
അവധി അവസാനിക്കുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് റൂംമേറ്റ് വര്‍ണ്ണിച്ച പൊൻമുടിയെക്കുറിച്ച് ഓര്‍ക്കുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. ഒരുച്ചക്ക് പുറപ്പെട്ടു. ഡിസ്‍കവര്‍ ബൈക്കില്‍ തനിച്ച്.
വഴി പരിചയം അല്ലാത്തതുകൊണ്ട് , ചോദിച്ചും പറഞ്ഞുമുള്ള യാത്ര. 3.30 ന് വിതുര എത്തി. ബോറടിമാറ്റാൻ ഒരു ചായയും , വടയും കഴിച്ചു . ശരീരത്തിന് ഒരു എനർജി കിട്ടിയതുപോലെ. പൊൻമുടിയിലക്കുള്ള ദൂരം കുറഞ്ഞു തുടങ്ങി . പൊൻമുടിയിലെ സൗന്ദര്യം നുകർന്ന് മടങ്ങുന്നവർ ധാരാളം. അവരുടെ മുഖത്ത് കാണുന്ന സംതൃപ്തി എന്നെ കൂടുതൽ ആവേശത്തിലാക്കി.
മലകയറ്റത്തിനുള്ള ആരംഭം. ത്രസിപ്പിക്കുന്ന വളവുകള്‍. ഗിയർമാറ്റി മാറ്റി ബൈക്കിനെ ഞാൻ ബുദ്ധിമുട്ടിച്ചെങ്കിലും മലകയറാനുള്ള പൂർണ്ണ പിന്തുണയും എന്റെ വണ്ടി എനിക്ക് നൽകി . കാഴ്ചകള്‍ മനോഹരം. റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ . മരച്ചില്ലയിലും , ഇലകളിലും തട്ടി ശബ്ദമുണ്ടാക്കിവരുന്ന സുഖമുള്ള കാറ്റ്.
കയറിപ്പോകുന്ന വഴിയിലൊക്കെ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന വീടുകൾ. ശുദ്ധവായു ശ്വസിക്കാൻ ഭാഗ്യം കിട്ടുന്നവർ. കുറച്ചുകൂടി മുന്നോട്ട് സഞ്ചരിച്ചപ്പോൾ കുഞ്ഞുനാളിൽ ഞങ്ങളുടെ പ്രദേശത്തൊക്കെ ഉണ്ടായിരുന്ന പോലത്തെ ചായക്കടകൾ. തേയിലത്തോട്ടങ്ങളിലെ ജോലി കഴിഞ്ഞെത്തി ചായക്കടയുടെ ഒരു മൂലയിൽ കുത്തിയിരുന്ന് ചായകുടിച്ച് ക്ഷീണം മാറ്റുന്ന സ്ത്രീകളും പുരുഷന്മാരും.
മുറുക്കാൻ ചവച്ച് തുപ്പിയിരിക്കുന്ന കടമുറ്റം. തൂണുകളിൽ മുഴുവൻ ചുണ്ണാമ്പ് തേച്ച് അലങ്കരിച്ചപോലെ അവിടെയും ഇവിടെയുമൊക്കെ കുത്തിയിരുന്ന് ബീഡി വലിച്ചു തണുപ്പിനെ പ്രതിരോധിക്കുന്ന വയോധികര്‍. സമയം തീരെ ഇല്ലാത്തതു കൊണ്ട് അവിടെ ഇറങ്ങിയില്ല. കുറച്ച് കൂടി മുന്നോട്ട് ചെന്നപ്പോൾ ഒരു ചെക്ക് പോസ്റ്റ്. അവിടെ നിന്നും പാസ്സ് എടുത്തു . അപ്പോൾ അവർ പറഞ്ഞു ആറു മണിക്ക് തിരിച്ച് വരണം. താമസിച്ചാൽ ഗെയിറ്റ് പൂട്ടും. അപ്പോഴേക്കും മണി നാല് കഴിഞ്ഞു. സമയമില്ല പാഴാക്കാന്‍. മനസ്സിൽ ഒരു വെപ്രാളം.
ഉള്ള സമയം കൊണ്ട് മുഴുവൻ കാഴ്ചകളും കണ്ടുതീർക്കണം . തേഡ് ഗീയറിൽ വണ്ടി മുന്നോട്ട് പോയിക്കൊണ്ടിരുന്നു . പതിയേ തണൽ മാറി മാറി നല്ല സ്വർണ്ണനിറത്തിലുള്ള വെളിച്ചം കണ്ടു. കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോള്‍ ഒരു ഭാഗത്ത് വളരെ വലിയ ഒരു ഗർത്തം. ഇപ്പോഴാണ് മനസിലായത് ഞാൻ ഇപ്പോൾ എന്ത് മാത്രം ഉയരത്തിലാണ് നിൽക്കുന്നതെന്ന് . അങ്ങ് ദൂരെയുള്ള മലകൾ കൺമുന്നിൽ എന്ന പോലെ കാണാൻ കഴിയുന്നു.
കണ്ണിനു വിശ്രമം കൊടുക്കാതെ കാഴ്ചകളിൽ മുഴുകിനിന്ന എന്റെ കണ്ണുകളിലേക്ക് മറ്റൊരു മനോഹരദൃശ്യം. രണ്ട് കമിതാക്കള്‍. പ്രകൃതി ഭംഗിക്ക് ഒരു പൂർണ്ണത കൈവന്നപോലെ. ദൈവികത നിറഞ്ഞു നിൽക്കുന്ന ഈ പ്രകൃതി പോലെ ആകട്ടെ ഇവരുടെ ജീവിതവും എന്ന് പ്രാർത്ഥിച്ചു. മറഞ്ഞുനിൽക്കുന്ന കാഴ്ചകൾ തേടി വീണ്ടും യാത്ര.
ഇപ്പോൾ ഞാൻ ആഗ്രഹിച്ച സ്ഥലത്ത് എത്തി. വണ്ടി ലോക്ക് ചെയ്ത് മുന്നോട്ട് നടന്നു . സുന്ദരിയായ പ്രകൃതി അതിന്റെ പൂർണ്ണ സൗന്ദര്യം വാരി വിതറിയിരിക്കുന്നു. മലകളെ തൊട്ടുരുമ്മി നിൽക്കുന്ന മേഘങ്ങള്‍. അവിടെ വച്ച് പരിചയപ്പെട്ടവർക്കും അവിടുത്തെ സൗന്ദര്യത്തെക്കുറിച്ചു പറയാൻ നൂറുനാവ്. ഫോട്ടോ എടുക്കുന്ന തിരക്കില്‍ എല്ലാവരും. ഒരു കൊച്ച് കുട്ടിയെപ്പേലെ മനോഹരമായ ആ പാറകളിലും മറ്റും ഓടിനടന്ന് കാഴ്ച്ചകൾ ആസ്വദിച്ചു. സമയം അതിക്രമിച്ചു . പോകാനുള്ള സമയമായി. ഇവിടെ എത്താൻ കഴിഞ്ഞതിൽ ഭൂമിദേവിയെ തൊട്ട് വണങ്ങി ഞാൻ മലയിറങ്ങി.
ഇവിടെ കണ്ട് ആസ്വാദിച്ച കാഴ്‍ചകൾ എങ്ങനെ എന്റെ കൂട്ടുകാരോട് വർണ്ണിക്കും. ഒരു കവിയോ ഒരു എഴുത്തുകാരനോ ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയ നിമിഷം. പൊൻമുടിയേ ഇരുട്ട് വിഴുങ്ങിത്തുടങ്ങി . ഞാന്‍ മലയിറങ്ങിത്തുടങ്ങി. പവർ കട്ട് ആണെന്ന് തോന്നുന്നു എങ്ങും കൂരിരുട്ട്. വണ്ടിയുടെ വെളിച്ചക്കുറവ് മൂലം പതിയേ പോകാൻ കഴിഞ്ഞുള്ളു. ഒട്ടും താമസിക്കാതെ തന്നെ ശക്തമായ മഴതുടങ്ങി .റോഡിൽ നിറയേ വെള്ളം കെട്ടി . മഴനനഞ്ഞു കൊണ്ട് യാത്ര തുടർന്നു . അധികം മുന്നോട്ട് പോകാൻ സാധിച്ചില്ല. അതിന് മുമ്പ് വണ്ടി പണി മുടക്കി. എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ടായില്ല. ആ കൂരിരുട്ടത്ത് മഴയും നനഞ്ഞു റോഡരുകിൽ ഞാൻ നിന്നു .
അപ്പോള്‍ എന്റെ അടുത്തേക്ക് ഒരു വണ്ടി വന്നുനിന്നു. കുറച്ച് മുമ്പ് മലമുകളിൽ വച്ച് പരിചയപ്പെട്ടവർ ആയിരുന്നു അത് . അവർക്ക് കാര്യം മനസിലായി. അവർ ഇറങ്ങി വന്നു. കുറച്ച് അകലെയുള്ള വീട്ടിലേക്ക് വണ്ടി കയറ്റി വച്ചു. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല, ഞങ്ങൾ നന്ദിയോട് വരെ ഉണ്ട് അവിടുന്ന് തിരുവനന്തപുരത്തേക്ക് ബസ് കിട്ടും പോന്നോളൂ എന്ന് അവര്‍ പറഞ്ഞു. എനിക്ക് സന്തോഷമായി , ഞാൻ അവരെ ഒപ്പം കയറി. എന്നെ താന്നിമ്മൂട് ഇറക്കി അവർ മടങ്ങി.
രണ്ട് , മൂന്ന് പേർ ബസ് സ്റ്റോപ്പിൽ നിൽക്കുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അവർ ഒരു ടാക്സി പിടിച്ചു പോകുന്നതിനെകുറിച്ചായിരുന്നു ചർച്ച. അതിന് അവർക്ക് ഒരാൾ കുറവുണ്ട്. ആ വേക്കൻസിയിൽ ഞാൻ കയറി പറ്റി. കൂട്ടത്തിൽ നിന്ന ഒരാളുടെ ബന്ധുവിന്‍റെ കാർ വിളിച്ചു വരുത്തി.ഞങ്ങൾ എല്ലാരും കൂടി ഞെങ്ങി ഞെരുങ്ങി യാത്ര തിരിച്ചു . എന്നെ അവർക്ക് പരിചയം ഇല്ലാത്തത് കൊണ്ട് അവർ തിരക്കി. എന്താ പേര് ? എവിടെ പോയിട്ട് വരുന്നു - കള്ളം പറയണ്ട ആവശ്യമില്ല. ഞാൻ പറഞ്ഞു എന്റെ പേര് - രതീഷ്. പൊൻമുടിയിൽ പോയിട്ട് വരുന്ന വഴിയിൽ എന്റെ ബൈക്ക് കേടായി . പൊൻമുടിയിൽ വച്ച് പരിചയപ്പെട്ടവർ ആണ് താന്നിമ്മൂട്ടിൽ ഇറക്കിയത് . ഇവിടെ നിന്നാൽ ബസ് കിട്ടും എന്ന് അവർ പറഞ്ഞു .
പക്ഷേ ഈ പറഞ്ഞതൊന്നും വിശ്വസിക്കാൻ എക്സ് പ്രവാസിയായിരുന്ന കാർ ഡ്രൈവർ ഒരുക്കമായിരുന്നില്ലാ. നിശ്ശബ്ദമായിരുന്ന മറ്റുള്ളവരിലേക്ക് അയാൾ തീപ്പൊരിവിതറി . " ഇവനൊരു കുഴൽപ്പണക്കാരന്റെ ഏജന്റ് ആണ് , അല്ലെങ്കിൽ ഇവനൊരു കള്ളനാണ്..!"
അതോടെ അതുവരെ കാറിൽ ഒതുങ്ങിക്കൂടിയിരുന്ന ഒരമ്മാവൻ സടകുടഞ്ഞെഴുന്നേറ്റു . പിന്നെ അവരുടെ നാവിന് വിശ്രമം ഇല്ലായിരുന്നു . ഞാൻ ഒരു കള്ളൻ ആണ് എന്ന് അവർ ഉറപ്പിച്ചുപറഞ്ഞു. ഞാൻ പറഞ്ഞ കാര്യങ്ങൾ അവർ വിശ്വസിച്ചില്ല. എന്നോട് ചേർന്നിരുന്ന അമ്മാവൻ പതിയേ നീങ്ങിയിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു . അവർ എന്നെ കള്ളൻ എന്ന് മുദ്രകുത്തി സംസാരം തുടർന്നു . ഞാൻ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു . അത് കണ്ടപ്പോള്‍ മറ്റൊരാള്‍ "കണ്ടില്ലേ, കള്ളൻ തന്നെ. ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടില്ലേ." അത് കേട്ടപ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അടുത്ത കമന്റ്. "പഠിച്ച കള്ളനാണ്. ഇരുന്ന് ചിരിക്കുന്നത് കണ്ടില്ലേ ?"
അവരോടൊന്നും പറഞ്ഞിട്ട് കാര്യവുമില്ല. അതുകൊണ്ടു ശരീരത്തിന് ഒരു ചലനവും വരുത്താതെ ഞാൻ ഒതുങ്ങിക്കൂടിയിരുന്നു . അപ്പോള്‍ ന്യൂ ജനറേഷൻ എന്ന് തോന്നിപ്പിക്കുന്ന ഒരു അമ്മാവൻ എന്നെ കിട്ടത്തക്കവിധം ഒരു സെൽഫി എടുത്തു. ക്ലിയർ ഇല്ലാത്തതു കാരണമായിരിക്കും അദ്ദേഹം തിരിഞ്ഞു ഇരുന്നു എന്റെ ഫോട്ടോ എടുത്തു. എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ മൗനം പാലിച്ചു . ഇല്ലെങ്കിൽ ഈ രാത്രിയിൽ എനിക്ക് വേറെ വണ്ടികിട്ടില്ലല്ലോ.
എടുത്ത ഫോട്ടോ ഡ്രൈവർ വാങ്ങി നോക്കി. ചെറിയ ഒരു മൂളലോടെ അയാള്‍ പറഞ്ഞു. ഇവനെക്കണ്ടാലറിയാം ഒരു കള്ളനാണ് എന്ന്. പുച്ഛത്തോടെ അവരെയൊക്കെ നോക്കി ഞാൻ ഒന്ന് ചിരിച്ചു. എന്നിട്ട് കണ്ണടച്ച് പ്രാർത്ഥിച്ചു. എങ്ങനെയെങ്കിലും അങ്ങ് എത്തണമേയെന്ന്.
പ്രാർത്ഥന ഫലിച്ചപോലെ അധികം വൈകാതെ തമ്പാനൂർ ബസ് സ്റ്റാന്റിനു സമീപം എത്തി. ആശ്വാസം തോന്നി. ജയിൽമോചിതനായതു പോലെ . എന്റെ ഷെയർ വണ്ടിക്കൂലി ഞാൻ കൊടുത്തു. പക്ഷേ ഒരു നന്ദി പറയാനുള്ള സമയം പോലും അവർ എനിക്ക് തന്നില്ല. കാർ വിട്ടുപോയി . കാറിൽ നിന്ന് ഒരു അമ്മാവൻ തല പുറത്തേക്കിട്ട് സംശയത്തോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. സത്യം പറഞ്ഞാൽ ആ നോട്ടം കണ്ടപ്പോള്‍ ഞാൻ ആത്മാർഥമായി പൊട്ടിച്ചിരിച്ചു .
പൊൻമുടി എനിക്ക് കാഴ്ചകളുടെ വിരുന്നൊരുക്കിയെങ്കിലും മടക്കയാത്ര എനിക്ക് ഒരു പാഠമായിരുന്നു. എന്റെ തനിച്ചുള്ള യാത്രകൾക്ക് ഒരു മുന്നറിയിപ്പ്. ഇനി എനിക്ക് സ്വസ്ഥമായ എന്റെ വിരുന്നുകാലം അവസാനിപ്പിച്ച് മടങ്ങാം. പ്രകൃതി ഭംഗിയുടെ ഒരു പൊന്നിൻ കലവറ ആണ് പൊൻമുടി.
അടുത്ത അവധിക്കാലത്തെ സ്വപ്‍നം കണ്ടു ഞാൻ മടങ്ങി. എന്നെ അറിയുന്ന എന്‍റെ പ്രവാസത്തിലേക്ക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam