World Rabies Day 2026 : നായയുടെ കടിയേറ്റാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങൾ

Published : Sep 28, 2026, 02:55 PM IST
dog bite

Synopsis

നായയുടെ കടി ഒരു ചെറിയ മുറിവായി തോന്നാമെങ്കിലും പേവിഷബാധയ്ക്ക് (rabies) സാധ്യതയുള്ള സാഹചര്യത്തിൽ, ആദ്യത്തെ ഏതാനും മിനിറ്റുകളിൽ നിങ്ങൾ സ്വീകരിക്കുന്ന നടപടികൾ ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാം.

പേവിഷബാധ (റാബീസ്) തുടച്ചുനീക്കുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്താനായി എല്ലാ വർഷവും സെപ്റ്റംബർ 28-ന് ലോക പേവിഷബാധ വിരുദ്ധ ദിനം ആചരിച്ച് വരുന്നു. “ഒന്നിച്ചുനിൽക്കുമ്പോൾ കൂടുതൽ കരുത്തർ,” എന്നതാണ് ഈ വർഷത്തെ പ്രമേയം.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ. ഓരോ ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.പേവിഷബാധയ്ക്ക് കാരണം റാബ്‌ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആർ.എൻ.എ. വൈറസുകളാണ്.

നായയുടെ കടി ഒരു ചെറിയ മുറിവായി തോന്നാമെങ്കിലും പേവിഷബാധയ്ക്ക് (rabies) സാധ്യതയുള്ള സാഹചര്യത്തിൽ, ആദ്യത്തെ ഏതാനും മിനിറ്റുകളിൽ നിങ്ങൾ സ്വീകരിക്കുന്ന നടപടികൾ ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാം. കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് പേവിഷബാധ. രോഗലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞാൽ ഇത് മിക്കവാറും മരണകാരണമായിത്തീരുന്നു. എന്നിരുന്നാലും, രോഗബാധയുണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മുറിവ് ശരിയായി ശുചീകരിക്കുന്നതും പേവിഷബാധയ്‌ക്കെതിരായ വാക്സിൻ ഉൾപ്പെടെയുള്ള പ്രതിരോധ ചികിത്സ (PEP) കൃത്യസമയത്ത് നൽകുന്നതും വഴി ഈ രോഗം മൂലമുള്ള മരണം തടയാനാകും. ആഗോളതലത്തിൽ, മനുഷ്യരിലുണ്ടാകുന്ന പേവിഷബാധ കേസുകളിൽ ഏകദേശം 99 ശതമാനത്തിനും കാരണം നായ്ക്കളാണ്.

ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 91 ലക്ഷം മൃഗങ്ങളുടെ കടിയേൽക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 2024-ൽ പ്രസിദ്ധീകരിച്ച ഒരു കണക്കെടുപ്പ് പ്രകാരം ഇന്ത്യയിൽ പ്രതിവർഷം 5,726 പേർ പേവിഷബാധ (റാബീസ്) മൂലം മരിക്കുന്നുണ്ടെന്നാണ് സൂചന.

നായയുടെ കടിയേറ്റാൽ ഉടൻ എന്താണ് ചെയ്യേണ്ടത്?

മുറിവ് 15 മിനിറ്റ് നേരം കഴുകുക.

വീട്ടിൽ വളർത്തുന്ന നായ ആണെങ്കിലും തെരുവുനായ ആണെങ്കിലും കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്ക‍ുകയാണ്. ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാൻ. ആൻറിബാക്ടീരിയൽ സോപ്പ് തന്നെ വേണമെന്നില്ല. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം.

അസ്വസ്ഥതയുണ്ടാക്കുന്നവ പുരട്ടരുത്

സസ്യങ്ങളുടെ സത്ത്, ആൽക്കലികൾ അല്ലെങ്കിൽ ദോഷകരമായേക്കാവുന്ന മറ്റ് വസ്തുക്കൾ എന്നിവ മുറിവിൽ പുരട്ടരുത്. ഇത്തരം പരമ്പരാഗത ചികിത്സാ രീതികൾ പേവിഷബാധ തടയുകയില്ലെന്നു മാത്രമല്ല, അവ ശരീരകലകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തേക്കാം.

ഉടൻ തന്നെ വൈദ്യസഹായം തേടുക.

വിദഗ്ധ പരിശോധനയ്ക്കായി പേവിഷബാധയ്‌ക്കെതിരായ ചികിത്സ നൽകുന്ന ക്ലിനിക്കിനെയോ സമീപിക്കുക. നായയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് വരെ കാത്തിരിക്കാതെ തന്നെ വൈദ്യസഹായം തേടുക.

കടിയേറ്റ ഭാഗം കെട്ടിവയ്ക്കണമെന്നില്ല

കടിയേറ്റ ഭാഗം ബാൻഡേജ് പോലുള്ളവ കൊണ്ട് കെട്ടിവയ്ക്കണമെന്നില്ല. മുറ‍ിവ് തുറന്ന രീതിയിൽ തന്നെ ആശുപത്രിയിൽ എത്തിക്കുക. മുറ‍ിവിൽ നിന്നുള്ള രക്തസ്രാവം അഞ്ച് മിനിറ്റു കൊണ്ടു തന്നെ നിലയ്ക്കും എന്നാൽ ചിലരിൽ രക്തസ്രാവം കൂടുതൽ നേരം നീണ്ടുനിൽക്കാറുണ്ട്. ഇത്തരക്കാരുടെ മുറിവിൽ നല്ല വൃത്തിയുള്ള തുണിയോ മറ്റോ കൊണ്ട് അമർത്തി പിടിക്കുക.

വീട്ടിൽ നായയെ പരിപാലിക്കുമ്പോൾ നല്ല ശ്രദ്ധ വേണം. നായക്ക് കൃത്യസമയങ്ങളിൽ പ്രതിരോധ കുത്തിവയ്പുകൾ എടുക്കണം. വീട്ടിലെ കുട്ടികളെ നായയുടെ അടുത്തി‌ടപഴകാൻ അനുവദിക്കരുത്.

PREV
Read more Articles on
click me!

Recommended Stories

മഴക്കാലത്ത് വളർത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം; ഈ സൂപ്പർ ഫുഡുകൾ നൽകൂ
മഴക്കാലത്ത് വളർത്തുമൃഗങ്ങൾ രോഗബാധിതരാകുമോ? ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ