ഹൃദയത്തെ രക്ഷിക്കാന്‍ ജീവിതത്തില്‍ വരുത്തേണ്ട നാല് മാറ്റങ്ങള്‍

By Web DeskFirst Published Jun 7, 2018, 4:00 PM IST
Highlights
  • ഹൃദ്രോഗികളുടെ എണ്ണം പ്രായവ്യത്യാസമില്ലാതെ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. 

ഹൃദ്രോഗികളുടെ എണ്ണം പ്രായവ്യത്യാസമില്ലാതെ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്നു. നമ്മുടെ ജീവിതത്തിലും ഭക്ഷണശീലത്തിലുമൊക്കെ വന്ന മാറ്റങ്ങളാണ് ഹൃദ്രോഗത്തിന് കാരണമായി തീരുന്നത്. ഇവിടെയിതാ, ഹൃദ്രോഗമുണ്ടാകാതെ ഹൃദയത്തെ കാക്കാന്‍ ജീവിതത്തില്‍ ഉടനടി വരുത്തേണ്ട നാല് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

1. വ്യായാമം

ദിവസവും കുറഞ്ഞത് 30 മിനിട്ടെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ വ്യായാമമോ ആകാം. ഓഫീസിലെയും വീട്ടിലെയും പടവുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യാം, അതുമല്ലെങ്കില്‍ പതിവായി ജിംനേഷ്യത്തില്‍ പോകാം. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രായമായവര്‍ നന്നായി നടക്കുന്നതാണ് ഉത്തമം. ചെറുപ്പക്കാര്‍ ബാഡ്‌മിന്റണ്‍, വോളിബോള്‍, ഫുട്ബോള്‍ എന്നീ കായികയിനങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.

2. പുകവലി ഇപ്പോള്‍ത്തന്നെ അവസാനിപ്പിക്കുക

ഹൃദയത്തിന്റെ ആരോഗ്യം കാക്കാന്‍ ഉടനടി ചെയ്യേണ്ട കാര്യമാണിത്. പുകവലി അവസാനിപ്പിച്ചാല്‍ പൊണ്ണത്തടി ഇല്ലാതാക്കാനും രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും സാധിക്കും. കൂടാതെ രക്തസമ്മര്‍ദ്ദം ഹൃദയസ്‌പന്ദനം എന്നിവ നിയന്ത്രിക്കാനും ഇത് സഹായിക്കും. ഇതിലൂടെ ഹൃദയാരോഗ്യം നല്ല നിലയ്‌ക്ക് സംരക്ഷിക്കാം.

3. മദ്യപാനം നിയന്ത്രിക്കുക

മദ്യപാനം പൂര്‍ണമായി ഉപേക്ഷിക്കാനാകുന്നില്ലെങ്കില്‍പ്പോലും നന്നായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്.

4. ഹൃദയം ഇഷ്‌ടപ്പെടുന്ന ഭക്ഷണം കഴിക്കുക

എല്ലാത്തിനും ഉപരി ഹൃദയാരോഗ്യം കാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് നമ്മള്‍ കവിക്കുന്ന ഭക്ഷണമാണ്. മാസത്തിലും പാല്‍ ഉല്‍പന്നങ്ങളിലും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്ന പൂരിത കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്ന ട്രാന്‍സ് ഫാറ്റ് അടങ്ങിയ ബേക്കറി ഭക്ഷണങ്ങളും മധുര പലഹാരങ്ങളും പൂര്‍ണമായും ഒഴിവാക്കുക. നാരുകളും പ്രോട്ടീനും അടങ്ങിയ ഓട്ട്സ്, പഴങ്ങള്‍, ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. ഇത് രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യും.

click me!