
വിവാഹം കഴിഞ്ഞാൽ എല്ലാവരുടെയും അടുത്ത ചോദ്യം വിശേഷമൊന്നും ആയില്ലേ എന്നാണ്. ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്ക് കേൾക്കാൻ ഇഷ്ടമല്ലാത്ത ചോദ്യം കൂടിയാണ് ഇത്. ഇന്ന് ദമ്പതികൾക്ക് കുട്ടികൾ പതുക്കെ മതിയെന്നാണ് ആഗ്രഹം. വർഷങ്ങൾക്ക് ശേഷമായിരിക്കും ഇവർ കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. അപ്പോഴെക്കും വൈകി പോയിട്ടുണ്ടാകും. സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള ആഗ്രഹവുമായി ആശുപത്രികളിലും വന്ധ്യത ചികിത്സാ കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തുന്ന ആളുകളുടെ എണ്ണം ഇന്ന് വർധിച്ചുവരുന്നു. സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്ന വന്ധ്യതാ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എന്താണെന്ന് നോക്കാം.
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത അവസ്ഥ (35 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീകൾക്ക് ഏകദേശം 6 മാസമാണ് കാലയളവ്) അല്ലെങ്കില്‍ ഗര്‍ഭം ധരിച്ചിട്ടും അലസിപ്പോകുന്ന അവസ്ഥയാണ് വന്ധ്യത.
സ്ത്രീകളിൽ അണ്ഡോൽപാദനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണം ആർത്തവം ശരിയായ മുറയ്ക്ക് നടക്കാത്തതാണ് വന്ധ്യതയ്ക്ക് പ്രധാനകാരണമാകുന്നത്. പോളിസിസ്റ്റിക് ഓവറിയൻ സിണ്ട്രോം( പിസിഒഎസ്) ആണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. പിസിഒഎസ് എന്നാൽ ഹോർമോൺ അസന്തുലിതാവസ്ഥയാണ്. ഇതുകാരണം സാധാരണ ആർത്തവചക്രത്തിൽ വ്യതിയാനമോ തടസ്സമോ ഉണ്ടാകുന്നു. സ്ത്രീകൾക്ക് വന്ധ്യതയുണ്ടാകാൻ പ്രധാന കാരണമാകുന്ന ഒന്നാണ് പിസിഒഎസ്. അണ്ഡോൽപാദനത്തിൽ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്ന മറ്റൊരു കാരണമാണ് പ്രൈമറി ഓവറിയൻ ഇൻസഫിഷ്യൻസി (പിഒഐ). ഈ അവസ്ഥ 40 വയസ്സിനു ശേഷം സ്ത്രീകളുടെ അണ്ഡം സാധാരണ രീതിയിൽ പ്രവർത്തിക്കാതെയാകുന്നതാണ്. പക്ഷേ പിഒഐ, നേരത്തെയുള്ള ആർത്തവ വിരാമം ( early menopause) പോലെയല്ല.
വയസ്സ്, സ്ട്രെസ്സ്, മോശമായ ഡയറ്റിംഗ്, കായിക പരിശീലനം, അമിതഭാരം അല്ലെങ്കിൽ ഭാരക്കുറവ് , ലൈംഗീക ബന്ധത്തിലൂടെ പകരുന്ന അണുബാധ, ഹോർമോൺ വ്യതിയാനം കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ അമിത ഉപയോഗം എന്നിവയാണ് സ്ത്രീയ്ക്ക് വന്ധ്യതയുണ്ടാകാനുളള മറ്റ് കാരണങ്ങൾ. ലൈംഗികബന്ധത്തിൽ കൂടിയോ അല്ലാതെയോ പകരുന്ന, കാൻഡിഡ പോലുള്ള അണുബാധകൾ കൃത്യസമയത്തു ചികിത്സിച്ചില്ലെങ്കിൽ വഷളാവുകയും ഭാവിയിൽ ലൈംഗികബന്ധം തന്നെ വേദനാപൂർണമാവുകയും ചെയ്യാം.
ആധുനിക വൈദ്യശാസ്ത്രരംഗത്ത് അനേകം ചികിത്സാരീതികൾ നിലവിലുണ്ട്. വന്ധ്യതയ്ക്ക് ടെസ്റ്റ് റിസൾട്ടുകളുടെ അടിസ്ഥാനത്തിൽ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ, അസ്സിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി, ഓപറേഷൻ, മരുന്നുകൾ തുടങ്ങിയ ചികിത്സാരീതികളാണ് ഡോകടർമാർ തിരഞ്ഞെടുക്കുന്നത്. പലപ്പോഴും മരുന്നുകളും, ഓപറേഷനും വഴി വന്ധ്യത ചികിത്സിക്കാനാകുന്നു.
പുരുഷന്മാരിൽ ലൈംഗിക പ്രശ്നങ്ങൾ ബീജത്തിൻ്റെ എണ്ണം കുറവ്, ബീജവാഹിനി കുഴലിലുണ്ടാകുന്ന ബ്ലോക്ക് മുതലായവയ്ക്ക് തെറാപ്പി, ഓപറേഷൻ, മരുന്നുകൾ എന്നിവയിലൂടെ ചികിത്സകൾ നടത്തുന്നു. സ്ത്രീകളിൽ പലപ്പോഴും പല ശാരീരിക പ്രശ്നങ്ങൾ മാറ്റുവാനായി ഓപറേഷൻ നടത്തേണ്ടതായി വരുന്നു. എന്നാൽ മരുന്നുകൾ ഉപയോഗിച്ച് അണ്ഡവിക്ഷേപണ പ്രശ്നങ്ങൾ പരിഹരിക്കാനാകുന്നു. നിങ്ങളുടെ ഡോക്ടറോട് ഈ മരുന്നുകളുടെ ഗുണവും, ദോഷവും ചോദിച്ചറിയേണ്ടത് അത്യാവശ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam