
ആറ് മാസം മുതല്‍ അഞ്ച് വയസ്സുവരെ പനി മൂലം ശരീര താപനില കൂടിയാല്‍ കുട്ടികളില്‍ അപസ്മാരം ഉണ്ടാകാം. അതുകൊണ്ട് തീരെ ചെറിയ കുട്ടികള്‍ക്ക് പനി വന്നാല്‍ നന്നായി ശ്രദ്ധിക്കണം. പനി മൂലമുള്ള അപസ്മാരത്തിന് ഫെബ്രയില്‍ സീഷര്‍ ( febrile seizure) എന്നാണ് പറയുക. ഒരു തവണ ഇങ്ങനെ സംഭവിച്ചാല്‍, പിന്നീട് ഒരു പ്രായം വരെ പനി വരുമ്പോഴെല്ലാം അപസ്മാരം വരാനുള്ള സാധ്യതയുണ്ടായിരിക്കും.
പൊതുവേ പനി തുടങ്ങി 24 മണിക്കൂറിനുള്ളില്‍ തന്നെ അപസ്മാരം കണ്ടുവരുന്നു. കുട്ടികളില്‍ ചില കുത്തിവെപ്പ് എടുക്കുമ്പോഴുണ്ടാകുന്ന പനിയുടെ തുടര്‍ച്ചയായും അപസ്മാരം അനുഭവപ്പെടാം. ആറ് മാസം മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളിലാണ് പനി മൂലമുള്ള അപസ്മാരം കണ്ടുവരുന്നത്, ഇതില്‍ പ്രത്യേകിച്ച് ഒരു വയസ്സിനും ഒന്നര വയസ്സിനുമിടയിലാണ് സാധ്യത കൂടുതല്‍.
രോഗലക്ഷണങ്ങള്‍...
ഫെബ്രയില്‍ സീഷര്‍ രണ്ട് തരത്തില്‍ ഉണ്ട്.
1. സിംപിള്‍ ഫെബ്രയില്‍ സീഷര്‍- കുറച്ച് നിമിഷങ്ങള്‍ മുതല്‍ 15 മിനുറ്റ് വരെ നീണ്ട് നില്‍ക്കുന്ന അപസ്മാരമാകാം ഇത്. 24 മണിക്കൂറില്‍ ഒരു തവണ മാത്രമേ ഇത് വരാന്‍ സാധ്യതയുള്ളൂ. ആ സമയത്ത് ശരീരം മുഴുവന്‍ അപസ്മാരം അനുഭവപ്പെടാം.
2. കോംപ്ലക്‌സ് ഫെബ്രയില്‍ സീഷര്‍- 15 മിനുറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന അപസ്മാരമായിരിക്കും ഇത്. 24 മണിക്കൂറില്‍ ഒന്നില്‍ കൂടുതല്‍ തവണ ഇത് അനുഭവപ്പെടാം. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമേ അനുഭവപ്പെടുകയുമുള്ളൂ.
കുട്ടികളിലെ പനിയെ എങ്ങനെ പരിചരിക്കാം?
പനി അധികമാണെങ്കില്‍ ദേഹം പച്ചവെള്ളത്തില്‍ മുക്കിയ തുണിയുപയോഗിച്ച് തുടയ്ക്കുക. ചൂട് കുറയാന്‍ അത് സഹായിക്കും. പാരസെറ്റമോളും കൊടുക്കുക, ഇതും ചൂട് കുറയ്ക്കാന്‍ സഹായിക്കും. എന്നിട്ടും കുറയുന്നില്ലെങ്കില്‍ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക.
അപസ്മാരമുണ്ടായാല്‍...
അപസ്മാരം ഉണ്ടായാല്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുക. ഛര്‍ദി, ശ്വാസംമുട്ടല്‍, മയക്കം, കഴുത്തിന് പിടിത്തം പോലെയൊക്കെ അനുഭവപ്പെട്ടാലും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക. ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടെങ്കില്‍ മെഫ്താല്‍, ബ്രൂഫെന്‍ എന്നീ മരുന്നുകള്‍ കൊടുക്കാവുന്നതാണ്. അതുപോലെ ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടെങ്കില്‍ പനിയെ തുടര്‍ന്ന് അപസ്മാരം വരാറുള്ള കുട്ടികള്‍ക്ക്, Clonazepam, Diazepam എന്നീ മരുന്നുകളും കൊടുക്കാം.
പരിശോധനകള്‍...
കുട്ടികളില്‍ പനി കൂടി അപസ്മാരം വരാതെ നോക്കുക. ഒരു തവണ വന്നാല്‍ 5 വയസ്സ് വരെ പനി വരുമ്പോള്‍ വീണ്ടും ഇത് വന്നേക്കാമെന്നതിനാല്‍, വരാതെ നോക്കുകയാണ് ഉത്തമം. കുട്ടികളിലെ താപനില കൂടാതെ കരുതല്‍ മാത്രമേ ഇതിന് പരിഹാരമുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam