ട്രെയിനില്‍ വസ്ത്രം കുരുങ്ങിവീണ് ദാരുണമരണം; എവിടെയാണ് ശ്രദ്ധ പതറുന്നത്?

By Web TeamFirst Published Feb 21, 2019, 1:16 PM IST
Highlights

വണ്ടി നിര്‍ത്തി അവര്‍ പാളത്തിനടുത്തേക്ക് നടന്നെത്തിയപ്പോഴേക്കും അയാളുടെ ശരീരം തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയിരുന്നു. നീങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച യുവാവിന്റെ വസ്ത്രം ട്രെയിനില്‍ കൊളുത്തിയതാണത്രേ അപകടത്തിന് ഇടയാക്കിയത്...

ഒട്ടും തിരക്കില്ലാത്ത സമയമായിരുന്നു അത്, നീങ്ങിത്തുടങ്ങിയ ട്രെയിന്‍, സ്റ്റേഷന് സമീപമുള്ള ചെറിയ ടണല്‍ കടന്നുതീരാറായിരുന്നു. അപ്പോഴാണ് സ്‌റ്റേഷനകത്ത് നിന്നും ഡ്രൈവര്‍ക്ക് അലര്‍ട്ട് വന്നത്. എന്തോ അപകടം സംഭവിച്ചിരിക്കുന്നു. ഇലക്ട്രിക് ട്രെയിനിലിടിച്ച് എന്തോ ഒന്ന് കത്തിച്ചിതറുന്നത് കണ്ടു, വണ്ടി ഉടന്‍ നിര്‍ത്തണം. 

വണ്ടി നിര്‍ത്തി അവര്‍ പാളത്തിനടുത്തേക്ക് നടന്നെത്തിയപ്പോഴേക്കും അയാളുടെ ശരീരം തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയിരുന്നു. നീങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച യുവാവിന്റെ വസ്ത്രം ട്രെയിനില്‍ കൊളുത്തിയതാണത്രേ അപകടത്തിന് ഇടയാക്കിയത്. ഇത് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത സംഭവമാണിത്.

നമ്മുടെ നാട്ടിലും ഇത്തരം അപകടങ്ങള്‍ പതിവാണ്. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും റോഡിലുമെല്ലാം, ഇത്തരം അശ്രദ്ധകള്‍ എണ്ണമറ്റ അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. എത്രയോ ജീവനുകള്‍ പൊലിഞ്ഞുപോകാറുണ്ട്. നിത്യവും എത്രയെത്ര വാര്‍ത്തകളാണ് നമ്മള്‍ കണ്ടും വായിച്ചും പോകുന്നത്. 

പലപ്പോഴും ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത് ശ്രദ്ധക്കുറവ് മൂലം തന്നെയാണ്. കൂടെ യാത്ര ചെയ്യുന്ന ഒരാളുടെ, അല്ലെങ്കില്‍ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ജീവന്‍ അപഹരിക്കാന്‍ ഈ ശ്രദ്ധക്കുറവ് കാരണമായാലോ? 

എവിടെയാണ് ജാഗ്രത നഷ്ടപ്പെടുന്നത്?

യാത്രകളില്‍ പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍ പോലും വിട്ടുപോകാറുണ്ട്. പ്രത്യേകിച്ച് എപ്പോഴും യാത്ര ചെയ്യുന്നവരാണെങ്കില്‍ അത്തരം കാര്യങ്ങളെ കുറിച്ച് ഒട്ടും ബോധ്യമുണ്ടായിരിക്കില്ല. അപകടമരണങ്ങളുടെ കണക്കെടുത്താല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. വര്‍ഷങ്ങളായി വണ്ടിയോടിക്കുന്നയാള്‍, അല്ലെങ്കില്‍ വര്‍ഷങ്ങളായി യാത്ര ചെയ്യുന്നയാള്‍ ആയിരിക്കും ദാരുണമായി മരിക്കുന്നത്. അത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് നമ്മള്‍ മൂക്കത്ത് വിരല്‍ വച്ച് പറയാറില്ലേ? അശ്രദ്ധ തന്നെയാണ് വില്ലന്‍. 

യാത്ര പോകാനോ, വാഹനമോടിക്കാനോ ഒക്കെ പുറത്തിറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ എപ്പോഴും മനസ്സില്‍ ഉറപ്പിച്ചുവയ്ക്കുക. മുതിര്‍ന്നവര്‍ നൂറ് തവണ പറഞ്ഞുമടുത്ത ഉപദേശങ്ങള്‍ തന്നെയാകാം അത്, എങ്കിലും സ്വന്തം ജീവനുവേണ്ടിയും പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയുമെല്ലാം അവ വീണ്ടും വീണ്ടും മനസ്സിലുറപ്പിക്കാം..

തിരക്ക് വേണ്ട...

രാവിലെ ഓഫീസിലേക്കിറങ്ങാന്‍ വൈകി, അല്ലെങ്കില്‍ ട്രെയിന്‍ പിടിക്കാന്‍ വൈകിയെന്ന് വയ്ക്കുക. ആ സമയം തിരിച്ചുപിടിക്കാന്‍ റോഡില്‍ അമിതവേഗതയില്‍ എത്ര പാഞ്ഞുപോയാലും കഴിയില്ല. അതിനാല്‍ വൈകിയെന്ന് മനസ്സിലാക്കിയാല്‍, യാത്ര ഏത് മാര്‍ഗത്തിലായാലും തിരക്ക് കൂട്ടാതെ, വൈകിയതിനെ എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിക്കുക. ജീവനെക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് തന്നെ ഉറപ്പിക്കാം. 

ഓട്ടം നിര്‍ത്താം...

ഓടുന്ന വണ്ടിയില്‍ ഓടിക്കയറുക, അല്ലെങ്കില്‍ വണ്ടിക്ക് പിന്നാലെ പായുക- എന്ന ശീലം കര്‍ശനമായും ഉപേക്ഷിക്കുക. നിയമപരമായും ഇത് തെറ്റാണ്. വര്‍ഷാവര്‍ഷം നൂറുകണക്കിന് പേരാണ് ഈ ശീലത്തിന്റെ ഭാഗമായി മാത്രം ജീവന്‍ കളയുന്നത്. ആദ്യം സൂചിപ്പിച്ചത് പോലെ, വൈകിയെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുക അല്ലാതെ ജീവന്‍ പണയപ്പെടുത്തുകയല്ല വേണ്ടത്. 

മാത്രമല്ല, നമ്മള്‍ ഒരു വണ്ടിക്ക് പിന്നാലെ പായുമ്പോള്‍ ചുറ്റും നടക്കുന്നത് നമ്മളറിയാതെ പോകും. ശ്രദ്ധ മുഴുവന്‍ നീങ്ങുന്ന വണ്ടിയിലായിരിക്കും. ഇതും അപകടം ക്ഷണിച്ചുവരുത്തും. മറ്റ് വാഹനങ്ങള്‍ വന്നിടിക്കാം, അല്ലെങ്കില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമാണെങ്കില്‍ പോസ്റ്റുകള്‍ പോലെയുള്ളയിടങ്ങളില്‍ ഇടിച്ചുതെറിക്കാം. അങ്ങനെയെല്ലാം അപകടസാധ്യതകളുണ്ട്.

'ഷോ' വേണ്ട...

വാഹനമോടിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ 'ഷോ' കാണിക്കരുത്. വണ്ടി കൊണ്ട് കസര്‍ത്ത് കാണിക്കുമ്പോള്‍ ഒരുപക്ഷേ നമ്മുടെ ജീവനായിരിക്കില്ല ഭീഷണി ഉയരുന്നത്. അതുവഴി നടന്നുപോകുന്ന ഒരാള്‍ക്കെതിരെയായിരിക്കാം അത് തിരിയുന്നത്. ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടെങ്കില്‍ പോലും അമിതവേഗതയില്‍ പോകുന്ന ഒരു വണ്ടി അപകടത്തില്‍ പെട്ടാല്‍ നമുക്കറിയാം, അത് എത്രമാത്രം തീവ്രമായിരിക്കുമെന്ന്. അതായത് നമ്മുടെ രക്ഷാകവചങ്ങള്‍ക്കെല്ലാം കൃത്യമായ പരിമിതിയുണ്ടെന്ന് സാരം.

അതുപോലെ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ നിന്ന് ചാടിയിറങ്ങുക. ട്രെയിനാണെങ്കില്‍ വാതിലിനടുത്ത് വന്ന് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നത്.- ഇതെല്ലാം അപകടങ്ങളെ വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ഓര്‍ക്കുക. 

അടിമുടി ശ്രദ്ധയാവാം...

ആദ്യം വിശദീകരിച്ച സംഭവത്തിലേത് പോലെ വസ്ത്രമാണ് യാത്രകളിലെ മറ്റൊരു വില്ലന്‍. സ്‌കൂട്ടറില്‍ ഇരിക്കുമ്പോള്‍, ഓട്ടോയിലിരിക്കുമ്പോള്‍, ബസില്‍, ട്രെയിനില്‍ -അങ്ങനെ എല്ലായിടത്തും വസ്ത്രത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. പ്രത്യേകിച്ച് സ്ത്രീകളാണ് ഇക്കാര്യത്തില്‍ ജാഗ്രത കരുതേണ്ടത്. സാരിയോ ചുരിദാള്‍ ദുപ്പട്ടയോ, സ്‌കര്‍ട്ടിന്റെ അറ്റമോ ഒക്കെയാകാം ചക്രത്തിലോ വാതിലിലോ കൊളുത്തിലോ കുരുങ്ങുന്നത്. ഇങ്ങനെയും എത്രയെ അപകടങ്ങള്‍ നമ്മള്‍ കേട്ടിരിക്കുന്നു. അതിനാല്‍ വാഹനമോടിക്കുമ്പോഴോ, യാത്ര ചെയ്യുമ്പോഴോ ആദ്യമേ തന്നെ വസ്ത്രം സുരക്ഷിതമായി കിടക്കുകയാണ് എന്ന് നിര്‍ബന്ധമായും ഉറപ്പിക്കുക. വസ്ത്രം പോലെ തന്നെ, ബാഗ്, ബാഗിന്റെ വള്ളി, ഐഡി കാര്‍ഡിന്റെ വള്ളി, മറ്റ് ആഭരണങ്ങള്‍, ചെരിപ്പ്- അങ്ങനെ അടിമുടിയും ഒരു ശ്രദ്ധയാകാം. 

ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് യാത്ര ചെയ്യുന്നത് സാധ്യമല്ലെന്ന് ഒരിക്കലും കരുതരുത്. ഇവയെല്ലാം ശീലത്തിന്റെ ഭാഗമാക്കുകയേ വേണ്ടൂ. പിന്നീട് അക്കാര്യത്തില്‍ ഒരു പ്രത്യേക ബാധ്യത തോന്നുകയേ ഇല്ല. നമ്മുടെ ജീവനും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനും യാത്രകളില്‍ എപ്പോഴും സുരക്ഷിതമാകട്ടെ. അശ്രദ്ധയോടെ ഇപ്പോള്‍ തന്നെ 'ടാറ്റാ...' പറയാം...
 

click me!