World Rabies Day 2025: നിസ്സാരമല്ല, അറിയണം പേവിഷബാധയെക്കുറിച്ച്, പ്രതിരോധിക്കാം ഈ മാർഗ്ഗങ്ങളിലൂടെ

Published : Sep 28, 2025, 12:41 PM IST
world-rabies-day

Synopsis

ഇന്ന് ലോക പേവിഷബാധ ദിനം. പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും ഡോക്ടർ രാഹുൽ ജി പറയുന്നു.

മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ഏറ്റവും മാരകമായ അസുഖങ്ങളിൽ ഒന്നാണ് റാബീസ് അഥവാ പേവിഷബാധ. ഇതിന് 4000 വർഷത്തോളം പഴക്കമുണ്ടെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയാൽ പിന്നെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ല എന്നത് ഭയാനകമായ വസ്തുതയാണ്. റാബ്ഡോ വൈറസ് ഫാമിലിയിലേ ബുള്ളറ്റ് രൂപത്തിലുള്ള ലിസ വൈറസാണ് ഈ രോഗത്തിന് കാരണം.

ചരിത്രം ഇങ്ങനെ

പാമ്പുകളിലെ വിഷം പോലെ നായ്ക്കളുടെ ഉമിനീരിൽ നിന്ന് വരുന്ന ഒരു രോഗമാണ് പേവിഷബാധ എന്നായിരുന്നു ആദ്യകാലങ്ങളിൽ ധരിച്ചിരുന്നത്. ഭാരതത്തിൻ്റെ അഭിമാനമായ സുസൃത സംഹിതയിൽ ഏകദേശം 1000 വാക്കുകളിൽ ഈ രോഗം വിവരിച്ചിട്ടുണ്ട്. ഇതാണ് ലോകത്തിൽ ആദ്യമായി പേവിഷബാധയേ പറ്റി വിവരിക്കുന്ന ഗ്രന്ഥം. ഏതൊരാളാണോ ജലത്തെ ഭയക്കുന്നത് അഥവാ ആ വാക്ക് കേൾക്കുമ്പോൾ ഭയക്കുന്നത് അയാൾക്ക് ജലഭീതി എന്ന അവസ്ഥയുണ്ട്. ആ രോഗിയുടെ അവസ്ഥ അത്യന്തം അപകടമാണ് എന്നാണ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഗ്രീക്ക് കവിയായിരുന്ന ഹോമർ, യുദ്ധത്തോട് അമിതമായ താൽപര്യമുണ്ടായിരുന്ന ലിസ എന്ന ഒരു യുദ്ധവീരനെ പറ്റി കവിതകളിൽ പറഞ്ഞിരുന്നു. കോപം, പ്രതികാരം എന്ന സമാന അർത്ഥമുള്ള ഒരു വാക്കായിരുന്നു ഇത്. റാബീസിന്റെ സ്വഭാവം ഇങ്ങനെ ആയതിനാലാവാം വൈറസിന് ലിസ വൈറസ് എന്ന പേര് വന്നത്.

ഗ്രീക്ക് പുരാണങ്ങളിലെ മൂന്നുതലനായ സെറിബ്രസ് എന്ന നായയെ പറ്റിയുള്ള വിവരണങ്ങളും, നായയുടെ വായിൽ നിന്ന് ഒഴുകുന്ന നുരയെപ്പറ്റിയുള്ള പരാമർശങ്ങളും, റാബീസ് എന്ന രോഗത്തെക്കുറിച്ചുള്ള പ്രാചീന ബോധ്യത്തെ സൂചിപ്പിക്കുന്നു. പുരാതന റോമിലെ ചികിത്സാരീതികൾ വിചിത്രമായിരുന്നു. കടിച്ച നായയുടെ വാൽ ഭാഗം സേവിക്കുക, നായ്ക്കുട്ടി ആയിരിക്കുമ്പോ തന്നെ വായിലെ ഒരു ലിഗമെൻ്റ് മുറിച്ച് കളയുക എന്നൊക്കെ ആയിരുന്നു അത് . 1700കളിൽ കടി കിട്ടിയ ഭാഗത്തെ രക്തം ഊറ്റി കളയുക, കുരുമുളകും ലിവർവോർട്ട് എന്ന ചെടിയും അര പൈൻ്റ് പശുവിന് പാൽ കുടിക്കുക, തണുത്ത വെള്ളത്തിൽ രാവിലെ കുളിക്കുക തുടനകിയ രീതികളും ഉണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം തന്നെ തികച്ചും പരാജയമായിരുന്നു.

സാംസ്കാരിക സ്വാധീനം

1998ൽ ഉണ്ടായിരുന്ന ഒരു ന്യൂറോളജി ലേഖനത്തിൽ പറയുന്നത് പഴയ യൂറോപ്യൻ രാജ്യങ്ങളിൽ റാബീസ് വ്യാപകമായിരുന്ന കാലത്ത്, രോഗബാധിതരുടെ വ്യത്യസ്തമായ പെരുമാറ്റങ്ങൾ ജനങ്ങളിൽ വലിയ ഭയം സൃഷ്ടിച്ചിരുന്നുവെന്നാണ്. മനുഷ്യർ തന്നെ മൃഗങ്ങളെപ്പോലെ കരഞ്ഞു വിളിക്കുകയും, ജലം പോലും കാണാൻ ഭയപ്പെടുകയും, വായിൽ നിന്ന് നുര ഒഴുകുകയും ചെയ്യുന്നത് കണ്ടപ്പോൾ, അത്തരക്കാർ രക്തപിശാച് പിടിച്ചവർ എന്നായിരുന്നു വിശ്വസിക്കപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകളാണ് നോർഡിക് പ്രദേശങ്ങളിലെ 'വാംപയർ' കഥകളായി രൂപപെട്ടത്. പിന്നീട് സാഹിത്യത്തിനും സിനിമകൾക്കും ഇത് പ്രചോദനമാകുകയും ചെയ്തു. 1500-1600കളിൽ റാബിസ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. അവരുടെ രോഗലക്ഷണങ്ങൾ കണ്ടവർ അത് മനുഷ്യചെന്നായ്ക്കളാണെന്ന് വരെ വിധിയെഴുതി.

വാക്സിന് – പ്രവർത്തനവും പരാജയസാധ്യതകളും

നമ്മുടെ ശരീരം പുറത്ത് നിന്ന് വരുന്ന ഒരു രോഗാണുവിനെ അഥവാ ആൻ്റിജെൻ–നേ ചെറുക്കുന്നത് കൃത്യമായ അളവിൽ ആൻ്റിബോഡി ഉൽപാദിപ്പിക്കുമ്പോഴാണ്. ആൻ്റിബോഡിയാണ് രോഗാണുവിനെ നിർവീര്യമാക്കുന്നത്.

ശരിയായ രോഗാണുവിനെ കണ്ടെത്തി പലവിധ രാസപ്രക്രിയയിലൂടെ അവയെ നിർവീര്യമാക്കിയാണ് വാക്സിനുകൾ നിർമിക്കുന്നത്. ഇവ നമ്മുടെ ശരീരത്തിലേക്ക് കയറുമ്പോൾ അവ നമ്മുടെ പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആൻ്റിബോഡികൾ ഉത്പാദിപ്പിച്ച് രോഗാണുവിനെ ചെറുക്കുകയും ചെയ്യുന്നതാണ് വാക്സിൻ്റെ പ്രവർത്തനരീതി.

രോഗാണു ശരീരത്തിനകത്ത് കയറി രോഗലക്ഷണങ്ങൾ പുറത്തേക്ക് കാണിക്കാൻ എടുക്കുന്ന സമയത്തിനെ 'Incubation period' എന്നാണ് പറയുന്നത്. ചിലപ്പോൾ ലക്ഷണങ്ങൾ കാണിക്കാൻ മാസങ്ങൾ മുതൽ വർഷങ്ങൾ വരെ എടുക്കാൻ സാധ്യതയുണ്ട്. എന്നാൽ പൊതുവേ 3 മാസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. ഒരിക്കൽ റാബീസ് വൈറസ് ശരീരത്തിനകത്ത് കയറിയാൽ അത് നമ്മുടെ മസിലുകളിൽ multiply ആകുകയും അവിടെനിന്ന് നെർവിലേക്കും പിന്നീട് തലച്ചോറിലേക്കും സഞ്ചരിക്കുകയും ചെയ്യും.

തലച്ചോറിലേക്ക് വൈറസ് എത്തുന്നതിന് മുമ്പ് കൃത്യമായ ഇടവേളകളിൽ ആൻ്റിറാബീസ് വാക്സിൻ എടുത്താൽ രോഗസാധ്യത ഇല്ലാതാക്കാൻ സാധിക്കും. എന്നാൽ ഇവിടെ വാക്സിൻ പരാജയപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കടിയേറ്റ ഭാഗം തലച്ചോറിന് അടുത്താണെങ്കിൽ വാക്സിൻ പ്രവർത്തിക്കുന്നതിന് മുമ്പ് തന്നെ വൈറസ് തലച്ചോറിൽ എത്തുകയും രോഗ ലക്ഷണങ്ങൾ വരുകയും ചെയ്യുന്നു. ചെറിയ കുട്ടികൾക്ക് ഉയരം കുറവായതിനാൽ വൈറസിന് തലച്ചോറിലേക്ക് പെട്ടന്ന് എത്താൻ സാധിക്കും അതാകാം വാക്സിൻ എടുത്തിട്ടും കുട്ടികളിൽ രോഗലക്ഷണങ്ങൾ ഉണ്ടാവുന്നത്.

കടി കിട്ടിയാൽ

  1. ഒഴുകുന്ന വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് കഴുകുക വഴി വൈറസിൻ്റെ ലോഡ് നമുക്ക് കുറയ്ക്കാൻ സാധിക്കുന്നതാണ്.

2. കഴുകാൻ സാധിച്ചില്ലെങ്കിൽ ആശുപത്രിയിലെത്തിയ ഉടൻ അത് ഡോക്ടറോട് തുറന്നുപറയുക.

3. സാധ്യമായാൽ ആന്റിസെപ്റ്റിക് ഉപയോഗിക്കുക.

4. WHO അംഗീകൃത സ്കീമുകൾ അനുസരിച്ച് വാക്‌സിൻ നിർബന്ധമായും എടുക്കണം.

5. സാധാരണ 5 ഡോസുകൾ: ദിവസം 0 3, 7, 14, 28. (0th day- മുറിവ് സംഭവിച്ച ദിവസം)

6. റാബീസ് ഇമ്യൂൺ ഗ്ലോബുലിൻ (RIG)- ഡോക്ടർ പറയുന്ന പ്രകാരം എടുക്കാൻ ശ്രദ്ധിക്കണം.

7. മുറിവുകൾ കൃത്യമായി നിരീക്ഷിക്കുക.

മുൻകരുതലുകൾ

  1. വീട്ടിൽ വളർത്തുന്ന പൊന്നോമനകൾക്ക് സമയത്ത് വാക്സിനുകൾ എടുക്കുക.

2. മൃഗങ്ങളുമായി നിരന്തരം ഇടപെടുന്നവർ പ്രീ എക്സ്പോഷർ വാക്സിൻ നിർബന്ധമായും എടുക്കുക.

3. മൃഗങ്ങളിൽ നിന്നും ഉണ്ടാവുന്ന മുറിവുകൾ നിസ്സാരമായി കാണാതിരിക്കുക.

4. മുറിവുകൾ എവിടെയൊക്കെയാണ് ഉള്ളതെന്ന് നോക്കിവയ്ക്കാൻ ശ്രദ്ധിക്കണം, പ്രത്യേകിച്ച് കുട്ടികളിൽ.

5. വന്യ മൃഗങ്ങൾ, പരിചയമില്ലാത്ത തെരുവു നായ്ക്കൾ എന്നിവയുടെ അടുത്ത് പോകുമ്പോൾ ശ്രദ്ധിക്കുക.

6. നായ്ക്കൾ, പൂച്ചകൾ മാത്രമല്ല ഏതൊരു ചൂടു രക്തമുള്ള മൃഗവും രോഗവാഹകരാകാം.

7. പൊതുവിടങ്ങളിലും കാടിനോട് ചേർന്നുള്ള സ്ഥലങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക. ഇത് തെരുവുമൃഗങ്ങൾ വരുന്നതിനെ തടയാൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്