ആർത്തവരക്തം കട്ടപിടിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക; കാരണം

By Web TeamFirst Published Feb 15, 2019, 6:00 PM IST
Highlights

 ആർത്തവരക്തം കട്ട പിടിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. കട്ടപിടിച്ച രക്തത്തിന് ഒരു ഗോള്ഫ് ബോളിനേക്കാൾ വലുപ്പമുണ്ടെങ്കിൽ അവ കാര്യമാക്കേണ്ടതുണ്ട്. അമിതമായി ആർത്തവരക്തം കട്ടപിടിച്ച് കാണപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്.

പെണ്‍ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം.  ആര്‍ത്തവദിനങ്ങള്‍  സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. കഠിനമായ വയറ് വേദന, ഛർദ്ദി, തലവേദന, നടുവേദന അങ്ങനെ നിരവധി പ്രശ്നങ്ങൾ ആർത്തവസമയത്ത് ഉണ്ടാകാറുണ്ട്. ചില സ്ത്രീകളിൽ കണ്ട് വരുന്ന പ്രശ്നമാണ് ആർത്തവരക്തം കട്ടപിടിക്കുന്നത്. ആർത്തവരക്തം കട്ട പിടിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.

അമിത രക്തസ്രാവമുണ്ടാകുന്ന അവസരങ്ങളിലാണ് രക്തം കട്ടപിടിച്ച് കാണപ്പെടാറുള്ളത്. ചെറിയ തോതിൽ രക്തം കട്ടപിടിച്ചതിനെ ഓർത്ത് ആകുലപ്പെടേണ്ടതില്ല. എന്നാൽ അളവുകൂടുംതോറും ശ്രദ്ധിക്കേണ്ടതുണ്ട്. പുറംതള്ളുന്ന കട്ടപിടിച്ച രക്തത്തിന് ഒരു ഗോള്ഫ് ബോളിനേക്കാൾ വലുപ്പമുണ്ടെങ്കിൽ അവ കാര്യമാക്കേണ്ടതുണ്ട്. 

അമിതമായി ആർത്തവരക്തം കട്ടപിടിച്ച് കാണപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഗർഭാശയത്തിൽ മുഴ, ഗർഭം അലസൽ, ആർത്തവവിരാമം, ഗർഭാശയ അർബുദം, അമിത വണ്ണം എന്നി രോഗങ്ങളിൽ ചിലതിന്റെ ലക്ഷണമാകാം. അതിനാൽ സാധാരണത്തേതിൽ നിന്ന് രക്തം കട്ടപിടിച്ച് പോകുന്നുവെന്ന് തോന്നിത്തുടങ്ങിയാൽ ഉടൻ തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്. 

രക്തസ്രാവം കുറഞ്ഞാല്‍...

ആര്‍ത്തവം കൃത്യമായിരിക്കുകയും രക്തം പോക്ക് കുറവുമാണെങ്കില്‍ അത്ര ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ ആര്‍ത്തവത്തിന്റെ തുടക്കമാസങ്ങളില്‍ ആവശ്യത്തിന് രക്തം വരികയും പിന്നീട് തീരെ കുറയുകയും ചെയ്തതായി കാണപ്പെടുന്നുമുണ്ടെങ്കില്‍ ശ്രദ്ധിക്കണം. പോഷകക്കുറവ്, വിളര്‍ച്ച, രക്തക്കുറവ്, ശാരീരികമായ രോഗങ്ങള്‍ എന്നീ കാരണങ്ങള്‍ കൊണ്ട് രക്തസ്രാവം കുറയാറുണ്ട്. 

 അമിത രക്തസ്രാവം...

ചില സ്ത്രീകളില്‍ ആര്‍ത്തവ ദിവസങ്ങളില്‍ അമിതമായ രക്തസ്രാവം കാണപ്പെടാറുണ്ട്. രക്തസ്രാവം സാധാരണയിലും കൂടുതലാണോ എന്ന ആശങ്ക പലരിലും ഉണ്ടാകാറുണ്ട്. ഒരു ദിവസം എത്ര തവണ പാഡ് മറ്റേണ്ടി വരുന്നു എന്ന് കണക്കാക്കുന്നതിലൂടെ അമിത രക്തസ്രാവം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയും. 

അമിത ആര്‍ത്തവ രക്തസ്രാവമുള്ളവര്‍ക്ക് പെട്ടെന്നുതന്നെ, അതായത് ഒന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പാഡ് മറ്റേണ്ടതായി വരും. കൂടാതെ ഇവരില്‍ ഒരാഴ്ച്ച മുഴുവന്‍ രക്തസ്രാവം നീണ്ടുനില്‍ക്കുകയും ചെയ്യും. അമിതമായ രക്തം പോക്ക് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനുമിടയാക്കും. 
 

click me!