സോപ്പുപൊടിയും ഷാമ്പൂവും; കുളിക്കാനും നനയ്ക്കാനുമല്ല മദ്യമുണ്ടാക്കാന്‍!

Published : Feb 24, 2019, 02:20 PM IST
സോപ്പുപൊടിയും ഷാമ്പൂവും; കുളിക്കാനും നനയ്ക്കാനുമല്ല മദ്യമുണ്ടാക്കാന്‍!

Synopsis

ബാറ്ററിയും മറ്റ് രാസപദാര്‍ത്ഥങ്ങളുമെല്ലാം വ്യാജന്മാരുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ നമ്മള്‍ മുമ്പേ കണ്ടതാണ്. ഇതിന് പുറമെയാണ് ഇപ്പോള്‍ സോപ്പുപൊടിയും ഷാമ്പൂവും പോലെ വീര്യം കൂടിയ രാസഘടകങ്ങളുള്ള പദാര്‍ത്ഥങ്ങളും വ്യാജന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുവെന്ന വസ്തുത വെളിപ്പെടുന്നത്

കഴിഞ്ഞയാഴ്ചയാണ് അസമില്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് 102 തൊഴിലാളികള്‍ മരിച്ചത്. 350 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പക്കപ്പെട്ടു. മരിച്ചവരും ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരുമെല്ലാം ചായത്തോട്ടങ്ങളില്‍ തൊഴിലെടുക്കുന്ന സാധാരണക്കാര്‍. 

ഈ വാര്‍ത്തയുടെ ചുവട് പിടിച്ചാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ് വിഭാഗം തീരുമാനിച്ചത്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകളായിരുന്നു. 

വ്യാജമദ്യം നിര്‍മ്മിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് രഘുഭീര്‍ നഗറിലെ രണ്ട് കടകളില്‍ എക്‌സൈസ് വകുപ്പ് പറന്നെത്തി. ഇവിടെയുണ്ടാക്കിയ വ്യാജന്‍ നിരവധി വീപ്പകളിലായി കണ്ടെത്തി. ഇതോടൊപ്പം ചില വീട്ടുസാധനങ്ങളും, വീട്ടുസാധനങ്ങളുടെ ലിസ്റ്റും ഇവര്‍ കണ്ടെടുത്തു. ആദ്യം ഇത് എന്താണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായില്ല. പിന്നീടാണ് വ്യാജനുണ്ടാക്കാനുള്ള ചേരുവകളാണ് ഇതെന്ന് അവര്‍ മനസ്സിലാക്കിയത്. 

വീര്യം കൂടിയ ഈസ്റ്റ്, സോപ്പുപൊടി, ആയുര്‍വേദ ഷാമ്പൂ എന്നിവയെല്ലാമായിരുന്നു പ്രധാന ചേരുവകള്‍. ഇവയെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ കള്ള് കുപ്പിക്ക് 40 രൂപ വീതം ഈടാക്കിയാണത്രേ സംഘം വിറ്റുകൊണ്ടിരുന്നത്. അതും 2009ല്‍ വ്യാജമദ്യം കഴിച്ച് 17 പേര്‍ മരിച്ച അതേ സ്ഥലത്ത്!

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലും സമീപദിവസങ്ങളില്‍ എക്‌സൈസ് വകുപ്പിന്റെ റെയ്ഡ് നടന്നു. ഏതാണ്ട് 25,000 ലിറ്റര്‍ വ്യാജനാണ് ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പഞ്ചാബില്‍ നിന്നുമാണ് ഈ വ്യാജനെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. 

നിരവധി മദ്യദുരന്തങ്ങള്‍ക്ക് സാക്ഷിയായിട്ടും രാജ്യം ഇപ്പോഴും വ്യാജന്മാരുടെ പിടിയില്‍ തന്നെയാണെന്നാണ് ഈ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കള്ളിനും വിവിധ മദ്യങ്ങള്‍ക്കുമെല്ലാം ഇത്തരത്തില്‍ നിരവധി വ്യാജന്മാരാണ് ഉള്ളത്. ബാറ്ററിയും മറ്റ് രാസപദാര്‍ത്ഥങ്ങളുമെല്ലാം വ്യാജന്മാരുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ നമ്മള്‍ മുമ്പേ കണ്ടതാണ്. ഇതിന് പുറമെയാണ് ഇപ്പോള്‍ സോപ്പുപൊടിയും ഷാമ്പൂവും പോലെ വീര്യം കൂടിയ രാസഘടകങ്ങളുള്ള പദാര്‍ത്ഥങ്ങളും വ്യാജന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുവെന്ന വസ്തുത വെളിപ്പെടുന്നത്. 

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മദ്യം വാങ്ങി ഉപയോഗിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരിക്കെ തന്നെ, വ്യാജന്മാരെ ആശ്രയിക്കുന്നത് വിലക്കുറവിന് വേണ്ടി മാത്രമല്ലെന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാരകമായ വിഷാംശങ്ങള്‍ ശരീരത്തിലെത്തുമ്പോഴുണ്ടാകുന്ന അപകടകരമായ ലഹരിയെക്കൂടി ആശ്രയിക്കാനാണ് പലരും ഇത്തരം വ്യാജന്മാര്‍ വാങ്ങിയടിക്കുന്നത്. 

തലച്ചോര്‍ ഉള്‍പ്പെടെയുള്ള ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇത് ഭാഗികമായും പൂര്‍ണ്ണമായുമെല്ലാം ബാധിച്ചേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പലര്‍ക്കും കാഴ്ചയോ, ചലനശേഷിയോ ഒക്കെ നഷ്ടമാകാം. ഒരിക്കലും വീണ്ടെടുക്കാനാകാത്ത വിധം എന്നെന്നേക്കുമായി സ്വബോധം നഷ്ടപ്പെടും വിധത്തില്‍ മനസ് അപകടപ്പെട്ടേക്കാം. ഇതിനെല്ലാം പുറമെ ഒറ്റയടിക്ക് ജീവന്‍ അപായപ്പെടാനുള്ള സാധ്യതകളും ഏറെയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍