പ്ലേറ്റ്‍ലെറ്റ് എടുത്ത ശേഷം രക്തം ദാതാവിലേക്ക് തിരിച്ചുകയറ്റാം; മെഡിക്കല്‍ കോളേജില്‍ പുതിയ സംവിധാനം

Published : Jul 28, 2017, 05:35 PM ISTUpdated : Oct 04, 2018, 05:12 PM IST
പ്ലേറ്റ്‍ലെറ്റ് എടുത്ത ശേഷം രക്തം ദാതാവിലേക്ക് തിരിച്ചുകയറ്റാം; മെഡിക്കല്‍ കോളേജില്‍ പുതിയ സംവിധാനം

Synopsis

ഇനിമുതല്‍ പ്ലേറ്റ്ലെറ്റ് എടുത്തിട്ട് രക്തം ദാതാവിന്റെ ശരീരത്തിലേക്ക് തിരിച്ചുകയറ്റാം. ആവശ്യമുള്ള രക്തഘടകം മാത്രം വേര്‍തിച്ചെടുക്കാന്‍ കഴിയുന്ന അഫറിസിസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ സജ്ജമാക്കി.

രക്തം നല്‍കുന്നയാളില്‍ (രക്ത ദാതാവ്) നിന്നും നേരിട്ട് ആവശ്യമുള്ള രക്തഘടകം മാത്രം വേര്‍തിച്ചെടുക്കാന്‍ കഴിയുന്ന അത്യാധുനിക മെഷീനായ അഫറിസിസ് (Apheresis) മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ പ്രവര്‍ത്തനസജ്ജമായി. പതിനേഴര ലക്ഷം രൂപ വിലപിടിപ്പുള്ളതാണ് അഫറിസിസ് മെഷീന്‍. തിരുവനന്തപുരത്ത് സര്‍ക്കാര്‍ മേഖലയില്‍ ശ്രീ ചിത്രയിലും ആര്‍.സി.സി.യിലുമുള്ള ഈ സൗകര്യമാണ് മെഡിക്കല്‍ കോളേജിലും സജ്ജമാക്കിയത്.

ദാതാവില്‍ നിന്നെടുക്കുന്ന രക്തത്തെ റെഡ് സെല്‍സ്, പ്ലേറ്റ്‌ലെറ്റ്, പ്ലാസ്മ എന്നിങ്ങനെ മൂന്ന് രക്ത ഘടകങ്ങളാക്കിയാണ് സാധാരണ ഗതിയില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ അഫറിസിസ് വഴി ഇതില്‍ ആവശ്യമുള്ള രക്തഘടകം മാത്രം തത്സമയം വേര്‍തിരിച്ചെടുത്ത് ശേഖരിക്കാവുന്നതാണ്. ആവശ്യമായ രക്തഘടകം എടുത്ത ശേഷം ബാക്കിയുള്ള രക്തഘടകങ്ങള്‍ ദാതാവിന്റെ ശരീരത്തില്‍ അപ്പോള്‍ തന്നെ തിരികെ കയറ്റുന്നു.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വളരെയേറെ സഹായിക്കുന്നതാണ് അഫറിസിസ് വഴിയുള്ള രക്തശേഖരണം. അതായത് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവുള്ള രോഗിക്ക് രക്തം നല്‍കാനായി ഒരു ബന്ധുവോ സുഹൃത്തോ എത്തിയാല്‍ അദ്ദേഹത്തില്‍ നിന്നും കാത്തിരിപ്പില്ലാതെ എത്രയും വേഗം പ്ലേറ്റ്‌ലെറ്റ് മാത്രം വേര്‍തിരിച്ച് ശേഖരിച്ച് നല്‍കാനാകും.

സാധാരണ ഗതിയില്‍ രക്തം ശേഖരിച്ചതിന് ശേഷമാണ് രക്തത്തില്‍ കൂടി പകരുന്ന രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്ന സീറോളജി ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ അഫറിസിസ് വഴി രക്തം ശേഖരിക്കുമ്പോള്‍, അതിന് മുമ്പുതന്നെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് ഉറപ്പു വരുത്തുന്നു. ദാതാവിന് മറ്റൊരു പ്രശ്‌നവുമില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ മെഷീന്‍ വഴി രക്തഘടകം വേര്‍തിരിച്ചെടുക്കുവാന്‍ കഴിയും.

ഒരാളില്‍ നിന്നും തന്നെ 250 മുതല്‍ 300 എം.എല്‍. വരെയുള്ള പ്ലേറ്റ്‌ലെറ്റ് മാറ്റിയെടുക്കാന്‍ കഴിയുമെന്നതാണ് ഈ മെഷീന്റെ മറ്റൊരു പ്രത്യേകത. സാധാരണ മാര്‍ഗത്തിലൂടെ ഒരാളില്‍ നിന്നും 350 എം.എല്‍. രക്തമെടുക്കുമ്പോള്‍ അതില്‍ നിന്നും 50 എം.എല്‍ പ്ലേറ്റ്‌ലെറ്റാണ് ലഭിക്കുന്നത്. അങ്ങനെ ആറുപേരെ രക്തം നല്‍കാനായി കൊണ്ടുവരേണ്ട സ്ഥാനത്ത് കേവലം ഒരാളില്‍ നിന്നുമാത്രം പ്ലേറ്റ്‌ലെറ്റ് ശേഖരിക്കാനാകും. അഫറിസിസ് വഴി രക്തഘടകമെടുത്താലും ദാതാവിന് ഒരു ആരോഗ്യ പ്രശ്‌നവുമുണ്ടാകില്ലെന്ന് മാത്രമല്ല 24 മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ രക്തഘടകങ്ങള്‍ സാധാരണ നിലയിലാകുകയും ചെയ്യും.

ഇങ്ങനെ രക്തം ശേഖരിക്കുന്നതിന് അഫറിസിസ് കിറ്റ് ആവശ്യമാണ്. 10,000 രൂപ വിലയുള്ള ഈ കിറ്റ് കെ.എം.എസ്.സി.എല്‍. വഴി 6,300 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ആര്‍.എസ്.ബി.വൈ. ചികിത്സാകാര്‍ഡുമായി ബന്ധിപ്പിച്ച് ബി.പി.എല്‍. രോഗികള്‍ക്ക് ഈ സൗകര്യം സൗജന്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ