കരഞ്ഞു കരഞ്ഞു തലവേദനിച്ച് ഞാനെന്റെ സുഹൃത്തിന്റെ വീട്ടിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ അവനവന്റെ പുതിയ പെണ്ണിനൊപ്പം, അവന്റെ ഭാര്യയ്ക്ക് ഒപ്പം ആദ്യരാത്രി ആഘോഷിക്കുകയാണ്.
നഗരത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞൊരു കോണിലായിരുന്നു ഞാനൊരിക്കൽ താമസിച്ചിരുന്ന ലേഡീസ് ഹോസ്റ്റൽ. നാലു നെടുനീളൻ ഡോർമിറ്ററികളിൽ അടുപ്പിച്ചിട്ട കട്ടിലുകളിൽ മനുഷ്യർക്കൊപ്പം എലിയും പാറ്റയും കൊതുകുകളും ജീവിച്ചു വന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പെൺകുട്ടികളിൽ പലരും ദൂര ദേശങ്ങളിൽ നിന്നും വന്നവരാണ്. അവർ നഴ്സിംഗ് അസിസ്റ്റന്റ് പഠിച്ചു, നഗരത്തിലെ ഏതെങ്കിലും ഒരു ആശുപത്രിയിൽ ട്രെയിനിയായി ജോലിക്ക് കയറിയിരുന്നു. ഏകദേശം ഒമ്പതുമണിയോടെ വെളുത്ത യൂണിഫോം തേച്ചു മടക്കി ആശുപത്രിയിലേയ്ക്ക് പുറപ്പെട്ടു. ആറോ ഏഴോ മണിയോടെ മടങ്ങി വന്നു.
ഞാനവിടെ പുതിയ ഒരാളായിരുന്നു. രണ്ടു ദിവസം കൂടുമ്പോൾ ബസിൽ കയറി കലൂരിൽ സ്ഥിതി ചെയ്യുന്ന നഴ്സിംഗ് സെന്ററിൽ ട്രെയിനിംഗിനായി പോയി. പാഠഭാഗങ്ങൾ പറഞ്ഞു തരാൻ ഒരു ടീച്ചർ അവിടെ ഉണ്ടായിരുന്നു. രോഗിപരിചരണമായിരുന്നു ആ പുസ്തകത്തിന്റെ ഉള്ളടക്കം.
ഉപയോഗശൂന്യമായ തയ്യൽമെഷീനുകൾ കൂട്ടിയിട്ടിരിക്കുന്ന മുറിയിൽ എന്നോ ഒരു യുവതി തൂങ്ങി മരിച്ചതാണെന്നും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ആരെങ്കിലും നമ്മളെ വിളിക്കുന്നതായി തോന്നുമെന്നും അവിടുത്തെ പെൺകുട്ടികൾ എന്നോടു പറഞ്ഞു തന്നു. ഞാനാ മുറികളിലെമ്പാടും കയറിയിറങ്ങി. ആരും വിളിക്കുന്നതായി എനിക്ക് പക്ഷേ തോന്നിയതേയില്ല..
ആ നാളിലൊരിക്കലാണ് ഉപയോഗശൂന്യമായ ഒരു മുറിയിൽ നിന്നും പഴകിയ ഒരു ബാഗിൽ ചിതലരിച്ചു തുടങ്ങിയ ഒരു ഡയറി എനിക്ക് കിട്ടുന്നത്. ഒപ്പം ഓർക്കുക വല്ലപ്പോഴും എന്ന പുസ്തകവും. അതിന്റെ സൈഡിലായി സിന്ധു പി ആർ എന്ന് വടിവൊത്ത കൈയ്യക്ഷരത്തിൽ എഴുതിയിരുന്നു.
ഡയറിയുടെ ആദ്യതാളിൽ
"ഇന്ന് മുതൽ എനിക്ക് അച്ഛൻ ഇല്ല, അമ്മയില്ല
ആങ്ങളയും അനിയത്തിയും ബന്ധുമിത്രാദികളുമില്ല. പല്ലിയും പാറ്റയും എലികളും നിറഞ്ഞ ഈ മുറിയിൽ വെച്ച് സനാഥയായ സിന്ധു എന്ന ഞാൻ അനാഥയായി ഒരു പുതിയ ജീവിതം ആരംഭിച്ചു തുടങ്ങുന്നു. ഞാനൊരിക്കലും ആത്മഹത്യ ചെയ്യുകയില്ല. എങ്കിലും ജീവിതം എന്നെ മടുപ്പിക്കാതെയിരിക്കട്ടെ."
പിന്നെ കുറെ കണക്കുകളും കുത്തിവരകളും നിറഞ്ഞ പേജുകൾ...പകുതി ചെന്നപ്പോൾ അടുത്ത പേജിൽ എഴുതിയിരിക്കുന്നു.
"ഇന്നവന്റെ ആദ്യരാത്രിയായിയിരുന്നു. കരഞ്ഞു കരഞ്ഞു തലവേദനിച്ച് ഞാനെന്റെ സുഹൃത്തിന്റെ വീട്ടിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ അവനവന്റെ പുതിയ പെണ്ണിനൊപ്പം, അവന്റെ ഭാര്യയ്ക്ക് ഒപ്പം ആദ്യരാത്രി ആഘോഷിക്കുകയാണ്. അവനെന്റെ ചുണ്ടുകളിൽ ചുംബിച്ചിട്ടുണ്ട്, എന്നെ കെട്ടിപ്പിടിച്ചിട്ടുണ്ട്. എന്റെ ചുണ്ടുകളും ഉടലുകളും ആ സ്പർശത്തിന്റെ ഓർമ്മയിൽ പൊള്ളുന്നു. എന്നിട്ടും അവനെങ്ങനെയാണ് ഇത്ര വേഗത്തിൽ എന്നെ മറക്കാൻ കഴിഞ്ഞത്..."
മറ്റു പെൺകുട്ടികൾ മടങ്ങി വന്ന സമയമായതിനാൽ എനിക്ക് ആ ഡയറി ഒളിപ്പിക്കേണ്ടി വന്നു. ആരാണ് സിന്ധു പി ആർ എന്ന് ഞാൻ മറ്റുള്ളവരോട് ചോദിക്കുകയുണ്ടായി.
"അതിപ്പോൾ ഇവിടെ ഒരുപാട് സിന്ധുമാരുണ്ടായിരുന്നു. ആരാന്ന് ആർക്കറിയാം... ഒത്തിരി പെൺപിള്ളേര് ഉണ്ടായിരുന്നു. പഴയത് പോലെ ഇപ്പോൾ ANM പഠിക്കാൻവരുന്ന കുട്ടികൾ കുറവാണ്."
എനിക്ക് നിരാശ തോന്നി. രാത്രി മുഴുവനും ഞാനാ ഡയറിയിലെ വാക്കുകൾ മനസ്സിലോർത്തു കിടന്നു. കണ്ണീർ വീണു പടർന്ന കൈയക്ഷരങ്ങളാൽ എഴുതിയ കുറിപ്പ്... എത്ര വേദനയോടെ ആവണം, അവളത് എഴുതി തീർത്തത്.
രണ്ടു ദിവസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ആ ഡയറി തുറന്നു. പലയിടത്തും കോറിയിട്ട കവിതകൾ... അനാഥത്വത്തിന്റെ നോവുകൾ പേറുന്ന കവിതകൾ. ഒരിക്കൽ അവൾ കഥയോ കവിതകളോ എഴുതിയിരിക്കണം, ജീവിതം അവളെ ഇഷ്ടമല്ലാത്ത വേഷം കെട്ടിച്ചിരിക്കണം...
ഒരു യാത്രയിൽ തന്റെ പ്രണയത്തെ കണ്ടെത്തിയതായി സിന്ധു ഒരു പേജിൽ എഴുതി വെച്ചിരുന്നു. ഒരു മഴക്കാലത്ത്, വീട്ടിലേക്കുള്ള ബസ് യാത്രയിൽ തൊട്ടടുത്ത സീറ്റിൽ നിന്നും കുറുമ്പും കുസൃതിയും നിറഞ്ഞ ഒരുവനിൽ ആകൃഷ്ടയായത് ഒരു അത്ഭുതമെന്നതു പോലെ അവൾ എഴുതി.
"ഞാൻ പ്രണയിക്കപ്പെടുകയാണ്...എങ്കിലും ആദ്യപ്രണയത്തിന്റെ നോവോർമ്മകൾ ഉള്ളിൽ ഉള്ളത് കൊണ്ടാവണം...തൊണ്ണൂറ്റിയൊമ്പത് ശതമാനവും അവനെ സ്നേഹിക്കുമ്പോഴും ഒരു ശതമാനമെന്നിലുണ്ട്...അവനെന്നേ ഉപേക്ഷിച്ചു പോയാലും ജീവിക്കാൻ അതുപകരിക്കും...."
നാലു മാസങ്ങൾക്ക് ശേഷമുള്ള ഒരു തീയതിയിൽ രണ്ടാമത്തെ പ്രണയവും തകർന്നതായി അവളെഴുതി.
"അവനെന്നെ ചുംബിക്കാൻ ആഗ്രഹിക്കുന്നുവത്രെ...ഒരു ചുംബനത്തിന്റെ പൊള്ളൽപാടുകളിനിയും മാറിയിട്ടില്ല... അകലാൻ ഒരു കാരണമായി നീയതിനെ എടുത്തുവെങ്കിൽ അകന്നു പോയേക്കുക...ഞാൻ തനിച്ച് ജീവിക്കും...."
അതാ ഡയറിയിലെ അവസാനകുറിപ്പായിരുന്നു...ശേഷമുള്ള പേജുകളിലെ ശൂന്യത എന്നെയും ബാധിച്ചു.
ആ ഡയറിയും ആ കവിതാപുസ്തകവും ഞാനവിടെ തന്നെ വച്ചു. ആഴ്ചവസാനത്തോടെ ഞാൻ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങി... തിരികെ വന്നപ്പോൾ വായിച്ചു മനപാഠമായ ആ ഡയറി അവിടെ കാണാൻ കഴിഞ്ഞില്ല. അപ്പോഴെയ്ക്കും അവിടുത്തെ അന്തേവാസികളുടെ എണ്ണം രണ്ടോ മൂന്നോ ആയി ചുരുങ്ങിയിരുന്നു.
"ഇവിടെയിരുന്ന പഴേ സാധനമെല്ലാം എടുത്തു മിസ് കത്തിച്ചു. ഞങ്ങളുടെ പഠിപ്പും തീരാറായി നാട്ടിലേക്ക് പോവുകയാണ്."
ഫാർമസി കോഴ്‌സ് പഠിക്കാൻ വന്ന സജിത പറഞ്ഞു.
"നന്നായി.. ഞാനും വീട്ടിലേക്ക് പോവുകയാണ്. മൂന്നാല് വർഷമായില്ലേ...എറണാകുളം മടുത്തു തുടങ്ങി... ഇനി വേറെ എന്തെങ്കിലും ജോലി കണ്ടെത്തണം..."
ആ ഡയറിയും അതിലെ ശൂന്യമായ താളുകളും ഒരു മരവിപ്പായി എന്നെയും ബാധിച്ചു. പ്രണയത്തിൽ മുറിവേൽക്കുമ്പോഴും താൻ കരുതിവെച്ച ആ ഒരു ശതമാനം കരുത്തിൽ അവൾ ജീവിതത്തെ പിടിച്ചുനിർത്തിയിരിക്കാം.
തിരച്ചിലിനൊടുവിൽ, ആ തെങ്ങിൻ ചുവട്ടിലെ ചാരത്തിനിടയിൽ നിന്നും പകുതി കത്തിയ ഒരു താൾ എനിക്ക് ലഭിച്ചു. അതിൽ ചുവന്ന മഷിയിൽ ഇങ്ങനെ എഴുതിയിരുന്നു:
സിന്ധു പി. ആർ.
കരിമ്പൻ, ഇടുക്കി.
സിന്ധു... നമ്മളൊരിക്കലും കണ്ടുമുട്ടിയിട്ടില്ല. എങ്കിലും നിന്റെ പേരെഴുതിയ ആ പേപ്പർ തുണ്ട് ഒരുപാട് കാലം ഞാൻ കൂടെ കൊണ്ടുനടന്നിരുന്നു. ഈ പ്രണയദിനത്തിൽ നിന്നെ ഓർക്കുമ്പോൾ, ജീവിതം നിനക്ക് മേൽ അനുഗ്രഹവർഷങ്ങൾ ചൊരിഞ്ഞിരിക്കുമെന്നും, പഴയ ചുംബനത്തിന്റെ ആ പൊള്ളൽപാടുകൾ എന്നേക്കുമായി മാഞ്ഞിരിക്കുമെന്നും ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു."


