
മനുഷ്യര്‍ തമ്മിലുള്ള ലൈംഗികേതര ശാരീരിക ബന്ധങ്ങളെ കുറിച്ച് വര്‍ഷങ്ങളായി പല തരത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്. മിക്ക പഠനങ്ങളും ലൈംഗിക ആവശ്യങ്ങള്‍ക്കല്ലാതെയുള്ള സ്പര്‍ശനങ്ങളും നല്ലതെന്ന് തന്നെയാണ് വിലയിരുത്തിയിട്ടുള്ളത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കാന്‍ ആലിംഗനം പോലെ മറ്റൊരു മാര്‍ഗമില്ലെന്നാണ് ഇതാ..., പുതിയ ഒരു പഠനവും പറയുന്നത്.
പെന്‍സില്‍വാനിയയിലെ കാര്‍നിഗ് മെലണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘത്തിന്റേതാണ് ഈ പുതിയ പഠനം. രണ്ട് പേര്‍ തമ്മില്‍ എന്തെങ്കിലും വാഗ്വാദങ്ങളോ വഴക്കോ ഉണ്ടായതിന് ശേഷം ഇവര്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതുകൊണ്ട് തമ്മില്‍ തോന്നിയ വിദ്വേഷം കുറയുമോ, എന്നതായിരുന്നു സംഘത്തിന്റെ പഠന വിഷയം.
400 പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു സംഘം പഠനം നടത്തിയത്. മണിക്കൂറുകളോ, ദിവസങ്ങളോ നീണ്ട തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും ശേഷം പരസ്പരം ആലിംഗനം ചെയ്തപ്പോള്‍ പലരും തമ്മിലുള്ള വെറുപ്പും ദേഷ്യവും ഇല്ലാതായതായി ഇവര്‍ കണ്ടെത്തി.
സാമൂഹിക ബന്ധങ്ങളുടെ കാര്യത്തില്‍ ശരീരം തമ്മിലുള്ള സ്പര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് പഠനത്തിന് നേതൃത്വം കൊടുത്ത ഡോ. മൈക്കല്‍ മോര്‍ഫി പറയുന്നത്. മനസ്സിനുള്ളിലെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ആലിംഗനമോ കൈകള്‍ കവര്‍ന്നുള്ള ചിരിയോ സംസാരമോ ഒക്കെ ആവശ്യമാണെന്നും ഇദ്ദേഹം പറയുന്നു.
സംസാരിക്കുന്നതിനിടെ തന്നെ ലൈംഗികേച്ഛയില്ലാതെ പരസ്പരം കൈ കൊടുക്കുകയോ, കെട്ടിപ്പിടിക്കുകയോ, തോളില്‍ തട്ടുകയോ ഒക്കെ ചെയ്യുന്ന ശീലമുള്ളവര്‍ക്ക് പൊതുവേ ചില ഗുണങ്ങളുണ്ടെന്നും ഡോ. മൈക്കല്‍ സൂചിപ്പിക്കുന്നു. ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ ഇവരെ സംബന്ധിച്ചിടത്തോളം കുറവായിരിക്കുമത്രേ. ഇത്തരം ശീലങ്ങളില്ലാത്തവരില്‍ ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, വിഷാദം, മുന്‍കോപം തുടങ്ങിയ വിഷമതകള്‍ കാണാന്‍ സാധ്യതയുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സാമൂഹിക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നത് മാത്രമല്ല, വ്യക്തിപരമായും 'കെട്ടിപ്പിടുത്ത'ത്തിന് ചില പ്രത്യേകതകളുണ്ടെന്ന് പഠനം കണ്ടെത്തി. അതായത് കെട്ടിപ്പിടുത്തവും 'മൂഡ്' മാറ്റങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇവരുടെ മറ്റൊരു വിലയിരുത്തല്‍. പൊതുവില്‍ 'നെഗറ്റീവ്' ആയ മാനസികാവസ്ഥയില്‍ നിന്ന് 'പൊസിറ്റീവ' ആയ മാനസികാവസ്ഥയിലേക്ക് നമ്മളെയെത്തിക്കാന്‍ ഒരു ആലിംഗനത്തിന് കഴിയുമെന്നാണ് പഠനം അവകാശപ്പെടുന്നത്.