
മൊബൈല്‍ ഫോണിന്റേയും ഇന്റര്‍നെറ്റിന്റേയും ഉപയോഗത്തില്‍ നിന്ന് ഇനി കുട്ടികളെ പിന്തിരിപ്പല്‍ അസാധ്യമാണ്. എന്നാല്‍ എങ്ങനെയാണ് കുട്ടികള്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് മാതാപിതാക്കള്‍ ഇടയ്‌ക്കെങ്കിലും ഒന്ന് മനസ്സിലാക്കിയിരിക്കണം. പ്രത്യേകിച്ച് കൗമാരക്കാരുടെ കാര്യത്തില്‍.
നിരന്തരമുള്ള ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളെ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ മാത്രം ഒതുക്കാതായിരിക്കുകയാണ്. പരിമിതമായ എണ്ണത്തില്‍ നിന്ന് പോണ്‍ സൈറ്റുകള്‍ ഏറെ വളര്‍ന്നിരിക്കുന്നു. ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഏതുതരം ലൈംഗികതയേയും അറിയാനുള്ള അവസരങ്ങള്‍ ഇന്ന് ധാരാളമാണ്.
യഥേഷ്ടം പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് പ്രായത്തിന് വിരുദ്ധമായ ലൈംഗിക ചിന്തകളും ആശങ്കകളുമുണ്ടാകാന്‍ ഇടയാക്കുമെന്നാണ് മനശ്ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികള്‍ സാധാരണയില്‍ കവിഞ്ഞ് മൗനികളാകുന്നതും അകാരണമായി പൊട്ടിത്തെറിക്കുന്നതുമെല്ലാം ഇത്തരം മാനസികമായ വ്യതിയാനങ്ങളുടെ ഭാഗമായിത്തന്നെയാണ്.
'ഒരു സുഹൃത്തിനോടെന്ന പോലെ അവര്‍ക്ക് ഇടപെടാന്‍ ആത്മവിശ്വാസം നല്‍കുക. പകുതിയിലധികം പ്രശ്‌നങ്ങളും അതോടെ പരിഹരിക്കപ്പെടും'
വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും കുട്ടികളിലെ ലൈംഗിക ജിജ്ഞാസയും വളരുന്നുണ്ട്. അതത് ഘട്ടങ്ങള്‍ക്കനുസരിച്ച വിവരങ്ങള്‍ ഏറ്റവും ലളിതവും സ്വാഭാവികവുമായ രീതിയില്‍ അവരിലേക്കെത്തിക്കുക എന്നതാണ് പ്രധാനമായും ഈ പ്രശ്‌നത്തെ ചെറുക്കാനുള്ള ഒരു മാര്‍ഗ്ഗമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
കൗമാരക്കാര്‍ പോണ്‍ അഡിക്ട് ആകുന്ന സാഹചര്യങ്ങളില്‍ ഏറ്റവും ഫലപ്രദമായ ഇടപെടല്‍ നടത്താനാവുക മാതാപിതാക്കള്‍ക്കാണെന്ന് പ്രശസ്ത മനശ്ശാസ്ത്രജ്ഞ രാഷി അഹൂജ പറയുന്നു.
'വളരെ ശാന്തമായിരിക്കുന്ന അവസരങ്ങള്‍ തെരഞ്ഞെടുത്ത് അവരോട് മനസ്സ് തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക, എത്രത്തോളം നിങ്ങള്‍ നിങ്ങളുടെ മക്കളോട് അടുപ്പമുള്ളവരാണോ അത്രത്തോളം മികച്ച ഫലമായിരിക്കും ഈ പങ്കുവയ്ക്കല്‍ നല്‍കുക. കഴിയുന്നതും സ്വാഭാവികമായ ഒരു സംസാരമായേ മക്കള്‍ക്ക് അത് തോന്നാവൂ, തന്റെ കാര്യത്തില്‍ അമ്മയോ അച്ഛനോ അതിര് കവിഞ്ഞ ആശങ്കയിലാണെന്ന് തോന്നുന്നത് വീണ്ടും കുട്ടിയുടെ മനോനിലയെ പ്രതികൂലമായി ബാധിക്കും. പാര്‍ക്കിലോ ബീച്ചിലോ ഒക്കെയാകാം ഈ സംസാരം. കുട്ടിയുടെ സഹോദരങ്ങളോ മറ്റ് കുടുംബാംഗങ്ങളോ ഒന്നും കേള്‍ക്കാത്ത രീതിയിലായിരിക്കണം സംഭാഷണം. ഒരു സുഹൃത്തിനോടെന്ന പോലെ അവര്‍ക്ക് ഇടപെടാന്‍ ആത്മവിശ്വാസം നല്‍കുക. പകുതിയിലധികം പ്രശ്‌നങ്ങളും അതോടെ പരിഹരിക്കപ്പെടും' - രാഷി പറയുന്നു.
കുട്ടിയുടെ സ്വകാര്യതകളെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്വകാര്യത നഷ്ടപ്പെടുന്നത് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് മൂലം കുട്ടികള്‍ നിരാശയിലാകാന്‍ സാധ്യതയുണ്ട്. നിര്‍ബന്ധിതമായ ഫോണ്‍-ഇന്റര്‍നെറ്റ് നിരോധനവും പെട്ടെന്ന് മാനസികനില തെറ്റുന്നതിലേക്ക് വഴിവെക്കും- മനശ്ശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam