ഡബ്സ്മാഷ് ഹിറ്റുകളില്‍ നിന്ന് സുന്ദരിപ്പട്ടം വരെ; നൂറിൻ ഷെരീഫ്- മിസ് കേരള 2017

By Web DeskFirst Published Jan 5, 2018, 3:37 PM IST
Highlights

റാമ്പിൽ ചുവടുവെയ്​ക്കാനുള്ള ആഗ്രഹത്തിന്​ കുടുംബം കൂട്ടായപ്പോൾ നൂറിനൊപ്പം പോന്നത്​ നൂറിരട്ടി തിളക്കമുള്ള മലയാളി സുന്ദരിപ്പട്ടം. മിസ്​ ​കേരള 2017 പട്ടം ചൂടു​മ്പോള്‍ കൊല്ലം കാരിയായ നൂറിൻ ഷെരീഫിന്​ പറയാനുള്ളത്​ വേറിട്ടുനടന്ന വഴികളും അതിന്​ കൂട്ടായി നിന്ന കുടുംബവുമാണ്​. സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റുകൾ അനവധി തീർത്ത ഡബ്ബ്​മാഷ്​ താരം കൂടിയാണ്​ നൂറിൻ. 

അരോറ ഫിലിം കമ്പനി നടത്തിയ ബ്യൂട്ടി അന്‍റ് ഫിറ്റ്നസ് കോണ്ടസ്റ്റിൽ നൂറിൻ 2017ലെ മിസ് കേരളയായി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഡബ്സ്മാഷുകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒരുപക്ഷേ നൂറിന്‍ ഷെരീഫിനെ അറിയാന്‍ സാധിക്കും. നൂറിൻ ഷെരീഫിന്‍റെ ഡബ്സ്മാഷുകള്‍ അത്രമേല്‍ ഹിറ്റാണ്.

നര്‍ത്തകിയും നടിയും കൂടിയാണ് കൊല്ലം കുണ്ടറക്കാരിയായ നൂറിന്‍. 'ചങ്ക്സ്'  എന്ന ചിത്രത്തിലും നൂറിന്‍ അഭിനയിച്ചിട്ടുണ്ട്. മോ‍ഡലിംങും അഭിനയവുമാണ് ഈ 19കാരിയുടെ ഇഷ്ടങ്ങള്‍.

ചുരുണ്ടമുടികൊണ്ടും നിശ്കളങ്കമായ ചിരിയും കൊണ്ടും മാത്രമല്ല നൂറിനെ തേടി സുന്ദരിപ്പട്ടം കിട്ടിയത്. ബുദ്ധിക്കും സൗന്ദര്യത്തിനും എന്നത് പോലെതന്നെ ആരോഗ്യ ക്ഷമതയും മത്സരത്തിന്‍റെ മാനദണ്ഡമായിരുന്നു. ഇവ അളക്കാനായി പ്രത്യേക റൗണ്ട് മത്സരങ്ങളുമുണ്ടായിരുന്നു. എന്നാൽ സംസ്ഥാന തല ഹൈ ജംബ് പെർഫോമറായ നൂറിന് ഇതൊക്കെ എളുപ്പമായിരുന്നു.

സംസ്ഥാന കായികോത്സവത്തിൽ മാത്രമല്ല, കലോത്സവത്തിലും മികവ് തെളിയിച്ചിട്ടുണ്ട് നൂറിൻ. തുടർച്ചയായി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മാർഗം കളിക്ക് സമ്മാനം നേടിയത് നൂറിനും സംഘവുമായിരുന്നു. ഇതിന് പുറമെ ഒപ്പന, കഥാപ്രസംഗം ,മിമിക്രി എന്നിവയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരച്ചിട്ടുണ്ട് ഈ മിടുക്കി. 

ചവറയിൽ ഇന്‍റഗ്രേറ്റഡ് എംബിഎ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് നൂറിന്‍. സരിനൻസ് ഡാൻസ് കമ്പനിയിലെ ഡാൻസർ കൂടിയാണ് ഇവൾ. കഴിഞ്ഞ വർഷം മിസ് കൊയ്ലോൺ ആയിരുന്നു എന്നത് മാറ്റി നിർത്തിയാൽ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് ഒരുപാട് അനുഭവങ്ങളൊന്നും നൂറിന് ഇല്ല.

നൂറിന്‍ തന്നെയാണ് അവളുടെ ഗുരു. എല്ലാം സ്വയം പഠിച്ചെടുത്തതാണ്.  "എല്ലാരുടെ ഉള്ളിലും സൗന്ദര്യമത്സരം എന്ന് പറയുമ്പോൾ ശരീര പ്രദർശനം എന്ന് മാത്രമേ വരുന്നുള്ളൂ. എന്നാൽ അതല്ല. ഞാൻ എന്‍റെ ശരീരം അധികവും കവർ ചെയ്തു കൊണ്ടാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതൊരു മാറ്റമാണ്. അവിടെ മാർക്കിടുന്നത് നമ്മുടെ ബുദ്ധിക്കല്ലെ? എത്രമാത്രം ശരീരം കാണിച്ചു എന്ന് നോക്കിയല്ലല്ലോ"-നൂറിൻ പറയുന്നു.

"മുസ്ലിം പെൺകുട്ടി ആയിരുന്നതിനാൽ തന്നെ ആദ്യമൊക്കെ ഒരുപാട് പേർ എതിർത്തിട്ടുണ്ട്. എന്നാൽ വിജയിക്കണം എന്നത് വാശിയായിരുന്നു. തോറ്റുപോയാൽ മറ്റുള്ളവർക്ക് പറയാനുള്ള കാരണങ്ങൾ കൂടും. അല്ലെങ്കിലും പർദ കൊണ്ട് മൂടി വെക്കേണ്ടത് പെണ്ണിന്‍റെ മോഹങ്ങളല്ലല്ലോ. എല്ലാവരും എതിർക്കുമ്പോഴും കൂടെ നിന്ന വീട്ടുകാരാണെന്‍റെ ശക്തി"- നൂറിൻ കൂട്ടിച്ചേർത്തു. 

click me!