
പഴമക്കാരുടെ ഒരു കറിയാണിത്. ഇന്നത്തെ തലമുറകള്‍ക്കൊന്നും അറിയണമെന്നില്ല. ഇതിനു വേണ്ടത് ചേമ്പിന്റെ കുരുന്നിലയും തണ്ടുമാണ്. ചേമ്പിന്റെ നാമ്പും(ഇല വിടരുന്നതിനു മുന്‍പുള്ളത്, ചുരുണ്ട് തന്നെയാവും നാമ്പില കാണപ്പെടുന്നത്. ഇങ്ങനെയുള്ള നാമ്പില ചെറിയ കഷണങ്ങളായ് കട്ട് ചെയ്തിടും.) കുരുന്നില ചെറുതായി കീറിയെടുത്ത് ചുരുട്ടിയെടുക്കണം. വട്ടത്തില്‍ ചുരുട്ടി കെട്ടി വെയ്ക്കണം. ചേമ്പിന്റെ തണ്ട് അതിന്റെ തൊലി ഇളക്കി കളഞ്ഞു ചെറിയ കഷണങ്ങളാക്കണം. ഉണക്കമീന്‍ ചേര്‍ത്തുണ്ടാക്കിയാല്‍ മാത്രമേ അതിന്റെ ശരിയായ രുചി കിട്ടുകയുള്ളൂ. ഉണക്കമീന്‍ ഇഷ്ടമുള്ളത് എടുക്കാം. ഞാന്‍ ഇവിടെ എടുത്തിരിക്കുന്നത് പാരമീന്‍ ആണ്.
1)ചേമ്പിന്റെ കുരുന്നില - നാല് എണ്ണം
2)ചേമ്പിന്റെ തണ്ട് - നാല് എണ്ണം
3)ഉണക്കമീന്‍ - മൂന്ന് കഷണം
4)തേങ്ങ തിരുമ്മിയത് - അര മുറി
5)ചെറിയ ഉള്ളി - നാല് എണ്ണം
മുളകുപൊടി - രണ്ട് ടേ.സ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ടീ.സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വാളന്‍ പുളി - ഒരു നെല്ലിക്കാ വലിപ്പത്തില്‍
മണ്‍ചട്ടിയാണെങ്കില്‍ നല്ലത്. ചുവടു കട്ടിയുള്ള പാത്രത്തില്‍ ചേമ്പിന്റെ തണ്ടും ചുരുട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന ചേമ്പിന്റെ ഇലയും മഞ്ഞള്‍ പൊടി, മുളക് പൊടി,കുറച്ച് ഉപ്പ്, ഉണക്കമീന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയത്, അല്പ്പം വെള്ളം ചേര്‍ത്ത് വേവിക്കുക. അര ഗ്ലാസ് വെള്ളം മതിയാകും. പുളി പിഴിഞ്ഞ വെള്ളവും ചേര്‍ക്കണം(ഉണക്കമീന്‍ ഉപ്പുള്ളതായത് കൊണ്ട് അതിന്റെ ഉപ്പു കണക്കിലെടുത്ത് വേണം ഉപ്പു ചേര്‍ക്കാന്‍) ഇത് വെന്തു വരുമ്പോഴേയ്ക്കും തേങ്ങയും ചെറിയ ഉള്ളിയും നല്ല മഷി പോലെ അരച്ചത് ചേര്‍ക്കണം. ചെറിയ തീയില്‍ വേവിക്കുക.തിളക്കാന്‍ പാടില്ല. കടുക് താളിച്ചൊഴിച്ചു കഴിഞ്ഞാല്‍ പഴമക്കാരുടെ 'മടന്ത കൂട്ടാന്‍' റെഡി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam