ചുരുണ്ട മുടി ഇപ്പോൾ ലോകമെമ്പാടുമുള്ള ഒരു ഫാഷൻ ട്രെൻഡാണ്. സ്വന്തം മുടിയുടെ സ്വാഭാവികമായ ഭംഗി തിരിച്ചറിഞ്ഞ്, ചുരുളുകൾ സംരക്ഷിക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ . സ്ട്രെയ്റ്റ് മുടിയേക്കാൾ കൂടുതൽ ശ്രദ്ധയും പരിചരണവും ചുരുണ്ട മുടിക്ക് ആവശ്യമാണ്.
ചുരുണ്ട മുടി ഇപ്പോൾ ഫാഷൻ ലോകത്തെ പുതിയ താരമാണ്. 'സ്ട്രെയ്റ്റ്' മുടിയുടെ ആധിപത്യം അവസാനിച്ചതോടെ, സ്വന്തം മുടിയുടെ തനിമയിലേക്ക് മടങ്ങിയെത്തുകയാണ് ജെൻസി ഉൾപ്പെടെയുള്ള യുവതലമുറ. സ്വാഭാവികമായ ചുരുളുകൾ നിലനിർത്തുകയും അവയെ ആരോഗ്യത്തോടെ പരിപാലിക്കുകയും ചെയ്യുന്നത് ഇന്ന് ഒരു സൗന്ദര്യശീലമായി മാറിയിരിക്കുന്നു. എന്നാൽ, ചുരുണ്ട മുടിക്ക് അതിൻ്റേതായ പ്രത്യേക പരിചരണം ആവശ്യമാണ്. എളുപ്പത്തിൽ വരണ്ടുപോവാനും, ഒതുക്കമില്ലാതെ പറന്നുനിൽക്കാനും സാധ്യതയുള്ള ചുരുളൻ മുടി എങ്ങനെയാണ് ശരിയായ രീതിയിൽ 'മെയിൻ്റയിൻ' ചെയ്യേണ്ടതെന്ന് നോക്കാം.
ഈർപ്പം നിലനിർത്താൻ 'കർളി ഗേൾ മെത്തേഡ്'
ചുരുണ്ട മുടിയുടെ ഏറ്റവും വലിയ പ്രശ്നം വരൾച്ചയാണ്. മുടിക്ക് ആവശ്യമായ ഈർപ്പം നൽകുക എന്നതാണ് ചുരുണ്ട മുടി സംരക്ഷണത്തിലെ അടിസ്ഥാന തത്വം.
- സൾഫേറ്റ് രഹിത ഷാംപൂ: കർളി മുടിക്ക് വീര്യം കുറഞ്ഞ, സൾഫേറ്റ് തീരെയില്ലാത്ത ഷാംപൂ ഉപയോഗിക്കുന്നതാണ് ഉചിതം. സൾഫേറ്റുകൾ മുടിയിലെ സ്വാഭാവിക എണ്ണമയം വലിച്ചെടുത്ത് മുടിയെ കൂടുതൽ വരണ്ടതാക്കും.
- കണ്ടീഷണറാണ് താരം: ഷാംപൂ ചെയ്യുന്നതിനേക്കാൾ പ്രാധാന്യം കണ്ടീഷണറിന് നൽകുക. നല്ല കട്ടിയുള്ള കണ്ടീഷണർ ഉപയോഗിച്ച് മുടിയെ നന്നായി ഈർപ്പമുള്ളതാക്കണം. കണ്ടീഷണർ മുടിയിഴകളിൽ തേച്ചുപിടിപ്പിച്ച ശേഷം വീതികൂടിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് പതിയെ കെട്ടുകൾ മാറ്റുന്നത് മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാൻ സഹായിക്കും.
- ലീവ്-ഇൻ കണ്ടീഷണർ: മുടി കഴുകിക്കഴിഞ്ഞാലും ഈർപ്പം നിലനിർത്താൻ, 'ലീവ്-ഇൻ കണ്ടീഷണർ' ഒരു ശീലമാക്കുക. ഇത് മുടിക്ക് സംരക്ഷണം നൽകുകയും ഫ്രിസ്സ് കുറയ്ക്കുകയും ചെയ്യും.
ഒഴിവാക്കേണ്ട ശീലങ്ങൾ
ചുരുണ്ട മുടിയുടെ ഭംഗിക്ക് കോട്ടം വരുത്തുന്ന ചില ശീലങ്ങൾ നാം ഒഴിവാക്കണം:
- ടവ്വൽ ഉപയോഗം: കുളികഴിഞ്ഞ ഉടൻ സാധാരണ ടവ്വൽ ഉപയോഗിച്ച് മുടി ശക്തിയായി തിരുമ്മി ഉണക്കുന്നത് മുടിയിലെ ചുരുളുകൾ ഇല്ലാതാക്കുകയും ഫ്രിസ്സ് കൂട്ടുകയും ചെയ്യും. പകരം, പഴയ കോട്ടൺ ടീ ഷർട്ടോ മൈക്രോ ഫൈബർ ടവ്വലോ ഉപയോഗിച്ച് മുടി പതിയെ ഒപ്പി എടുക്കുക.
- ചൂടുള്ള ഉപകരണങ്ങൾ: ഹെയർ ഡ്രയർ, സ്ട്രെയ്റ്റ്നർ പോലുള്ള ചൂടുള്ള സ്റ്റൈലിംഗ് ഉപകരണങ്ങൾ ചുരുളൻ മുടിക്ക് ദോഷകരമാണ്. ഒഴിവാക്കാൻ സാധിക്കുന്നില്ലെങ്കിൽ, ചൂടിനെ പ്രതിരോധിക്കുന്ന 'ഹീറ്റ് പ്രൊട്ടക്ടന്റ്' സെറം നിർബന്ധമായും ഉപയോഗിക്കുക.
- ഡ്രൈ ബ്രഷിംഗ്: മുടി ഉണങ്ങിയിരിക്കുമ്പോൾ ബ്രഷ് ചെയ്യുന്നത് മുടി പൊട്ടാനും ചുരുളുകൾ താറുമാറാക്കാനും കാരണമാകും. മുടി നനഞ്ഞിരിക്കുമ്പോൾ മാത്രം വിരലുകൾ കൊണ്ടോ, വീതികൂടിയ പല്ലുകളുള്ള ചീപ്പ് കൊണ്ടോ കെട്ടുകൾ മാറ്റുക.
ഫ്രിസ്സ് നിയന്ത്രിക്കാൻ സ്റ്റൈലിംഗ് ടിപ്പുകൾ
മുടി ചുരുണ്ടതാണെങ്കിലും ഒതുക്കത്തോടെ ഇരിക്കണം. അതിനുള്ള ചില എളുപ്പ വഴികൾ താഴെ നൽകുന്നു:
- ജെല്ലും മൗസും: മുടിയിലെ ഈർപ്പം നിലനിർത്തിയ ശേഷം, നല്ല ഗുണമേന്മയുള്ള ഹെയർ ജെല്ലോ മൗസോ ഉപയോഗിച്ച് ചുരുളുകൾ സെറ്റ് ചെയ്യുക. ജെൽ മുടിയിഴകളിൽ തേച്ചുപിടിപ്പിച്ച ശേഷം കൈകൾ കൊണ്ട് മുടി മുകളിലേക്ക് ചുരുട്ടിയെടുക്കുന്ന 'സ്ക്രംചിംഗ്' രീതി ചുരുളുകളുടെ ഭംഗി കൂട്ടും.
- ഡിഫ്യൂസർ ഉപയോഗം: ഹെയർ ഡ്രയർ ഉപയോഗിക്കുമ്പോൾ സാധാരണ നോസിലിന് പകരം 'ഡിഫ്യൂസർ' ഉപയോഗിക്കുക. ഇത് ചൂടിനെ മുടിയിഴകളിലേക്ക് നേരിട്ട് ഏൽപ്പിക്കാതെ വിതരണം ചെയ്യുകയും ചുരുളുകൾ അതേപടി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
- രാത്രി കിടക്കുമ്പോൾ സാറ്റിൻ അല്ലെങ്കിൽ സിൽക്ക് തലയിണ കവറുകൾ ഉപയോഗിക്കുന്നത് മുടിയുടെ ഈർപ്പം നഷ്ടപ്പെടാതെ കാക്കുകയും ഫ്രിസ്സ് കുറയ്ക്കുകയും ചെയ്യും. 'പൈനാപ്പിൾ മെത്തേഡ്'ചുരുളുകൾ പോകാതെ സംരക്ഷിക്കും.
ചുരുണ്ട മുടി ഒരു വെല്ലുവിളിയല്ല, അത് നിങ്ങളുടെ സൗന്ദര്യത്തിലെ ഒരു സവിശേഷതയാണ്. ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, സലൂണിൽ പോകാതെ തന്നെ നിങ്ങളുടെ ചുരുളുകൾ ആരോഗ്യമുള്ളതും ട്രെൻഡിയുമാക്കി നിലനിർത്താൻ സാധിക്കും.


