ഇനി 'ലക്ഷ്മി' സ്കൂളിലേക്ക് വരില്ല; നഷ്ടമായത് അനുസരണയുള്ള വിദ്യാര്‍ത്ഥിയെയെന്ന് അധ്യാപകര്‍

By Web TeamFirst Published Sep 7, 2019, 7:03 PM IST
Highlights

കുട്ടികള്‍ക്കൊപ്പം ക്ലാസില്‍ ഇരിക്കുകയും പുസ്തകങ്ങള്‍ മറിച്ച് നോക്കുകയും ചെയ്യുന്ന ലക്ഷ്മി സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. ശനിയാഴ്ച ഉച്ചക്കാണ് ലക്ഷ്മിയെന്ന കുരങ്ങിനെ തെരുവ് നായകള്‍ ആക്രമിച്ചത്.

കുര്‍ണൂല്‍: ക്ലാസില്‍ വന്നിട്ട് ഏറെ നാളുകള്‍ ആയില്ലെങ്കിലും ലക്ഷ്മി ഏവര്‍ക്കും പ്രിയങ്കരിയായിരുന്നു. ക്ലാസുകള്‍ നടത്തുമ്പോള്‍ സജീവമായി പങ്കെടുക്കുന്ന ലക്ഷ്മിയെന്ന കുരങ്ങ് അധ്യാപകര്‍ക്കും പ്രിയപ്പെട്ടവള്‍ ആയിരുന്നു. ദിവസവും സ്കൂളിലെത്തുന്ന ലക്ഷ്മിക്കായി അധ്യാപകരും കുട്ടികളും പഴങ്ങള്‍ പ്രത്യേകം കരുതിയിരുന്നു.

പതിവ് സമയത്ത് ലക്ഷ്മിയ്ക്ക് വേണ്ടി പഴങ്ങള്‍ എടുത്ത് വക്കുന്നതിന് ഇടയിലാണ് പ്രധാനാധ്യാപകന് ആ ഫോണ്‍ സന്ദേശമെത്തുന്നത്. സ്കൂളില്‍ നിന്ന് ഏറെ അകലെയല്ലാതെ ലക്ഷ്മിയെ തെരുവ് നായകള്‍ കടിച്ച് കീറുന്നത് കണ്ട നാട്ടുകാരായിരുന്നു ഫോണില്‍. ഓടി സ്ഥലത്തെത്തിയപ്പോഴേക്കും ലക്ഷ്മിയുടെ ജീവന്‍ നഷ്ടമായിരുന്നു.

വിവരമറിഞ്ഞതോടെ കുട്ടികള്‍ വിഷാദരായി. അവര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്മി സഹപാഠിയായിക്കഴിഞ്ഞിരുന്നു.  
കുട്ടികള്‍ക്കൊപ്പം സ്ഥിരം ക്ലാസുകളില്‍ പങ്കെടുത്തിരുന്ന ലക്ഷ്മിയെന്ന കുരങ്ങാണ് കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തില്‍ ചത്തത്. 

ആന്ധ്രയിലെ കുര്‍ണൂലിലെ വെങ്ങലംപള്ളി പ്രൈമറി സ്കൂളിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു ലക്ഷ്മി. കുട്ടികള്‍ക്കൊപ്പം ക്ലാസില്‍ ഇരിക്കുകയും പുസ്തകങ്ങള്‍ മറിച്ച് നോക്കുകയും ചെയ്യുന്ന ലക്ഷ്മി സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. ശനിയാഴ്ച ഉച്ചക്കാണ് ലക്ഷ്മിയെന്ന കുരങ്ങിനെ തെരുവ് നായകള്‍ ആക്രമിച്ചത്. കുരങ്ങിനെ നായകള്‍ ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ആളുകള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ലക്ഷ്മി ചത്തിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആരോ ലക്ഷ്മിയെ ചാക്കില്‍ കെട്ടിയെ ഭയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും ലക്ഷ്മി സ്കൂളിലെത്തി വിദ്യാര്‍ത്ഥികളോട് സൗഹൃദം തുടരുകയായിരുന്നു. ക്ലാസ് നടക്കുന്ന സമയത്ത് അടങ്ങിയിരിക്കുകയും ഇന്‍റര്‍വെല്‍ സമയത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുകയും ചെയ്യുന്ന ലക്ഷ്മിയെ കുട്ടികള്‍ക്കും ഏറെ പ്രിയമായിരുന്നെന്ന് അധ്യാപകരും പറയുന്നു. 
സ്കൂളിലെ അധ്യാപകരും ഗ്രാമീണരും ഒരുമിച്ചാണ് ലക്ഷ്മിയെ മറവ് ചെയ്തത്. മാസങ്ങള്‍ക്ക് മുന്‍പ് ഗ്രാമത്തിലെത്തിയ കുരങ്ങ് സംഘത്തിലുണ്ടായിരുന്ന ലക്ഷ്മി മടങ്ങിപ്പോവാത് ഗ്രാമത്തില്‍ തന്നെ തുടരുകയായിരുന്നു. 

click me!