
മഹാപ്രളയത്തില്‍ നിന്ന് അതിജീവനത്തിന്‍റെ കുതിപ്പിലാണ് കേരളം. നാടൊട്ടുക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങള്‍ എത്തിക്കുന്ന തിരക്കിലാണ്. അതിനിടയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നിതിന്‍ എന്ന ചെറുപ്പക്കാരന്‍. സാനിട്ടറി നാപ്കിനുകള്‍ ഇപയോഗ ശേഷം എന്തുചെയ്യണമെന്ന നിര്‍ദ്ദേശമാണ് നിതിന്‍റെ ഭാഗത്ത് നിന്നുണ്ടായത്.
നിതിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
പ്രളയത്തിൽ മുങ്ങിത്താണ നാടിനെ കൈപിടിച്ചുയർത്തിയും നിലനിൽപ് നഷ്ടമായ ഓരോ ജീവനെയും നെഞ്ചിലേറ്റിയും അതിജീവനത്തിന്റെ തീരത്തേക്ക് തുഴഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന് ഹൃദയത്തിൽനിന്നൊരു സല്യൂട്ട്. നമുക്ക് ചെയ്യാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കിയാണ്. അത്തരത്തിലൊരു പ്രധാന കാര്യമാണ് പറയാനുള്ളത്.
സാനിട്ടറി നാപ്കിനുകൾ ലഭ്യമാക്കുന്നതു പോലെ തന്നെ പ്രധാനമാണ് അവയുടെ ഡിസ്പോസലും. ഉപയോഗിച്ച സാനിട്ടറി നാപ്കിനുകൾ ഡിസ്‌പോസ് ചെയ്യൽ വളരെ പ്രയാസകരമായ കാര്യം തന്നെയാണ്. ക്യാമ്പുകളിലും മറ്റും മറവു ചെയ്യാൻ സൗകര്യം ഇല്ലാതെ വരുന്ന സാഹചര്യങ്ങളിൽ നാപ്കിനുകൾ ടോയ്ലറ്റിലെ ക്ലോസെറ്റിൽ തള്ളുകയല്ലാതെ വേറെ മാർഗമില്ല. ഒന്നോ രണ്ടോ പേരല്ല ഇത്തരത്തിൽ ക്യാമ്പുകളിൽ കഴിയുന്നത്. അവരെല്ലാം ഇങ്ങനെ പാഡുകൾ ഡിസ്‌പോസ് ചെയ്താൽ ക്ലോസെറ്റുകൾ ബ്ലോക്കാകും. ഈ അവസരത്തിൽ പരിഹരിക്കാൻ പ്രയാസമുള്ള വലിയ പ്രശ്നമായി അത് മാറും. വേറെ ഒരു വഴിയും അവർക്കു മുന്നിലില്ല. വലിച്ചെറിഞ്ഞു കളയാനും സാധിക്കില്ല. ഈ പ്രശ്നത്തിന് താൽകാലികമായെങ്കിലും പരിഹാരം കാണാൻ നമുക്ക് സാധിക്കും. അതിനാൽ, ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക, മറ്റ് അവശ്യസാധനങ്ങൾക്കൊപ്പം കിട്ടാവുന്നത്ര പഴയ ന്യൂസ്പേപ്പറുകൾ കൂടി കരുതുക. ഉപയോഗിച്ച പാഡുകൾ പേപ്പറിൽ പൊതിഞ്ഞ് മാറ്റാനും മറവു ചെയ്യാനുമാണ് ഇവ. വിവിധ ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾക്ക് ഉപയോഗിച്ച സാനിട്ടറി പാഡുകൾ ഡിസ്‌പോസ് ചെയ്യുന്ന തലവേദന തൽകാലത്തേക്കെങ്കിലും ഇല്ലാതാക്കാൻ ഇത് ഉപകരിക്കും. എറണാകുളത്തെ ക്യാമ്പുകളിൽ ഈ പ്രശ്നം വളരെ രൂക്ഷമാണെന്ന് അവിടെയുള്ള സുഹൃത്തുക്കൾ അറിയിച്ചു. അതിനാൽ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നവർ ദയവായി ശ്രദ്ധിക്കുക, പറ്റുന്നത്ര ന്യൂസ്പേപ്പറുകൾകൂടി എത്തിക്കാൻ ശ്രമിക്കുക. ക്യാമ്പുകളിലേക്ക് പുറപ്പെടുന്ന വാഹനങ്ങളിൽ പഴയ ന്യൂസ്പേപ്പർ കെട്ടുകൾ കൂടി ചേർക്കുമല്ലോ.
ചെറിയ കാര്യങ്ങൾ പോലും വലിയ മാറ്റം ഉണ്ടാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam