സ്തനാര്‍ബുദവും ഗര്‍ഭാശയ ക്യാന്‍സറും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം...

Published : Oct 01, 2018, 01:42 PM IST
സ്തനാര്‍ബുദവും ഗര്‍ഭാശയ ക്യാന്‍സറും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം...

Synopsis

വര്‍ഷത്തില്‍ പുകവലി മൂലം 12 ശതമാനം പേര്‍ ക്യാന്‍സര്‍ ബാധിതരാകുന്നുണ്ടെങ്കില്‍ അമിതവണ്ണം മൂലം 8 ശതമാനം പേരാണ് ക്യാന്‍സര്‍ ബാധിതരാകുന്നത്. ഈ കണക്ക് ക്രമാതീതമായി കൂടിവരികയാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു  

രണ്ട് തരം ക്യാന്‍സറാണ് പ്രധാനമായും സ്ത്രീകളില്‍ പിടിപെടുന്നത്. ഒന്ന് സ്തനാര്‍ബുദം, രണ്ട് ഗര്‍ഭാശയ ക്യാന്‍സര്‍. പല കാരണങ്ങള്‍ മൂലം ക്യാന്‍സര്‍ വരാമെങ്കിലും ഈ രണ്ടുതരത്തിലുള്ള ക്യാന്‍സറുകള്‍ക്കും വഴിവയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നം  അമിതവണ്ണമാണ്. 

ക്യാന്‍സര്‍ ബാധയുടെ കാര്യത്തില്‍ പുകവലിയോടൊപ്പം ഭയപ്പെടേണ്ട ഒന്നായി അമിതവണ്ണം കണക്കാക്കണമെന്നാണ് 'ക്യാന്‍സര്‍ റിസര്‍ച്ച് യു.കെ' നടത്തിയ ഗവേഷണം വ്യക്തമാക്കുന്നത്. പുകവലി സ്ത്രീകളില്‍ കുറവായി കാണുന്ന ശീലമായതിനാല്‍ തന്നെ സ്ത്രീകള്‍ പുകവലിയെക്കാള്‍ കരുതേണ്ടത് അമിതവണ്ണത്തെയാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ ക്യാന്‍സറിലേക്ക് എത്തിക്കുന്ന ഒരു പ്രധാന പ്രശ്‌നമായി സത്രീകള്‍ അമിതവണ്ണത്തെ കാണുന്നില്ല. ഏഴിലൊരു സ്ത്രീ മാത്രമാണ് അമിതവണ്ണത്തെ ഗൗരവമായി കാണുന്നത്രേ. മറ്റുള്ളവരെല്ലാം അതിനെ ജീവിത സാഹചര്യങ്ങളുടെ ഭാഗമായി മാത്രം കാണുന്നു. 

വര്‍ഷത്തില്‍ പുകവലി മൂലം 12 ശതമാനം പേര്‍ ക്യാന്‍സര്‍ ബാധിതരാകുന്നുണ്ടെങ്കില്‍ അമിതവണ്ണം മൂലം 8 ശതമാനം പേരാണ് ക്യാന്‍സര്‍ ബാധിതരാകുന്നത്. ഈ കണക്ക് ക്രമാതീതമായി കൂടിവരികയാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 20 വര്‍ഷത്തിനകം സ്ത്രീകളിലെ ക്യാന്‍സറിന് വഴിവയ്ക്കുന്ന പ്രധാന കാരണം 'അമിതവണ്ണം' ആയി മാറുമെന്നും ഇവര്‍ പറയുന്നു. 

ജങ്ക് ഫുഡുകളുടെ അമിതോപയോഗം, വ്യായാമമില്ലായ്മ, സ്‌ട്രെസ് തുടങ്ങിയവയാണ് സ്ത്രീകളില്‍ അമിതവണ്ണത്തിനിടയാക്കുന്നത്. അമിതവണ്ണം ക്രമേണ കൊളസ്‌ട്രോളിലേക്കെത്തിക്കുന്നു. ഇതാണ് പിന്നീട് ക്യാന്‍സറിനുള്ള സാധ്യതകളൊരുക്കുന്നത്. 

സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റം വരികയുള്ളൂവെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ വിദഗ്ധര്‍ പറയുന്നത്. ജങ്ക് ഫുഡുകളുടെ പരസ്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ