രണ്ട് വയസ്സുകാരിയുടെ കാഴ്ചക്കുറവ് അമ്മ കണ്ടെത്തിയതിങ്ങനെ...

By Web TeamFirst Published Oct 13, 2018, 5:42 PM IST
Highlights

ഡേ കെയര്‍ സെന്‍ററിലെ ജീവനക്കാരിയാണ് ആദ്യം ആലീസിന്‍റെ കാഴ്ചക്കുറവിനെ കുറിച്ച് എമിലിയോട് സൂചിപ്പിക്കുന്നത്. തുടര്‍ന്ന് വീട്ടില്‍ വച്ച് തന്നെ എന്തെങ്കിലും പരീക്ഷണം നടത്തി, മകളുടെ കാഴ്ച പരിശോധിക്കണമെന്ന് എമിലി തീരുമാനിച്ചു

രണ്ട് വയസ്സുള്ളപ്പോഴാണ് ആലീസ് ടെയ്‍ലര്‍ എന്ന പെണ്‍കുഞ്ഞിന്‍റെ ഗുരുതര രോഗത്തെ കുറിച്ച് കുടുംബമറിയുന്നത്. വളരെ വൈകിയാണ് ആലീസിന്‍റെ കാഴ്ചക്കുറവ് അമ്മ എമിലി കണ്ടെത്തിയത്. എന്നാല്‍ അപ്പോഴേക്കും അവള്‍ രോഗത്തിന്‍റെ പിടിയിലമര്‍ന്നിരുന്നു. 

ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലാണ് എമിലിയും കുടുംബവും ജീവിക്കുന്നത്. രണ്ട് വയസ്സുവരെ ആലീസിന്‍റെ കാഴ്ചക്കുറവിനെ കുറിച്ച് അമ്മയ്ക്കോ മറ്റ് വീട്ടുകാര്‍ക്കോ അറിയില്ലായിരുന്നു. ഡേ കെയര്‍ സെന്‍ററിലെ ജീവനക്കാരിയാണ് ആദ്യം ആലീസിന്‍റെ കാഴ്ചക്കുറവിനെ കുറിച്ച് എമിലിയോട് സൂചിപ്പിക്കുന്നത്. തുടര്‍ന്ന് വീട്ടില്‍ വച്ച് തന്നെ എന്തെങ്കിലും പരീക്ഷണം നടത്തി, മകളുടെ കാഴ്ച പരിശോധിക്കണമെന്ന് എമിലി തീരുമാനിച്ചു. 

തുടര്‍ന്ന് വീട്ടിലെത്തിയ എമിലി മകളുമൊത്ത് കണ്ണുപൊത്തിക്കളി നടത്തി. ഓരോ കണ്ണും മാറിമാറി കെട്ടിവച്ച് കളിക്കുന്നതിനിടെ എമിലി മനസ്സിലാക്കി, ആലീസിന്‍റെ ഇടതുകണ്ണിന്‍റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. വൈകാതെ തന്നെ ആലീസിനെയും കൂട്ടി ഇവര്‍ ആശുപത്രിയിലെത്തി. 

കണ്ണിനെ ബാധിക്കുന്ന റെറ്റിനോബ്ലാസ്റ്റോമ എന്ന ക്യാന്‍സറാണ് ആലീസിന് പിടിപെട്ടിരിക്കുന്നതെന്ന സത്യം ഡോക്ടര്‍മാര്‍ എമിലിയെയും മറ്റ് കുടുംബാംഗങ്ങളെയും അറിയിച്ചു. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ഉടന്‍ നടത്തിയെങ്കിലും സമയം ഏറെ വൈകിയതിനാല്‍ കണ്ണ് മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആലീസ് സുഖം പ്രാപിച്ച് വരികയാണ്. 

കുട്ടികളിലെ കാഴ്ചക്കുറവ് കണ്ടെത്താന്‍ വൈകുന്നതാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാക്കുന്നത്. കളിക്കുന്നതിനിടയിലോ സംസാരത്തിനിടയിലെ നോട്ടങ്ങള്‍ കൊണ്ടോ ഒക്കെ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. സംശയം തോന്നുന്നുണ്ടെങ്കില്‍ വൈകാതെ ഡോക്ടറെ കാണിക്കുക. വിശദമായ പരിശോധനയിലൂടെ ഗുരുതരമായ രോഗങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്താവുന്നതേയുള്ളൂ.

click me!