
ചൂടുകാലത്തായാലും തണുപ്പുകാലത്തായാലും വിയര്‍ക്കുന്നത് ഒരു സാധാരണ പ്രക്രിയ തന്നെയാണ്. അതായത് നന്നായി മഴ പെയ്യുമ്പോഴും ചിലര്‍ വിയര്‍ക്കും. അത് ഓരോ വ്യക്തിയുടേയും ശരീരത്തിന്റെ സ്വഭാവമനുസരിച്ചിരിക്കും. എന്നാല്‍ അസ്വാഭാവികമായി വിയര്‍ക്കുന്നവരുണ്ട്. ഉദാഹരണത്തിന് കാലവസ്ഥ അനുകൂലമായിരിക്കേ തന്നെ, അസാധാരണമായി വിയര്‍ക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ ഒരുപക്ഷേ വിയര്‍ക്കുന്നതിന് തക്കതായ കാരണമുണ്ടായേക്കാം. അമിതമായി വിയര്‍ക്കുന്നതിന്റെ ചില കാരണങ്ങള്‍ നോക്കാം.
ഒന്ന്...
അമിതമായ ഉത്കണ്ഠയോ ക്ഷീണമോ ഉള്ളവര്‍ എളുപ്പത്തില്‍ വിയര്‍ക്കും. ഇത്തരക്കാരില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ സാധാരണയില്‍ കവിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്.
രണ്ട്...
ഗര്‍ഭിണികളും പെട്ടെന്ന് വിയര്‍ക്കാന്‍ സാധ്യതയുണ്ട്. കാരണം ഗര്‍ഭകാലത്ത് ആകെ ഹോര്‍മോണുകളുടെ അളവില്‍ പല വ്യത്യാസങ്ങളും കാണും. ശരീരത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളും സാധാരണരീതിയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഇത് കൂടുതല്‍ വിയര്‍പ്പുണ്ടാക്കിയേക്കും.
മൂന്ന്...
ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകളും അമിതമായി വിയര്‍ത്തേക്കാം. ഇതിന്റെ കാരണവും നേരത്തേ പറഞ്ഞത് പോലെ ഹോര്‍മോണുകളുടെ വ്യത്യാസമാണ്. എന്നാല്‍ ആര്‍ത്തവ വിരാമത്തിന്റെ സമയം കഴിഞ്ഞ്, ഹോര്‍മോണ്‍ ഉത്പാദനം പഴയ രീതിയിലേക്ക് തിരിച്ചുവരുന്നതോടെ ഈ പ്രശ്‌നം ഒഴിവാകും. ചിലര്‍ക്ക് ആര്‍ത്തവ വിരാമത്തിന് മുന്നോടിയായി തന്നെ അമിത വിയര്‍ക്കലുള്‍പ്പെടെയുള്ള ശാരീരിക വ്യതിയാനങ്ങള്‍ കണ്ടേക്കാം.
നാല്...
നല്ല തോതില്‍ വെയില്‍ കൊള്ളുന്നവരാണെങ്കില്‍ സൂര്യതാപമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. സൂര്യതാപമേറ്റാലും അമിതമായി വിയര്‍ത്തേക്കും.
അഞ്ച്...
രക്തത്തില്‍ പഞ്ചസാരയുടെ അളവ് താഴുന്ന സാഹചര്യത്തിലും അസാധാരണമായി വിയര്‍പ്പ് അനുഭവപ്പെട്ടേക്കാം. ഇത്തരം സാഹചര്യത്തില്‍ അസുഖകരമായ ഉറക്കവും തുടര്‍ന്ന് ശരീരം മുഴുവന്‍ വിയര്‍ക്കുകയും ചെയ്യും.
ആറ്...
ചില തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നവരിലും അമിതമായ വിയര്‍പ്പ് കണ്ടേക്കും. മരുന്നുകളുടെ സൈഡ് എഫക്ട് ആണിത്. മരുന്നിന്റെ കോഴ്‌സ് തീരുന്നതോടെ ഈ പ്രശ്‌നവും അവസാനിക്കും.
ഏഴ്...
പ്രത്യേക തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതും ചില സമയങ്ങളില്‍ അമിതമായ വിയര്‍പ്പുണ്ടാക്കും. ഉദാഹരണത്തിന് നല്ല തോതില്‍ മസാല ചേര്‍ത്ത ഭക്ഷണം, കഫേന്‍ ചേര്‍ത്തവ, ആല്‍ക്കഹോള്‍ കലര്‍ത്തിയവ- എന്നിങ്ങനെ.