
ജൊഹന്നാസ്‌ബെര്‍ഗ്: അവയവമാറ്റ ശസ്ത്രക്രിയകള്‍ അത്ര അപൂര്‍വ്വമല്ലാത്ത ഇക്കാലത്ത് അത്യപൂര്‍വ്വമായൊരു കരള്‍മാറ്റ ശസ്ത്രക്രിയയുടെ കഥയാണ് സൗത്ത് ആഫ്രിക്കയില്‍ നിന്ന് വരുന്നത്. എച്ച്‌ഐവി ബാധിതയായ അമ്മയാണ് മകളുടെ ജീവന്‍ രക്ഷിക്കാന്‍ കരള്‍ പകുത്തുനല്‍കിയിരിക്കുന്നത്.
മരണത്തോട് പൊരുതി മാസങ്ങളോളം ആശുപത്രിക്കിടക്കയില്‍ തുടര്‍ന്ന മകളെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതായപ്പോഴാണ് എച്ച്‌ഐവി ബാധിതയായ അമ്മ ഡോക്ടര്‍മാരോട് തന്റെ കരള്‍ പകുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യമൊന്നും ഡോക്ടര്‍മാര്‍ ഇതിന് തയ്യാറായിരുന്നില്ല.
ഒടുവില്‍ ദിവസങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കുമെല്ലാം ശേഷം കരള്‍ മാറ്റിവയ്ക്കാമെന്ന് സമ്മതിച്ചപ്പോഴും മകളെ തിരികെ തരാമെന്നൊരു ഉറപ്പ് ഡോക്ടര്‍മാര്‍ ആ അമ്മയ്ക്ക് നല്‍കിയിരുന്നില്ല. എങ്കിലും ചരിത്രപരമായ ശസ്ത്രക്രിയ നടന്നു. അതീവരഹസ്യമായിട്ടായിരുന്നു ശസ്ത്രക്രിയയും തുടര്‍ന്നുള്ള നാളുകളും. അത്രമാത്രം അപകടസാധ്യത നിറഞ്ഞതായിരുന്നു അവരുടെ തീരുമാനം.
എന്നാല്‍ ഒരു വര്‍ഷത്തെ കടുത്ത നിരീക്ഷണത്തിനും ചികിത്സയ്ക്കും ശേഷം അവള്‍ ആരോഗ്യവതിയായിരിക്കുന്നുവെന്നാണ് ജൊഹന്നാസ്‌ബെര്‍ഗില്‍ നിന്നുള്ള ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘം അറിയിക്കുന്നത്.
'അവള്‍ക്ക് നല്‍കിയ മരുന്നുകള്‍ എച്ച്‌ഐവി ബാധയില്‍ നിന്ന് അവളെ രക്ഷിച്ചുവെന്ന് അനുമാനിക്കാം. എന്നാല്‍ രോഗഭീഷണി പരിപൂര്‍ണ്ണമായി നീങ്ങിയെന്ന് പറയാന്‍ ഇനിയും സമയമെടുക്കും'- ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ചീഫ് സര്‍ജന്‍ ഡോ. ജീന്‍ ബോഥെ പറഞ്ഞു. തങ്ങള്‍ നടത്തിയ കരള്‍മാറ്റ ശസ്ത്രക്രിയ മുഴുവനായി വിജയിച്ചാല്‍ അത് ചരിത്രത്തിലെ വലിയ ചുവടുവയ്പായിരിക്കുമെന്നും അമ്മയും മകളും ഇപ്പോഴും തുടര്‍ ചികിത്സകളില്‍ തന്നെയാണെന്നും ഇവര്‍ പറയുന്നു.