
സൂചിപോലെ കൂർത്ത പല്ലുകളാണ് മൃഗങ്ങളുടേതെന്നാണ് പലരും കരുതിയിരിക്കുന്നത്. ഇത് ഉപയോഗിച്ചാണ് മൃഗങ്ങൾ ഉപദ്രവിക്കുന്നതും അവ ഇരയെ പിടികൂടുന്നതെന്നും പണ്ടുമുതൽക്കേ നമ്മൾ വിശ്വസിക്കുന്നു. എന്നാൽ ഇതിൽ തെറ്റൊന്നുമില്ല. അതേസമയം എല്ലാത്തരം മൃഗങ്ങളും ഇത്തരത്തിൽ പല്ല് ഉപയോഗിച്ചല്ല ഇരയെ പിടികൂടുന്നത്. കാരണം ചിലയിനം മൃഗങ്ങൾക്ക് പല്ലുകളില്ല. ഇതില്ലാതെ അവർ ഇരയെ പിടികൂടുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. പല്ലില്ലാതെ ജീവിക്കുന്ന ജീവികളെ പരിചയപ്പെടാം.
ഉറുമ്പ് തീനികൾ
ഇവയ്ക്ക് പല്ലുകളെ ഇല്ല. പല്ലിന്റെ ആവശ്യവും വരുന്നില്ല. ഇവയുടെ നീണ്ട ശക്തമായ നാക്ക് ഉപയോഗിച്ചാണ് ഇരയെ പിടികൂടുന്നത്. നാവിലുള്ള ഒട്ടിപിടിക്കുന്ന ഉമിനീർ ഉപയോഗിച്ച് ആയിരകണക്കിന് കീടങ്ങളെ ഒറ്റയടിക്ക് ഭക്ഷിക്കാൻ ഉറുമ്പ് തീനികൾക്ക് സാധിക്കും.
ബലീൻ തിമിംഗലങ്ങൾ
പല്ലുകൾക്ക് പകരം ഈ തിമിംഗലങ്ങൾക്ക് കെരാറ്റിൻ കൊണ്ട് നിർമ്മിച്ച ബലീൻ പ്ലേറ്റുകൾ ഉണ്ട്. ഇത് തിമിംഗലത്തിന്റെ മുകളിലെ താടിയെല്ലിൽ തൂങ്ങിക്കിടക്കുന്നു. ഭക്ഷിക്കുന്ന സമയത്ത് വലിയ അളവിൽ വെള്ളം വിഴുങ്ങുകയും ബലീനിലൂടെ പുറത്തേക്ക് വിടുകയും ചെയ്യുന്നു. ഇത്തരത്തിൽ ദിവസവും 4 ടൺ ഭക്ഷണമാണ് തിമിംഗലങ്ങൾ ഉള്ളിലാക്കുന്നത്.
ഈനാംപേച്ചികൾ
ഇവയ്ക്കും പല്ലുകൾ ഇല്ല. ഉറുമ്പ് തീനികളെ പോലെ തന്നെ ഈനാംപേച്ചികൾക്കും ശരീരത്തെക്കാൾ വലിപ്പമുള്ള നാവുണ്ട്. അവ ഭക്ഷണം ചവയ്ക്കാറില്ല. പകരം വയറിൽ എത്തിയ ഭക്ഷണം അവിടെ വെച്ച് തന്നെ ഉടയുന്നു. പല്ലുകൾ ഇല്ലാതിരുന്നിട്ട് പോലും ഇവ നന്നായി ഇരയെ പിടിക്കാറുണ്ട്.
ആമ
പലതരം ആമകൾ ഉണ്ട്. എന്നാൽ ഇതിനൊന്നും പല്ലുകൾ ഇല്ല. അതേസമയം ഇതിന് ശക്തമായ കൂർത്ത ചുണ്ടുണ്ട്. ഇത് ഉപയോഗിച്ചാണ് ഭക്ഷണം പൊടിച്ച് ഇവ കഴിക്കുന്നത്. കൂടാതെ ആമകൾ ശക്തമായ താടിയെല്ലുകളുടെ പേശികളും വരമ്പുകളും ഉപയോഗിച്ച് ഇരയെ പിടികൂടുകയും ചെയ്യുന്നു.