മുഖക്കുരുവിന്റെ പാടുകള്‍ അസ്വസ്ഥതപ്പെടുത്തുന്നുവോ?; നിങ്ങള്‍ ചെയ്യേണ്ടത്...

By Web TeamFirst Published Nov 6, 2018, 4:47 PM IST
Highlights

മുഖത്ത് തേക്കാന്‍ വിപണിയില്‍ നിന്ന് ഏതെങ്കിലും ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്ത് വാങ്ങും മുമ്പ് ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കാണുന്നതാണ് ഏറ്റവും നല്ലത്. മുഖക്കുരുവിന്റെ പാടുകള്‍ തന്നെയാണ് മുഖത്തുള്ളതെന്നും മറ്റ് അസുഖങ്ങളുമായോ ശാരീരിക-മാനസികാവസ്ഥകളുമായോ ഇതിന് ബന്ധമൊന്നുമില്ലെന്നും ഉറപ്പിക്കാനാണിത്

മുഖക്കുരു തന്നെ വിവിധ തരത്തിലുള്ളവയുണ്ട്. എല്ലാ മുഖക്കുരുവും പാടുകള്‍ അവശേഷിപ്പിക്കില്ല. എന്നാല്‍ ചിലതാകട്ടെ കറുപ്പ് നിറത്തില്‍ ഏറെക്കാലത്തേക്ക് മായാത്തവണ്ണം പാടുകളവശേഷിപ്പിക്കും. മുഖത്ത് മുഖക്കുരുവിന്റെ പാടുകളുണ്ടാകുന്നത് മിക്കവരെയും അസ്വസ്ഥതപ്പെടുത്തും. ആത്മവിശ്വാസത്തെ ചെറിയ രീതിയിലെങ്കിലും പിടിച്ചുലയ്ക്കാനും ഇതുമതി. 

മുഖക്കുരുവുണ്ടാക്കുന്ന പാടുകള്‍ മാറ്റാന്‍ പല തരത്തിലുള്ള ഉത്പന്നങ്ങളും വിപണിയില്‍ ഇന്ന് ലഭ്യമാണ്. ഇവയില്‍ പലതും വീണ്ടും അപകടങ്ങള്‍ വരുത്തിവയ്ക്കാനേ ഉപകരിക്കൂവെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതിനാല്‍ തന്നെ സ്വയംചികിത്സ, കഴിവതും ഒഴിവാക്കുക. 

ഡോക്ടറെ കാണുക...

മുഖത്ത് തേക്കാന്‍ വിപണിയില്‍ നിന്ന് ഏതെങ്കിലും ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്ത് വാങ്ങും മുമ്പ് ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കാണുന്നതാണ് ഏറ്റവും നല്ലത്. മുഖക്കുരുവിന്റെ പാടുകള്‍ തന്നെയാണ് മുഖത്തുള്ളതെന്നും മറ്റ് അസുഖങ്ങളുമായോ ശാരീരിക-മാനസികാവസ്ഥകളുമായോ ഇതിന് ബന്ധമൊന്നുമില്ലെന്നും ഉറപ്പിക്കാനാണിത്. 

ചില പദാര്‍ത്ഥങ്ങളടങ്ങിയ ഉത്പന്നങ്ങളും മുഖക്കുരുവിന്റെ പാട് മാറ്റാന്‍ ഏറെ സഹായകമാണ്. അവയേതെല്ലാമെന്ന് നോക്കാം. 

ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ്

ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് അടങ്ങിയ ഉത്പന്നങ്ങള്‍ മുഖത്തെ നശിച്ച തൊലിയെ നീക്കം ചെയ്യാനും മുഖത്ത് ചെറിയ ദ്വാരങ്ങള്‍ വീഴുന്നത് തടയാനും സഹായകമാണ്. 

ലാക്ടിക് ആസിഡ്

ലാക്ടിക് ആസിഡ് അടങ്ങിയ ഉത്പന്നങ്ങളാണെങ്കില്‍ തൊലിക്ക് തിളക്കമേകാനും നിറം നല്‍കാനുമെല്ലാം സഹായകമാണ്. മാത്രമല്ല, മുഖക്കുരുവുണ്ടാക്കുന്ന ചെറിയ കറുത്ത പാടുകള്‍ മായ്ച്ചുകളയാനും ഇവയ്ക്കാകും. ചിലയിനം ടോണറുകളിലും ഓയിന്‍മെന്റുകളിലുമെല്ലാം ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. 

റെറ്റിനോയിഡ്‌സ്

റെറ്റിനോയിഡുകളടങ്ങിയ ക്രീമുകളോ സിറങ്ങളോ എല്ലാം വിപണിയില്‍ ലഭ്യമാണ്. ഇത് മുഖത്തെ പാടുകള്‍ നീക്കുക മാത്രമല്ല, മുഖത്തെ ചര്‍മ്മത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. 

സാലിസിലിക് ആസിഡ്

സാലിസിലിക് ആസിഡ് അടങ്ങിയ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളുണ്ട്. ഇവ മുഖക്കുരുവിന്റെ വളരെ പഴകിയ പാടുകള്‍ പോലും നീക്കം ചെയ്യാന്‍ സഹായിക്കും. വളരെ പെട്ടെന്നുള്ള മാറ്റങ്ങള്‍ കാണില്ലെങ്കിലും കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങും.

ഏത് ഉത്പന്നമാണെങ്കിലും ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ വാങ്ങിയ ശേഷം ഉപയോഗിക്കുന്നതായിരിക്കും എപ്പോഴും നല്ലത്.
 

click me!