
കാസര്‍കോട്: തനിക്ക് കിട്ടിയ സമ്മാനതുകയില്‍ നിന്നും ഒരു വിഹിതം അന്ധയായ ഗായികയ്ക്ക് കൈമാറി അത്‌ലറ്റിക് താരം പി യു ചിത്ര. സംസ്ഥാന സ്‌കൂള്‍ കലോകത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍ഗോഡ് കാറഡുക്കയിലെ വിഷ്ണുപ്രിയയ്ക്കാണ് ചിത്ര കൈത്താങ്ങയത്.
വാര്‍ത്തകളിലൂടെയാണ് കാസര്‍ഗോഡ് കാറഡുക്ക ജി.വി.എച്ച്.എസ്.എസിലെ വിഷ്ണുപ്രിയയെ കായികതാരം ചിത്ര പരിചയപ്പെടുന്നത്. തന്നെപ്പോലെ പ്രതികൂല സാഹചര്യരങ്ങളില്‍ നിന്നും സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നു വന്ന പെണ്‍കുട്ടി. ചിത്ര കായിക മേഖലയിലാണ് പ്രതിഭ തെളിയിച്ചതെങ്കില്‍ വിഷ്ണുപ്രിയയുടെ ലോകം സംഗീതമാണ്. യാതൊരു സംഗീത പാരമ്പര്യവുമില്ലാതെ ദരിദ്ര കുടുംബത്തില്‍ നിന്നും വളര്‍ന്നുവന്ന മിടുക്കി. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയതോടെയാണ് ഈ കൊച്ചു മിടുക്കിയെക്കുറിച്ച് പുറംലോകം അറിയുന്നത്. അന്ന് ചിത്ര കരുതിയതാണ് വിഷ്ണുപ്രിയ്ക്ക് ഒരു കൈ സഹായം എത്തിക്കണമെന്ന്.
നേരത്തെ തന്നെ പണം വിഷ്ണുപ്രിയയ്ക്ക് ചിത്ര അയച്ച് കൊടുത്തിരുന്നു. ഇക്കാര്യം അറിഞ്ഞ സ്‌കൂള്‍ അധികൃതരാണ് ചിത്രയ്ക്ക് സ്വീകരണം ഒരുക്കിയത്. മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് തുറന്ന വാഹനത്തലാണ് ചിത്രയെ സ്വീകരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിഷ്ണുപ്രിയ ഈ വര്‍ഷവും ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടാനുള്ള തയ്യാറെടുപ്പിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam