ഈ ഓണത്തിന് സ്‍പെഷ്യല്‍ കൂട്ടുകറി ഉണ്ടാക്കിയാലോ

First Published Aug 1, 2018, 11:29 PM IST
Highlights


ഓണവിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൂട്ടുകറി. സ്വാദൂറും കൂട്ടുകറി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. 


ഓണവിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൂട്ടുകറി. സ്വാദൂറും കൂട്ടുകറി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. 

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ: 

കടല - 1 കപ്പ്
ചേന ചതുര കഷണങ്ങളാക്കിയത്-1 കപ്പ്
പച്ചക്കായ ചതുരകഷണങ്ങളാക്കിയത്- 1 കപ്പ്
തേങ്ങ ചിരകിയത്- 1/2 മുറി
ജീരകം - 2 നുള്ള്
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
കുരുമുളക് പൊടി -2 ടേബിൾ സ്പൂൺ
എണ്ണ ,ഉപ്പ് ,കടുക്- പാകത്തിനു
ഉഴുന്നുപരിപ്പ് -1 ടീസ്പൂൺ
വറ്റൽ മുളക് -3 എണ്ണം
കറിവേപ്പില -1 തണ്ട്
ശർക്കര - ഒരു ചെറിയ കഷണം
ചെറിയ ഉള്ളി - 3 എണ്ണം വട്ടത്തിൽ  അരിഞ്ഞത്

ഉണ്ടാക്കുന്ന വിധം: 

കടല കുതിർത്ത് ലേശം ഉപ്പ്,മഞ്ഞൾ പൊടി ഇവ ചേർത്ത് വേവിച്ച് വയ്ക്കുക.ചേന, കായ ഇവ കുറച്ച് കട്ടിയുള്ള ചതുര കഷ്‍ണങ്ങളായി അരിഞ്ഞെടുക്കുക. തേങ്ങ ചിരകിയതിൽ നിന്നും 5 ടേബിൾ സ്പൂൺ തേങ്ങ മാറ്റി വക്കുക.ബാക്കി തേങ്ങ , ജീരകം ,2 നുള്ള് മഞ്ഞൾപൊടി ഇവ ഒരുപാട് അരഞ്ഞ് പോകാതെ ലേശം തരുതരുപ്പായി അരച്ച് എടുക്കുക.പച്ചമുളക് ചേർക്കുന്നുണ്ടെങ്കിൽ അരക്കുമ്പോൾ ചേർക്കാം.പാൻ അടുപ്പിൽ വച്ച് ചേന, കായ കഷ്ണങ്ങൾ, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് വേവിക്കാൻ വയ്ക്കുക.

ചേന കുറച്ച് വേവ് കൂടുതൽ ആണെങ്കിൽ ആദ്യം ചേന വേവിക്കാൻ വയ്ക്കുക.നല്ല പോലെ വെന്ത ശേഷം മാത്രം കായ ചേർക്കുക. ചേന, കായ ഇവ വെന്ത് വരുമ്പോൾ കുരുമുളക് പൊടി ,കടല വേവിച്ചത് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.ശേഷം ശർക്കര ചേർത്ത് ഇളക്കുക. വെള്ളം നന്നായി വലിഞ്ഞ് തുടങ്ങുമ്പോൾ അരപ്പ് ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് വേവിച്ച് വെള്ളം ഒക്കെ നന്നായി വലിഞ്ഞ പരുവത്തിൽ തീ ഓഫ് ചെയ്യാം.

 ഇനി പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ്, വറ്റൽമുളക്,ചെറിയുള്ളി, മാറ്റിവച്ച 5 ടേബിൾ സ്പൂൺ തേങ്ങ ,കറിവേപ്പില ഇവ ചേർത്ത് നന്നായി ചുവക്കെ മൂപ്പിക്കുക. കരിയാതെ ശ്രദ്ധിക്കണം.നന്നായി മൂത്ത ശേഷം 1 നുള്ള് കുരുമുളക്പൊടി കൂടെ ചേർത്ത് ഇളക്കി ഇത് കറിയിലേക്ക് ചേർത്ത് ഇളക്കി 10 മിനുറ്റ് അടച്ച് വച്ച ശേഷം ഉപയോഗിക്കാം. അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ കൂട്ടുകറി തയ്യാറായി കഴിഞ്ഞു. 
 

click me!