ഇത് വെറും 'ഡ്രസ്' അല്ല; നിമിഷങ്ങള്‍ കൊണ്ട് നമ്മളെയങ്ങ് മാറ്റിമറിക്കും...

By Web TeamFirst Published Feb 15, 2019, 9:16 PM IST
Highlights

മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനത്തെ മാതൃകയാക്കി ഒരു പുതിയ കണ്ടുപിടുത്തം.  നമ്മുടെ ശരീരമെന്ന പോലെ തന്നെ ഒരു വസ്ത്രം, രണ്ടാം ശരീരം എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാമെന്ന് ഗവേഷകർ

വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ വിദേശരാജ്യങ്ങളിലെ ആളുകള്‍ നമ്മളെക്കാളുമൊക്കെ ഏറെ മുന്നിലാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ചും, ശരീരപ്രകൃതിക്ക് അനുസരിച്ചും മാത്രം വസ്ത്രങ്ങള്‍ പ്രത്യേകം തെരഞ്ഞെടുത്ത് ധരിക്കുന്നവരാണ് അവര്‍.

നമ്മള്‍ മിക്കവാറും ഇത്തരം കാര്യങ്ങളിലൊന്നും പൊതുവേ ശ്രദ്ധ പുലര്‍ത്താറില്ല. എന്നാല്‍ ഈ അവസ്ഥയ്ക്ക് ചെറിയ മാറ്റങ്ങളെല്ലാം വന്നുതുടങ്ങിയിട്ടുണ്ട്. സമ്മര്‍ വെയര്‍, വിന്റര്‍ വെയര്‍, മണ്‍സൂണ്‍ വെയര്‍ എന്നൊക്കെ പറഞ്ഞ് ഓരോ കാലത്തിനും അനുസരിച്ച് ധരിക്കുന്ന വസ്ത്രങ്ങളൊക്കെ വിപണിയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 

എന്നാല്‍ ഇനി വസ്ത്രം ധരിക്കുമ്പോള്‍ കാലാവസ്ഥയെ കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടേണ്ടെന്നാണ് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. കാരണം കാലാവസ്ഥ എന്തുതന്നെയാണെങ്കിലും അതിനെ ചെറുത്ത്, വസ്ത്രം ധരിച്ചയാളെ 'കംഫര്‍ട്ടബിള്‍' ആക്കിനിര്‍ത്താന്‍ കഴിവുള്ള തുണി തങ്ങള്‍ കണ്ടുപിടിച്ചുകഴിഞ്ഞിരിക്കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

അതായത് പുറമേയ്ക്ക് കൊടുംചൂടാണെങ്കില്‍ ആ വസ്ത്രം നിങ്ങള്‍ക്ക് ആവശ്യത്തിന് തണുപ്പ് നല്‍കും. മറിച്ച്, പുറമേയ്ക്ക് തണുപ്പാണെങ്കില്‍ അതിനെ അതിജീവിക്കാന്‍ വേണ്ട ചൂടും പകര്‍ന്നുതരും. കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയേക്കാം. പക്ഷേ ഇത്തരത്തിലുള്ള പുതിയ ടെക്‌നോളജി തങ്ങള്‍ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ചൂടുകാലത്ത് ഈ തുണി ചൂടിനെ പരമാവധി പുറത്തേക്ക് തള്ളും. തണുപ്പ് വന്നാല്‍ തുണിയിലെ ഇഴകള്‍ അല്‍പം കൂടി ഒട്ടിയിരുന്ന് പരമാവധി ചൂടിനെ അകത്തുതന്നെ നിര്‍ത്തും. മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം തന്നെയാണ് ഈ കണ്ടുപിടുത്തത്തിന് ഗവേഷകര്‍ക്ക് പ്രചോദനം നല്‍കിയത്. ശരീരം അതിനുള്ള ഊര്‍ജ്ജത്തെ എത്തരത്തില്‍ ചൂടിനെയും തണുപ്പിനെയുമെല്ലാം പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണത്രേ ഈ ടെക്‌നോളജി ഇവര്‍ വികസിപ്പിച്ചെടുത്തത്. 

മനുഷ്യരെ ശാരീരികമായി സ്വാധീനിക്കുന്നുവെന്നതിന് പുറമെ സാമ്പത്തികമായും ഈ പുതിയ കണ്ടുപിടുത്തം സ്വാധീനിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അമേരിക്കയിലെ ജീവിതസാഹചര്യം വച്ചാണ് ഇവര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. അവിടെ ആകെയുള്ളവരില്‍ മുക്കാല്‍ പങ്ക് ആളുകളും എയര്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ ശരീരം പോലെ തന്നെയുള്ള, ഒരു രണ്ടാം ശരീരമെന്ന് പറയാന്‍ കഴിയുന്ന ഈ വസ്ത്രം കാലാവസ്ഥയുണ്ടാക്കുന്ന മാറ്റങ്ങളെ തന്നത്താന്‍ ചെറുക്കുകയാണല്ലോ, പിന്നെ മറ്റൊരു യന്ത്രം ഇതിന് ആവശ്യമാകില്ലെന്നാണ് ഇവര്‍ പറയുന്നത്.
 

click me!