ചെറുപ്രായത്തിലും സ്ത്രീകളില്‍ സ്തനാര്‍ബുദമോ? കണക്കുകള്‍ പറയുന്നതെന്താണ്?

By Web TeamFirst Published Feb 3, 2019, 2:50 PM IST
Highlights

വേണ്ടരീതിയില്‍ അവബോധമില്ലാത്തതിനാല്‍ ക്യാന്‍സര്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതില്‍ സ്ത്രീകള്‍ പരാജയപ്പെടുന്നുവെന്നും അപകടകരമായ രീതിയില്‍ പലയിടത്തേക്കും വ്യാപിച്ച ഘട്ടങ്ങളില്‍ മാത്രം രോഗം കണ്ടെത്തുന്നതോടെ മരണം ഉറപ്പാക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു

രാജ്യത്ത് ക്യാന്‍സര്‍ ബിധിതരുടെ എണ്ണം ദിനംപ്രതി പെരുകുകയാണെന്നാണ് 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ പ്രിവന്‍ഷന്‍ ആന്റ് റിസര്‍ച്ച്' പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018ല്‍ മാത്രം ഏഴ് ലക്ഷത്തിലധികം പേര്‍ ക്യാന്‍സര്‍ മൂലം രാജ്യത്ത് മരിച്ചുവെന്നാണ് ഇവരുടെ കണക്ക്. ഓരോ വര്‍ഷവും പത്ത് ലക്ഷത്തിലധികം പേര്‍ക്ക് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നു. 

ഇതില്‍ തന്നെ വളരെയധികം ഭീഷണി ഉയര്‍ത്തുന്ന ഒരു ക്യാന്‍സര്‍ സ്തനങ്ങളെ ബാധിക്കുന്നതാണ്. സ്ത്രീകളെയാണ് സ്തനാര്‍ബുദം പിടികൂടുന്നത്. പുരുഷന്മാരെ ഏറ്റവുമധികം ബാധിക്കുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സറും സ്ത്രീകളുടെ കാര്യത്തില്‍ ഇത് സ്തനാര്‍ബുദവുമാണ്. 

വേണ്ടരീതിയില്‍ അവബോധമില്ലാത്തതിനാല്‍ ക്യാന്‍സര്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതില്‍ സ്ത്രീകള്‍ പരാജയപ്പെടുന്നുവെന്നും അപകടകരമായ രീതിയില്‍ പലയിടത്തേക്കും വ്യാപിച്ച ഘട്ടങ്ങളില്‍ മാത്രം രോഗം കണ്ടെത്തുന്നതോടെ മരണം ഉറപ്പാക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

'താരതമ്യേന പ്രായം കുറഞ്ഞ സ്ത്രീകളിലും ധാരാളമായി സ്തനാര്‍ബുദം കണ്ടെത്തുന്നുണ്ട്. 25 വയസ് ശരാശരിയായി കണക്കാക്കാം. ഇത് മുതലങ്ങോട്ടുള്ള സ്ത്രീകളില്‍ രോഗം കണ്ടുവരുന്നു. വൈകിയുള്ള വിവാഹം, വൈകിയുള്ള ഗര്‍ഭധാരണം, നേരത്തേ പ്രായപൂര്‍ത്തിയാകുന്നത്, വൈകി ആര്‍ത്തവ വിരാമം ഉണ്ടാകുന്നത് ഇവയെല്ലാം സ്തനാര്‍ബുദത്തിന് വഴിയൊരുക്കുന്നുണ്ട്'- ഹൈദരാബാദിലെ എം.എന്‍.ജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയില്‍ നിന്നുള്ള ഡോ. എന്‍ ജയലത പറയുന്നു.

വിവാഹത്തിന് മുമ്പ് സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്‌സിന്‍ എടുക്കാനും ഡോ.ജയലത നിര്‍ദേശിക്കുന്നു. ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും അതിനെ അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ അത്ര വര്‍ധനവുണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

സ്തനാര്‍ബുദത്തെ കൂടാതെ വായ്ക്കകത്ത് വരുന്ന ക്യാന്‍സര്‍, ഗര്‍ഭാശയമുഖത്തെ ക്യാന്‍സര്‍, ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍, വയറിലുണ്ടാകുന്ന ക്യാന്‍സര്‍ എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്ന തരം ക്യാന്‍സറുകളെന്നും കണക്കുകള്‍ വ്യക്തമാക്കി. മരണകാരണമായി പുരുഷന്മാരിലും സ്ത്രീകളിലും അധികവും എത്തുന്നത് ശ്വാസകോശ അര്‍ബുദമാണെന്നും ഇവര്‍ വിലയിരുത്തുന്നു.
 

click me!