
നൈജീരിയയിലെ വാണിജ്യ കേന്ദ്രമായ ലാഗോസിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ തന്റെ പ്രിയപ്പെട്ട നായ ഹാങ്ക്സിനെ ഉപേക്ഷിക്കുമ്പോൾ പ്രീ മാക്സ് വെല്ലിന് വല്ലാത്തൊരു മനോവിഷമം അനുഭവപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് പ്രീ മാക്സ് വെൽ തന്റെ ഓമന മൃഗത്തിനെ ഉപേക്ഷിക്കാൻ തീരുമാനമെടുത്തത്. 'അവനെ പരിപാലിക്കാൻ എനിക്ക് കഴിയില്ല. അവന് വേണ്ട ഭക്ഷണങ്ങൾ നൽകാൻ എനിക്ക് കഴിയില്ല.'- കണ്ണീരോടെ അദ്ദേഹം പറഞ്ഞു.
ഓൺലൈൻ മീഡിയ സ്ട്രാറ്റജിസ്റ്റായ മിസ്റ്റർ മാക്സ് വെല്ലിനെ അടുത്തിടെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ജോലി തേടിയുള്ള യാത്ര കാരണം അദ്ദേഹം ഒരിക്കലും വീട്ടിലുണ്ടാകാറില്ല. അതിനാൽ തന്നെ തന്റെ ഓമന മൃഗത്തെ പരിപാലിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്. നൈജീരിയയിലെ ജീവിതച്ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പല വളർത്തുമൃഗ ഉടമകളും മൃഗങ്ങളെ ഉപേക്ഷിക്കുകയാണ്.
രണ്ട് വർഷം മുമ്പ് പ്രസിഡന്റ് ബോല ടിനുബു അധികാരത്തിൽ വന്നതിനുശേഷം, ദീർഘകാലമായി നിലനിന്നിരുന്ന ഇന്ധന സബ്‌സിഡി നിർത്തലാക്കുകയും ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഉയർന്ന പണപ്പെരുപ്പം ഉണ്ടാവുകയും ചെയ്തു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (NBS) പ്രകാരം, പണപ്പെരുപ്പ നിരക്ക് 2023 മെയ് മാസത്തിൽ 22% ആയിരുന്നത് 2024 ഡിസംബറിൽ 35% ആയി ഉയർന്നു, ഇത് 28 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
അതിനുശേഷം പണപ്പെരുപ്പം 24% ആയി കുറഞ്ഞു. ഇതിനർത്ഥം വിലകൾ ഇപ്പോഴും ഉയരുന്നത് തുടരുന്നു എന്നതാണ്. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള ചെലവ് നിയന്ത്രണാതീതമാകുമ്പോഴേക്കും ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ എണ്ണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതിനെക്കാളും കൂടാൻ സാധ്യതയുണ്ടെന്ന് മൃഗാവകാശ പ്രവർത്തകരും മൃഗസംരക്ഷണ കേന്ദ്രങ്ങളും പറയുന്നു.
ചില സാധനങ്ങൾ, പ്രത്യേകിച്ച് മരുന്നുകൾ, ഇറക്കുമതി ചെയ്യുന്നതിനാൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിനും പരിചരണത്തിനും ഉള്ള വിലകൾ 100% ത്തിലധികം ഉയർന്നു. കൂടാതെ ഡോളറിനെതിരെ പ്രാദേശിക കറൻസിയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു. മാക്സ് വെല്ലിനെ പോലുള്ള ചിലർ തങ്ങളുടെ വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനായി ഷെൽട്ടറിൽ ഏൽപ്പിക്കുന്നു, എന്നാൽ മറ്റു ചിലർ തങ്ങളുടെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നു.
അതേസമയം ഫർണിച്ചർ നിർമ്മാതാവും ഇന്റീരിയർ ഡിസൈനറുമായ ഒരു യുവതി തന്റെ വരുമാനത്തിന്റെ 50 ശതമാനത്തിലധികം ഇപ്പോൾ തന്റെ നാല് നായ്ക്കളെ പരിപാലിക്കുന്നതിനായി ചെലവഴിക്കുന്നു. അവയെ ഉപേക്ഷിക്കുന്നത് തനിക്ക് സഹിക്കാൻ കഴിയില്ലെന്നാണ് യുവതി പറയുന്നത്.
'ഒരു അവിവാഹിതയായ സ്ത്രീ എന്ന നിലയിൽ, എനിക്ക് ഇതുവരെ സ്വന്തമായി കുട്ടികളില്ല. എന്റെ നായ്ക്കൾ എന്റെ കുഞ്ഞുങ്ങളാണ്. ഒരു നായ അമ്മയും മനുഷ്യ അമ്മയും എന്ന നിലയിൽ ഞങ്ങൾ തമ്മിൽ ഒരു വ്യത്യാസവും കാണുന്നില്ല. ഒരു കാരണവശാലും എന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ എനിക്ക് ധൈര്യമുണ്ടാകില്ല'- യുവതി പറയുന്നു.
അതേസമയം അവർ തന്റെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു. ആഭരണങ്ങൾ പോലുള്ള ആഡംബരങ്ങൾ, വിലകൂടിയ ഹെയർ സ്റ്റൈലുകൾ, സ്പാ സന്ദർശനങ്ങൾ എന്നിവ കുറയ്ക്കുക, ചിക്കൻ പോലുള്ള ഭക്ഷണങ്ങൾ, കാർ യാത്രകൾ പോലുള്ള ചിലവുകൾ കുറച്ച് വളർത്ത് മൃഗത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക.