ഒടുവില്‍ കൂട്ടുകാരിയും യാത്രയായി; കാട്ടില്‍ ഒറ്റയായി 'ബിന്ദു'...

By hyrunneesa AFirst Published Feb 9, 2019, 11:13 PM IST
Highlights

ഇന്ത്യയിലെ ആദ്യ സിംഹ സഫാരി പാര്‍ക്കാണ് ഇത്. 1984ല്‍ പ്രവര്‍ത്തനമാരംഭിച്ചു. 13 ഹെക്ടര്‍ സ്ഥലമാണ് ആകെയുള്ളത്. ചുറ്റും വെള്ളത്താല്‍ മൂടപ്പെട്ട ഒരു ദ്വീപ് പോലെ... മുമ്പ് 18 സിംഹങ്ങളുണ്ടായിരുന്നു ഇവിടെ

ഡാമിന്റെ ഇക്കരെ നിന്നാല്‍ 'ലയണ്‍ സഫാരി പാര്‍ക്ക്' എന്ന പഴയ ബോര്‍ഡ് കാണാം. ചെവിയോര്‍ത്താല്‍ ഇടയ്ക്ക് സിംഹങ്ങളുടെ ചെറിയ മുരള്‍ച്ചയും സംസാരവും കേള്‍ക്കാം. സിംഹങ്ങള്‍ സംസാരിക്കുമോയെന്നല്ലേ? അവര്‍ പരസ്പരം സംസാരിച്ചിരുന്നിരിക്കണം. കാരണം സങ്കടങ്ങളും സന്തോഷങ്ങളും പറയാന്‍ അവര്‍ക്ക് അവര്‍ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. 

ഇനി ബിന്ദുവിന് കൂട്ടുകാരിയില്ല. തിരുവനന്തപുരം നെയ്യാറിലെ 'ലയണ്‍ സഫാരി പാര്‍ക്കില്‍' അവശേഷിച്ച രണ്ട് പെണ്‍സിംഹങ്ങളില്‍ ഒരാള്‍, സിന്ധു ഇന്നലെ കണ്ണടച്ചു. 19 വയസ്സായിരുന്നു സിന്ധുവിന്. പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ഏറെ നാളായി അവശതയിലായിരുന്നു. ബിന്ദുവിന്റെ അവസ്ഥയും മറിച്ചല്ല.

കൂടെയുള്ളവരെയെല്ലാം നഷ്ടപ്പെട്ട് ഒരു കാട്ടില്‍ ഒറ്റയായിപ്പോകുന്ന അനാഥമായ അവസ്ഥയിലാണ് ബിന്ദുവിപ്പോള്‍. വയനാട്ടില്‍ നിന്ന് ചികിത്സയ്ക്കായി കൊണ്ടുവിട്ട ഒരു കടുവയുണ്ടെങ്കിലും അത് എത്ര നാളത്തേക്ക് കൂടി അവിടെയുണ്ടാകുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. 

ഇന്ത്യയിലെ ആദ്യ സിംഹ സഫാരി പാര്‍ക്കാണ് ഇത്. 1984ല്‍ പ്രവര്‍ത്തനമാരംഭിച്ചു. 13 ഹെക്ടര്‍ സ്ഥലമാണ് ആകെയുള്ളത്. ചുറ്റും വെള്ളത്താല്‍ മൂടപ്പെട്ട ഒരു ദ്വീപ് പോലെ... മുമ്പ് 18 സിംഹങ്ങളുണ്ടായിരുന്നു ഇവിടെ. പിന്നീട് സിംഹങ്ങളുടെ എണ്ണം പെരുകാന്‍ തുടങ്ങിയതോടെ ആണ്‍സിംഹങ്ങളെ വന്ധ്യംകരിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ അണുബാധയില്‍ ചില സിംഹങ്ങള്‍ ചത്തു. 

പ്രായാധിക്യം മൂലം മറ്റ് സിംഹങ്ങളും കൂടി ചത്തതോടെ മൂന്ന് വര്‍ഷം മുമ്പ് സിന്ധുവും ബിന്ദുവും മറ്റൊരു ആണ്‍സിംഹവും മാത്രമായി ഇവിടെ. ഇതിലെ ആണ്‍സിംഹവും രണ്ടുവര്‍ഷം മുമ്പ് കണ്ണടച്ചു. പിന്നെയിങ്ങോട്ട് അവര്‍ രണ്ടുപേരും മാത്രമായിരുന്നു ക്യാമ്പില്‍ അവശേഷിച്ചത്. 

കാട്ടിനകത്തേക്ക് ഗാര്‍ഡുകളുടെ നേതൃത്വത്തില്‍ വിനോദസഞ്ചാരികള്‍ ധാരാളമായി എത്താറുണ്ടായിരുന്നു. എന്നാല്‍ രണ്ട് സിംഹങ്ങള്‍ മാത്രമായതോടെ ഇവരെ പുറത്തേക്ക് അങ്ങനെ അധികമായി കാണാറില്ലായിരുന്നു. അങ്ങനെ ടൂറിസ്റ്റുകളുടെ തിരക്കും കുറഞ്ഞു. ഇപ്പോള്‍ സിന്ധുവിന്റെ മരണത്തോടെ താല്‍ക്കാലികമായി അങ്ങോട്ടുള്ള പ്രവേശനം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഗുജറാത്തില്‍ നിന്ന് കൂടുതല്‍ സിംഹങ്ങളെ ഇങ്ങോട്ട് എത്തിക്കുമെന്ന വാര്‍ത്തകള്‍ കേട്ടിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ഇനി ഇവിടം വന്യമൃഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കും പുനരധിവാസത്തിനുമുള്ള കേന്ദ്രമാക്കി മാറ്റാന്‍ ആലോചിക്കുന്നതായാണ് അറിവ്. ഇക്കാര്യത്തിലും ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. 

ആരോഗ്യപ്രശ്‌നങ്ങളാല്‍ അവശയായ ബിന്ദു ഇനിയും എത്രനാള്‍ തനിയെ ഇവിടെ കഴിയുമെന്നറിയില്ല. ഭക്ഷണത്തിനോ മറ്റ് ആശ്രയങ്ങള്‍ക്കോ ബുദ്ധിമുട്ടുകളില്ല. എങ്കിലും ഒറ്റപ്പെടലിന്റെ വേദനയെ എങ്ങനെ നേരിടണമെന്നറിയാതെ, എങ്ങോട്ടെന്നില്ലാതെ ആ ദ്വീപില്‍ ബിന്ദു തനിച്ചായിരിക്കുന്നു...

click me!