
മൃഗങ്ങളെ വളർത്താൻ ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും. നായ, പൂച്ച, പക്ഷികൾ തുടങ്ങി പലതരം മൃഗങ്ങളുണ്ട്. ഇഷ്ടത്തിനും ആഗ്രഹത്തിനും അനുയോജ്യമായമൃഗങ്ങളെ തിരഞ്ഞെടുക്കുകയാണ് നമ്മൾ ചെയ്യാറുള്ളത്. അത്തരത്തിൽ പ്രിയപ്പെട്ട നായ്ക്കളുടെ കൂട്ടത്തിൽ ഇടം നേടിയ ഒന്നാണ് ലാബ്രഡോർ റിട്രീവർ. ലാബിനെ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വ്യായാമം
എപ്പോഴും സജീവമായി നടക്കുന്ന നായയാണ് ലാബ്രഡോർ റിട്രീവർ. അവ സന്തോഷത്തോടെയും ഊർജ്ജത്തോടെയും ഇരിക്കണമെങ്കിൽ എന്നും കൃത്യമായി വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ മൃഗങ്ങളെ പരിശീലിപ്പിക്കണം. ലാബിനെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ.
ഭക്ഷണം
ശരിയായ രീതിയിൽ ഭക്ഷണ രീതികൾ ക്രമീകരിക്കണം. നല്ല ഗുണമേന്മയുള്ള പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളാണ് ലാബിന് നൽകേണ്ടത്. അതേസമയം നിങ്ങളുടെ വളർത്ത് നായയ്ക്ക് ഭക്ഷണം കഴിക്കുന്നത് ഇഷ്ടമാണെങ്കിൽ അത് നിയന്ത്രിക്കാനും ശ്രദ്ധിക്കണം.
ഡോക്ടറെ കാണാം
കൃത്യമായ ഇടവേളകളിൽ ഡോക്ടറെ സമീപിക്കുന്നത് രോഗങ്ങളെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. ലാബുകൾക്ക് പൊണ്ണത്തടി, ചെവിയിൽ അണുബാധ തുടങ്ങി പലതരം രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. എപ്പോഴും ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്നത് നല്ലതായിരിക്കും.
ചെവി വൃത്തിയാക്കണം
മൃഗങ്ങളുടെ ചെവിയിൽ ഈർപ്പം ഉണ്ടായി പലതരം അണുബാധകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ഡോക്ടർ നൽകിയിരിക്കുന്ന മരുന്ന് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
രോമങ്ങൾ ചീകണം
ദിവസവും രോമങ്ങൾ ചീകിയാൽ, അത് വൃത്തിയായിരിക്കാൻ സഹായിക്കുന്നു. ഇത് പതിവായി ചെയ്താൽ രോമങ്ങൾ കൊഴിയുന്നത് ഒഴിവാക്കാൻ സാധിക്കും. കൂടാതെ വളർത്ത് മൃഗത്തിന് ഉടമസ്ഥരുമായി കൂടുതൽ അടുപ്പം ഉണ്ടാവുകയും ചെയ്യുന്നു.
പരിശീലനം
ലാബുകൾ വളരെ സൗമ്യരാണെങ്കിലും ശരിയായ രീതിയിൽ പരിശീലനം നൽകിയില്ലെങ്കിൽ അവർ നന്നായി പെരുമാറണമെന്നില്ല. അതിനാൽ തന്നെ ഇവയ്ക്ക് നേരത്തെ പരിശീലനം നൽകുന്നത് നല്ലതായിരിക്കും.
നായ്ക്കളിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ പേവിഷബാധയാകാം