എന്തിനാണ് കാമുകീ-കാമുകന്മാര്‍ പരസ്പരം 'ടെഡി ബിയര്‍' സമ്മാനമായി നല്‍കുന്നത്?

By Web TeamFirst Published Feb 9, 2019, 7:18 PM IST
Highlights

ഒന്നോര്‍ത്തുനോക്കൂ, വാലന്റൈന്‍ നല്‍കുന്ന സമ്മാനം എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ വരുന്ന ഒരു ചിത്രമാണ്, അതിമനോഹരമായ ടെഡി ബിയര്‍... അത്രമാത്രം സാധാരണമാണ് കാമുകീ-കാമുകന്മാര്‍ക്കിടയില്‍ ഈ സമ്മാനം. എന്തുകൊണ്ടായിരിക്കാം പ്രണയികളെപ്പോഴും ടെഡി ബിയറുകളെ തെരഞ്ഞെടുക്കുന്നത്?
 

വാലന്റൈന്‍സ് ഡേ ഇങ്ങെത്താറായി. പ്രണയികളുടെ ദിനം... പരസ്പരം പ്രണയമറിയിച്ചും സമ്മാനങ്ങള്‍ വാങ്ങിനല്‍കിയും വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചുമെല്ലാം ആഘോഷമാക്കുന്ന ദിനം. കാമുകീ-കാമുകന്മാര്‍ ഈ ദിവസത്തില്‍ തമ്മില്‍ കാണുമ്പോള്‍ സമ്മാനങ്ങളോ, ആശംസാകാര്‍ഡുകളോ ഒക്കെ നല്‍കുന്നത് പതിവാണ്. ആശംസാകാര്‍ഡുകളുടെ കാലം കഴിഞ്ഞുപോയെങ്കിലും സമ്മാനങ്ങള്‍ ഇന്നും വിലപ്പെട്ടത് തന്നെയാണ്. 

ഒന്നോര്‍ത്തുനോക്കൂ, വാലന്റൈന്‍ നല്‍കുന്ന സമ്മാനം എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ വരുന്ന ഒരു ചിത്രമാണ്, അതിമനോഹരമായ ടെഡി ബിയര്‍... അത്രമാത്രം സാധാരണമാണ് കാമുകീ-കാമുകന്മാര്‍ക്കിടയില്‍ ഈ സമ്മാനം. 

എന്തുകൊണ്ടായിരിക്കാം പ്രണയികളെപ്പോഴും ടെഡി ബിയറുകളെ തെരഞ്ഞെടുക്കുന്നത്? ഇതിന് പിന്നിലെ മനശാസ്ത്രമെന്താകാം? 

പ്രണയിക്കുമ്പോള്‍ എപ്പോഴും പങ്കാളികള്‍ ഒരുമിച്ച് ഉണ്ടാകണമെന്നില്ല. അതേസമയം കൂടെ അയാള്‍ വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഈ ആവശ്യം പരിഹരിക്കുകയാണ് പങ്കാളി സമ്മാനിച്ച ടെഡി ബിയറിന്റെ ധര്‍മ്മമത്രേ. അതായത് പങ്കാളിയുടെ അസാന്നിധ്യം മറികടക്കാനുള്ള വഴി. ഒരുപക്ഷേ പ്രണയിക്കുന്നവര്‍ പരസ്പരം ടെഡി ബിയറുകള്‍ സമ്മാനിക്കുന്നതിന് പിന്നിലെ ഏക മനശാസ്ത്രം ഇതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

കെട്ടിപ്പിടിക്കാനാവുന്ന ടെഡി ബിയറുകള്‍ക്കാണ് വാലന്റൈന്‍സ് ഡേ മാര്‍ക്കറ്റുകളില്‍ ഏറ്റവും ഡിമാന്‍ഡുള്ളത്. പങ്കാളിയുടെ അഭാവത്തില്‍ അയാളുടെ സാന്നിധ്യം അനുഭവിക്കാന്‍ വലിയ ടെഡി ബിയറുകള്‍ ഏറെ സഹായകമാണത്രേ. ഇത് ഒരു തമാശയെന്നതിനെക്കാള്‍ പ്രധാനമായ, മാനുഷികമായ, വൈകാരികമായ വശമാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. 

പങ്കാളിയോട് സംസാരിക്കുന്നത് പോലെ പാവകളോട് സംസാരിക്കുന്നവര്‍ എത്ര പേരുണ്ട്... തിരിച്ച് ചിരിക്കുന്ന മുഖവുമായി മാത്രം നമ്മെ നോക്കുന്ന ടെഡി ബിയറുകള്‍ പങ്കാളിയുടെ ക്ഷമയേയും സ്‌നേഹത്തേയും ഓര്‍മ്മിപ്പിക്കുന്നു. അതിനോടൊപ്പം നൃത്തം ചവിട്ടുന്ന എത്ര പേരുണ്ട്? നമ്മുടെ സന്തോഷത്തില്‍ ഒത്തുകൂടാന്‍ പങ്കാളിയില്ലാതെ പോയതിന്റെ സങ്കടം അങ്ങനെ തീര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് നല്ലതല്ലേ? 

ഇത്തരം മാനസികാവസ്ഥകള്‍ ഒരു പരിധി വരെ മനുഷ്യന് ആരോഗ്യകരമായ ജീവിതപരിസരങ്ങള്‍ നല്‍കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം അമിതമായ ഫാന്റസികള്‍ യഥാര്‍ത്ഥജീവിതത്തെ ബാധിക്കുമെന്ന ബോധ്യം തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്നും ഇവര്‍ നിർദേശിക്കുന്നു.

click me!