
കുട്ടികളില്‍ ചെറുപ്പം മുതല്‍ കാണുന്ന ഉള്‍വലിവ് പിന്നീട് എത്ര പാകത വന്നാലും പോകാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഏത് കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങാനും ആവശ്യമായ സാഹചര്യത്തില്‍ ശബ്ദമുയര്‍ത്തി സംസാരിക്കാനുമെല്ലാം മടി കാണിക്കുന്ന കുഞ്ഞുങ്ങളെ ആദ്യം മുതലേ ഒരു കരുതലോടെ വളര്‍ത്തുന്നതാണ് നല്ലത്.
കാര്യങ്ങള്‍ തുറന്നുപറയാം....
ആദ്യപടിയായി കുഞ്ഞിനോട് പരമാവധി കാര്യങ്ങള്‍ ലളിതമായി പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുക. ഓരോ കുട്ടിയുടേയും പ്രായത്തിന് അനുസരിച്ച് ഇത് ചെയ്യാവുന്നതാണ്. വിഷയങ്ങളിലുള്ള അവ്യക്തതയാണ് പലപ്പോഴും കുട്ടികളെ പിന്നിലേക്ക് പിടിച്ചുവലിക്കുന്നത്. കുട്ടിയുടെ വൈകാരികമായ അവസ്ഥകളെ കഴിവതും തിരിച്ചറിയുകയും പരിഗണിക്കുകയും വേണം. ലജ്ജയോ ഉള്‍വലിവോ ഉണ്ടാകുന്നത് ഗുണപരമല്ല എന്നത് അവര്‍ക്ക് സ്വയം തിരിച്ചറിയാനുള്ള സാഹചര്യവും ഉണ്ടാകട്ടെ.
അനുകരണം ശ്രദ്ധിക്കുക...
മിക്കവാറും കുട്ടികള്‍ മാതാപിതാക്കളെയോ വീട്ടിലെ മറ്റുള്ളവരെയോ അനുകരിച്ചായിരിക്കും വളരുക. അതുകൊണ്ടുതന്നെ അല്‍പം കരുതിക്കൊണ്ട് അവര്‍ക്ക് മുന്നില്‍ പെരുമാറാന്‍ ശ്രമിക്കുക. മടി, നാണം ഇതെല്ലാം മുതിര്‍ന്നവരിലൂടെ കണ്ട്, അതിനെ കുട്ടികള്‍ അന്ധമായി അനുകരിക്കും. കുഞ്ഞിന്റെ സ്വഭാവത്തിനും വ്യക്തിത്വത്തിനും പുറമേയുള്ള, അമിതമായ മൗനമോ മാറിയിരിക്കലോ ഒരിക്കലും നല്ലതല്ല.
പുറത്തേക്കിറക്കുക...
കുട്ടികളെ വീട്ടിനകത്ത് മാത്രമായി വളര്‍ത്തരുത്. അവര്‍ക്ക് സ്വതന്ത്രമായ ഒരു ലോകമൊരുക്കാന്‍ എപ്പോഴും കരുതുക. പുറത്തിറങ്ങി കളിക്കാനും സുഹൃത്തുക്കളുമായി കൂട്ടുകൂടാനും അവരെ പരിശീലിപ്പിക്കുക. വീട്ടിനകത്ത് തന്നെ ചടഞ്ഞിരിക്കുന്ന ശീലമുള്ള കുഞ്ഞുങ്ങളോട് മാതാപിതാക്കള്‍ക്ക് തന്നെ സുഹൃത്തുക്കളാകാവുന്നതേയുള്ളൂ. പതിയെ അവരെ വീട്ടില്‍ നിന്ന് പുറത്തിറക്കി ശീലിപ്പിക്കുക.
അനുമോദനങ്ങള്‍ നല്‍കാം...
ഉള്‍വലിവുള്ള കുഞ്ഞുങ്ങള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും അവരെ അനുമോദിക്കാന്‍ ശ്രമിക്കുക. ഇത്തരം അഭിനന്ദനങ്ങള്‍ അവരെ കൂടുതല്‍ കാര്യങ്ങള്‍ സ്വയം ചെയ്യുന്നതിനായി പ്രചോദിപ്പിക്കും.
ഭീഷണിപ്പെടുത്താതിരിക്കുക...
ഒരിക്കലും അവര്‍ക്ക് ആശങ്കയോ പേടിയോ വരുന്ന തരത്തിലുള്ള സാഹചര്യങ്ങളുണ്ടാക്കരുത്. എന്ത് പ്രശ്‌നമുണ്ടായാലും ഭീഷണിപ്പെടുത്തിയാല്‍ കുഞ്ഞുങ്ങള്‍ ഇനിയത് ആര്‍ത്തിക്കില്ല, എന്ന് കരുതരുത്. ഭീഷണിപ്പെടുത്തുന്നതിലൂടെ ഒരുപക്ഷേ ഒരേ പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാം, അതേസമയം അത് കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. കുഞ്ഞുങ്ങള്‍ക്ക് അടിസ്ഥാനപരമായി സുരക്ഷിതത്വ ബോധമാണ് വേണ്ടത്. എപ്പോഴും തങ്ങള്‍ സുരക്ഷിതരും സ്വതന്ത്രരുമാണ് എന്ന തോന്നല്‍ കുട്ടികളിലുണ്ടാക്കുന്നതിലൂടെ തന്നെ അവരുടെ വ്യക്തിത്വം ഏറ്റവും മികച്ചതാക്കാം.