ഭര്‍ത്താവ് സെക്സ് സൈറ്റുകള്‍ക്ക് അടിമ; ഭാര്യ സുപ്രീംകോടതിയില്‍

By Web DeskFirst Published Feb 16, 2017, 9:54 AM IST
Highlights

ദില്ലി: രാജ്യത്ത് ലൈംഗിക വീഡിയോകൾ പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകൾ നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെ ഭർത്താവ് സെക്സ് വെബ്സൈറ്റുകൾക്ക് അടിമയാണെന്ന പരാതിയുമായി ഭാര്യ സുപ്രീം കോടതിയിൽ. ഭർത്താവിന്‍റെ ഈ ദുശീലം മൂലം തങ്ങളുടെ വിവാഹ ജീവിതം തകർന്നിരിക്കുകയാണ്. 

അതിനാൽ ലൈംഗികത നിറഞ്ഞ വീഡിയോകൾ പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകൾ ഉടൻ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നാണ് യുവതിയുടെ ഹർജി. മുംബൈ സ്വദേശിനിയാണ് പരാതിക്കാരി. നല്ല വിദ്യാഭ്യാസമുള്ള തന്‍റെ ഭർത്താവ് ഇത്തരം വീഡിയോകൾക്ക് അടിമയായെങ്കിൽ രാജ്യത്തെ യുവാക്കളെ വളരെയേറെ ദോഷകരമായി ബാധിക്കുന്ന പ്രശ്നമായി ഇതു മാറിയിരിക്കാമെന്നാണ് യുവതിയുടെ വാദം. 

ലൈംഗിക വീഡിയോകൾക്ക് അടിമയായ ഭർത്താവ് ജീവിതത്തിന്‍റെ നല്ലൊരു സമയം ഇത്തരം ദൃശ്യങ്ങൾ കാണുന്നതിനാണ് ഇപ്പോൾ ചിലവാക്കുന്നത്. ഇന്‍റർനെറ്റ് വഴി വളരെ സുഗമമായി ഇത്തരം ദൃശ്യങ്ങൾ ആർക്കും ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഹർജിയിൽ പറയുന്നു.

സാമൂഹ്യപ്രവർത്തക കൂടിയായ പരാതിക്കാരി തന്‍റെ വിവാഹ ജീവിതം 30 വർഷം വളരെ നന്നായി മുന്നോട്ടുപോയി എന്നാണ് ഹർജിയിൽ പറയുന്നത്. 2015 മുതലാണ് ഭർത്താവ് രതി സൈറ്റുകളിൽ ആനന്ദം കണ്ടെത്തി തുടങ്ങിയത്. രണ്ടു കുട്ടികളുടെ പിതാവായ അദ്ദേഹത്തിന്‍റെ ജീവിതവും കുടുംബ ജീവിതവും ഇതോടെ താറുമാറായെന്നും സ്ത്രീ പരാതിയിൽ പറയുന്നു. 
 

click me!