രക്താര്‍ബുദ ചികില്‍സയ്‌ക്ക് എത്തിയ കുട്ടിക്ക് എച്ച്ഐവി ബാധിച്ചത് അന്വേഷിക്കുന്നു

By Web DeskFirst Published Sep 14, 2017, 10:44 PM IST
Highlights

തിരുവനന്തപുരം: ആര്‍ സി സിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച് ഐ വി ബാധിച്ചതായ പരാതി വിദഗ്ദസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ സി സി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നടത്തിയ ടെസ്റ്റുകളില്‍ വ്യത്യസ്തമായ റിസല്‍ട്ട് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ വിദഗ്ദപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. പരിശോധനയുടെ ഭാഗമായി എച്ച് ഐ വി സ്ഥിതീകരിച്ച സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിദഗ്ദ അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡി.എം.ഇ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തില്‍ വിദഗ്ദസംഘത്തെ ചുമതലപ്പെടുത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആര്‍ സി സി എന്നീ സ്ഥാപനങ്ങളില്‍ നിന്ന് അല്ലാത്ത വിദഗ്ദരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എ ആര്‍ ടി വിഭാഗത്തിലുള്ളവര്‍, പാത്തോളജി, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്ദര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുക. അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

 

click me!