
അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നിരവധി പേരാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. വെള്ളപ്പൊക്കം ഏറെ ബാധിച്ച സ്ഥലങ്ങളില്‍ ചിലതാണ് ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട തുടങ്ങിയ മേഖലകള്‍. കേരളത്തില്‍ ഏറ്റവുമധികം പ്രവാസികളുള്ള ഇടങ്ങളാണ് ഇവയെല്ലാം. പ്രായമായ അച്ഛനമ്മമാര്‍ക്ക് വേണ്ടി ഇവര്‍ പണിത വീടുകളുടെ കൂറ്റന്‍ മേല്‍ക്കൂരകളാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന തടസ്സമാകുന്നത്.
കോണ്‍ക്രീറ്റിന് കേടുപാടുണ്ടാകാതിരിക്കാനും തുണി ഉണക്കാനും വിറക് സൂക്ഷിക്കാനുമെല്ലാമായി സൗകര്യപൂര്‍വ്വമാണ് വീടുകള്‍ക്ക് മുകളില്‍ റൂഫ് ടോപ്പ് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നിലവില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച മേഖലകളിലുള്ള മിക്ക വീടുകളിലും ഇത്തരത്തിലുള്ള റൂഫ് ടോപ്പുകളാണ് ഉള്ളത്. വെള്ളം കയറിയതോടെ വീടുകളിലുള്ളവര്‍ നേരെ ടെറസിന് മുകളില്‍ അഭയം തേടുകയായിരുന്നു. എന്നാല്‍ വീണ്ടും വെള്ളം കയറിയതോടെ പോകാന്‍ മറ്റ് വഴികളില്ലാതെ അവര്‍ അവിടെത്തന്നെ കുടുങ്ങി. ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ബോട്ടുകള്‍ക്കെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ എയര്‍ ലിഫ്റ്റ് മാത്രമായിരുന്നു ഏക പ്രതീക്ഷ.
ഇതിനായി പലയിടത്തും സൈന്യം ഹെലികോപ്ടറുകളുമായി എത്തി. എന്നാല്‍ കൂറ്റന്‍ റൂഫ് ടോപ്പുകള്‍ക്ക് താഴെയായിരുന്നു പലരും അഭയം കണ്ടെത്തിയിരുന്നത്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. പലരെയും രക്ഷപ്പെടുത്താനായില്ല. ഇവരില്‍ ഏറെയും പ്രായമായവരായിരുന്നു. അതേസമയം റൂഫ് ടോപ്പുകളില്ലാത്ത വീടുകളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ സൈനികര്‍ക്കായി. രക്ഷപ്പെടുത്താന്‍ മാത്രമല്ല കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അത്യാവശ്യം വെള്ളം, ഭക്ഷണം, മരുന്ന് എന്നിവയെല്ലാം എത്തിക്കാനും ഈ റൂഫ് ടോപ്പുകള്‍ വലിയ തടസ്സമാണ് സൃഷ്ടിച്ചത്.