
വീട്ടിലൊരു മൃഗമുണ്ടെങ്കിൽ അത് എപ്പോഴും നിങ്ങൾക്കൊപ്പം ആയിരിക്കും ഉണ്ടാവുക. ഇത് നിങ്ങളുടെ ടെൻഷൻ കുറക്കാനും എപ്പോഴും സന്തോഷത്തോടെ ഇരിക്കാനും സഹായിക്കുന്നു. എന്നാൽ മൃഗങ്ങളെ വളർത്തുമ്പോൾ ചില കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും ശരിയായ പരിപാലനം പ്രധാനമാണ്. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് മൃഗങ്ങളെ പരിപാലിക്കേണ്ടത്. വേനൽകാലത്ത് ചൂട് കൂടുതലായതിനാൽ തന്നെ മൃഗങ്ങൾക്ക് എപ്പോഴും തണുപ്പുള്ള ഭക്ഷണങ്ങളോ അല്ലെങ്കിൽ വെള്ളമോ കൊടുക്കുമ്പോൾ ചൂടിൽ നിന്നും അവയ്ക്ക് ആശ്വാസം ലഭിക്കുന്നു. വേനൽക്കാലത്ത് മൃഗങ്ങൾക്ക് കഴിക്കാൻ സാധിക്കുന്ന ഭക്ഷണങ്ങൾ ഇതാണ്.
ബെറീസ്
സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി തുടങ്ങിയ പഴവർഗ്ഗങ്ങൾ ചൂട് സമയങ്ങളിൽ മൃഗങ്ങൾക്ക് നൽകുന്നത് നല്ലതായിരിക്കും. ഫൈബർ, ആന്റിഓക്സിഡന്റ്സ്, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ബെറീസ്. കൂടാതെ ഇതിൽ കലോറീസും വളരെ കുറവാണ്. ഇത്തരം പഴവർഗ്ഗങ്ങൾ കഴുകിയതിന് ശേഷം മാത്രം കൊടുക്കാൻ ശ്രദ്ധിക്കണം.
മാങ്ങ
വേനൽക്കാലമെത്തുമ്പോൾ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് മാങ്ങ. കൂടാതെ ഇതിൽ ബീറ്റ, ആൽഫ കരോടീനുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, ഇ എന്നിവ കൊണ്ടും സമ്പുഷ്ടമാണ് ഈ പഴവർഗ്ഗം. ഇത് ചൂടുകാലങ്ങളിൽ മൃഗങ്ങൾ കഴിക്കുന്നത് നല്ലതാണ്.
വെള്ളരി
ശരീരത്തിന് തണുപ്പ് നൽകുന്ന ഒന്നാണ് വെള്ളരി. ഇതിൽ ഫാറ്റ്, ഓയിൽ, കാർബോഹൈഡ്രേറ്റ് എന്നിവ ഇല്ലാത്തതുകൊണ്ട് തന്നെ അമിത ഭാരമുള്ള നായകൾക്ക് വെള്ളരി കൊടുക്കുന്നത് നല്ലതായിരിക്കും. ജലാംശം കൂടുതലായതിനാൽ തന്നെ എപ്പോഴും ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിന് വെള്ളരി കഴിക്കുന്നത് ഉപയോഗപ്പെടും.
തേൻ
തേനിൽ ആന്റി മൈക്രോബിയൽ, ആന്റി ഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അൾസർ പോലുള്ള രോഗങ്ങൾ തടയുകയും ചൂടിന് ആശ്വാസം നൽകുകയും ചെയ്യുന്നു. വളരെ ചെറിയ അളവിൽ നായ്ക്കൾക്ക് തേൻ നൽകുന്നത് നല്ലതാണ്.
പീനട്ട് ബട്ടർ
കൂടുതൽ രുചിയുള്ളതും ആരോഗ്യത്തിന് നല്ലതുമാണ് പീനട്ട് ബട്ടർ. ഇത് മൃഗങ്ങൾക്ക് ഉപ്പില്ലാതെയോ മധുരമില്ലാതെയോ കൊടുക്കാൻ സാധിക്കും. പോഷകങ്ങൾ, ആരോഗ്യകരമായ ഫാറ്റ്, വിറ്റാമിൻ ബി, ഇ കൂടാതെ നിയാസിനും പീനട്ട് ബട്ടറിൽ അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങളുടെ നല്ല ആരോഗ്യത്തിനും ഉപയോഗപ്രദമാണ്.