലും പരിസരങ്ങളിലുമുള്ള നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളും, ഹോട്ടലുകളും അംഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാസങ്ങൾക്ക് മുൻപ് ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുന്നത്. കൊച്ചിയിലെ പ്രശസ്ത പാചക വിദഗ്ധരും, ഭക്ഷണപ്രിയരും കൂടി ഒത്തുചേർന്നതോടെ പുതിയൊരു ഭക്ഷണ സംസ്കാരത്തിന് കൂട്ടായ്മയിലൂടെ തുടക്കം കുറിക്കുകയായിരുന്നു. കൂടാതെ മറ്റ് സ്ഥലങ്ങളിൽ നിന്നുകൂടി അംഗങ്ങൾ വന്നതോടെ കേരളത്തിൽ ഉടനീളമുള്ള നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളും, പ്രധാന വിഭവങ്ങളും, വില വിവരങ്ങളും അനുഭവസ്ഥർ പങ്കു വെച്ചു തുടങ്ങിയതോടെ കൊച്ചിൻ ഫുഡിസ് കൂടുതൽ ജനകീയമായി.
അനുഭവസ്ഥർ പരിചയപ്പെടുത്തുന്ന സ്ഥലങ്ങളിൽ ധൈര്യസമേതം ഭക്ഷണം കഴിക്കാൻ പോകാം എന്നതും കൂട്ടായ്മയെ സ്വീകാര്യമാക്കി. അതിന്റെ ആദ്യ പടിയായിട്ടാണ് സൗഹൃദസംഗമം സംഘടിപ്പിച്ചത്.അംഗങ്ങൾ നിർദ്ദേശിക്കുന്ന ഭക്ഷണശാലകളുടെ നിലവാരം മനസ്സിലാക്കിയ ശേഷം കൊച്ചിൻ ഫുഡിസ് ജനപ്രിയ ഹോട്ടലിനുള്ള സർട്ടിഫിക്കറ്റ് നൽകി ആദരിക്കും.
നല്ല ഭക്ഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അഗതികൾക്കും അനാഥർക്കും സംരക്ഷണം നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും കൂട്ടിയോജിപ്പിച്ചു മുന്നോട്ട് പോകാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. വയനാട് പോലുള്ള ആദിവാസി ഊരുകളിലേക്ക് ഭക്ഷണം , വസ്ത്രം, പുസ്തകങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കൂട്ടായ്മയിലൂടെ ശേഖരിച്ച് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam