
മൃഗങ്ങളെ സ്വന്തം കുട്ടികളെ പോലെ വളർത്തുന്നവരുണ്ട്. ഇഷ്ടമുള്ളതെന്തും വാങ്ങിക്കൊടുത്തും യാത്രകൾ കൊണ്ടുപോയും കൂടെകിടത്തിയും അവർ മൃഗങ്ങളെ സന്തോഷത്തോടെ വളർത്തുന്നു. അത്തരത്തിലൊരു മൃഗ സ്നേഹിയായ വയോധികന്റെ ഓഫറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്. മൃഗസ്‌നേഹിയായ 82 കാരൻ തന്റെ പേരിലുള്ള മുഴുവൻ സ്വത്തും ആർക്കുവേണമെങ്കിലും എഴുതി നൽകാൻ തയാറാണ്. എന്നാൽ മരണശേഷം തന്റെ വളർത്ത് പൂച്ചയെ നന്നായി പരിപാലിക്കുമെന്ന് ഉറപ്പ് നൽകണം. അങ്ങനെയുള്ള ആൾക്ക് മാത്രമേ സ്വത്ത് മുഴുവനും എഴുതി നൽകുകയുള്ളൂ.
ലോങ്ങ് എന്ന് പേരുള്ള ഈ വയോധികൻ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിൽ ഒറ്റക്കാണ് താമസം. വർഷങ്ങൾക്ക് മുമ്പ് ഭാര്യ മരിച്ചു. കുട്ടികളില്ലാത്തതുകൊണ്ട് തന്നെ ഭാര്യയുടെ മരണത്തോടെ 82 കാരൻ ഒറ്റപ്പെടുകയായിരുന്നു. ജീവിതത്തിൽ തനിച്ചായപ്പോൾ, ഒരു മഴയത്ത് കൂട്ടിനായി കൊണ്ട് വന്നതാണ് തെരുവു പൂച്ചകളെ. 4 പൂച്ചകൾ ഉണ്ടായിരുന്നതിൽ 3 പേരും ചത്തു.
ഷിയൻബാ എന്നു പേരുള്ള ഒരു പൂച്ച മാത്രമാണ് ഇന്ന് വയോധികനൊപ്പം ഉള്ളത്. അതിനാൽ തന്നെ, മരണശേഷം തന്റെ ഓമന പൂച്ചയെ നോക്കാൻ ആരുമില്ലെന്നതിൽ 82 കാരന് നന്നേ വിഷമമുണ്ട്. ഒടുവിലാണ് വളർത്ത് പൂച്ചയെ നന്നായി പരിപാലിക്കാൻ പറ്റുന്ന ഒരാൾക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചത്. ഇതിന് പ്രത്യുപകാരമായാണ് തന്റെ പേരിലുള്ള മുഴുവൻ സ്വത്തും വരുന്നയാൾക്ക് ദാനം നൽകുമെന്ന് വയോധികൻ തീരുമാനിച്ചത്. സംഭവം ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ ചർച്ച ആയികൊണ്ടിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ വർഷം ഷാങ്ഹായിലെ ഒരു വ്യദ്ധയായ സ്ത്രീ തന്റെ സമ്പാദ്യം മുഴുവനും വളർത്ത് മൃഗങ്ങൾക്കായി വിട്ടുകൊടുക്കാൻ തീരുമാനിച്ചിരുന്നു.