
ഡൊഡോമ: കൂട്ടുകാരിയോട് പ്രണയം തുറന്നുപറയാനായി സാഹസിക വഴി തേടിയ യുവാവിന് പ്രിയപ്പെട്ടവളുടെ കൺമുന്നിൽ വച്ച് ദാരുണാന്ത്യം. ടാൻസാനിയയിലെ പെന്പാ ദ്വീപിലെ മന്ത റിസോർട്ടിൽ വച്ചാണ് സ്റ്റീവൻ വെബർ എന്ന യുവാവ് മുങ്ങി മരിച്ചത്.
കൂട്ടുകാരി കെനീഷ്യാ ആൻറോണ്യോയോടൊപ്പം അണ്ടർ വാട്ടർ റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാനാണു ബെബർ ടാൻസാനിയയിൽ എത്തിയത്. സമുദ്രത്തോട് അതിരിടുന്ന തടികൊണ്ട് നിർമിച്ച മുറിയിലായിരുന്നു ഇവരുടെ താമസം. വ്യാഴാഴ്ച മുറിക്ക് പുറത്ത് വെള്ളത്തിലേക്ക് നീന്തിയിറങ്ങിയ വെബർ പേപ്പറിൽ എഴുതിയ കുറിപ്പിലൂടെ തൻറെ പ്രണയം കെനീഷ്യയെ അറിയിച്ചു.
റിസോർട്ടിലെ മുറിയിലിരുന്ന കൂട്ടുകാരിക്ക് ചില്ലുഗ്ലാസിലൂടെ ഇത് കാണാൻ കഴിയുമായിരുന്നു. തനിക്ക് അധികനേരം ശ്വാസം പിടിക്കാൻ കഴിയില്ല എന്ന് ഈ കുറിപ്പിൽ വെബർ എഴുതിയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് വെബർ ജലനിരപ്പിലേക്കു പൊന്തിവന്നില്ല.
വെബറിൻറെ വെള്ളത്തിലെ പ്രണയാഭ്യർഥന കെനീഷ്യാ തന്റെ മൊബൈൽ ഫോണിൽ പകർത്തി. കഴിഞ്ഞ ദിവസം കെനീഷ്യാ ഈ ഫോട്ടോയും വീഡിയോയും തൻറെ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെബറിൻറെ മരണം സ്ഥിരീകരിച്ച് മന്ത റിസോർട്ട് വാർത്താക്കുറിപ്പിറക്കിയത്.
വെള്ളത്തിനടിയൽ വെബറിന് അപകടം പറ്റിയെന്നും തങ്ങൾ എത്തുമ്പോഴേക്കും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നെന്നും റിസോർട്ട് അധികൃതർ ശനിയാഴ്ച പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഓക്സിജൻ സിലണ്ടറും ലൈഫ് ജാക്കറ്റുമൊന്നുമില്ലാതെയായിരുന്നു വെബർ പ്രണയാഭ്യർത്ഥന നടത്താൻ വെള്ളത്തിലിറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam