പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ

By Web TeamFirst Published Aug 22, 2018, 9:03 AM IST
Highlights

വീട്ടിൽ കയറുമ്പോൾ ആദ്യം കെെയ്യിൽ കരുതേണ്ടത് ഒരു വടിയാണ്. വടി ഉപയോഗിച്ചു കൊണ്ട് ചുറ്റുമുള്ള ഇടങ്ങള്‍ സുരക്ഷിതമാണെന്ന് തട്ടി നോക്കി കൊണ്ട് മാത്രം നടക്കുക. പാമ്പ് കടിയേറ്റാൽ ഉടൻ തന്നെ ആളെ ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കുക.
 

കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ പലർക്കും നിരവധി നാശനഷ്ടമാണ് ഉണ്ടായത്. തിരികെ വീടുകളിലെത്തുമ്പോൾ വീട് പൂർണമായും ചെളിയിൽ മുങ്ങിയ നിലയിലാകാം. വീട് വൃത്തിയാക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. വീട് വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും  ശ്രദ്ധിക്കണം. അതിൽ പ്രധാനമാണ് വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തുന്ന വിഷപാമ്പുകൾ. വീട്ടിൽ ഇപ്പോഴും വെള്ളം താഴ്ന്ന് കാണില്ല. വെള്ളം കെട്ടി നിൽക്കുന്നത് കാരണം ധാരാളം കുഴികൾ ഉണ്ടാകാം. 

വിഷം കൂടിയ പാമ്പുകൾ ചത്ത് കിടക്കുന്നുണ്ടാകാം. മറ്റ് ഇഴജന്തുകൾ വീടിനുള്ളിൽ ചത്ത് കിടക്കുന്നുണ്ടാകാം.ഇതൊക്കെ ഒാർത്ത് വേണം വീട്ടിൽ കയറാൻ. വീട്ടിൽ കയറുമ്പോൾ ആദ്യം കെെയ്യിൽ കരുതേണ്ടത് ഒരു വടിയാണ്. വടി ഉപയോഗിച്ചു കൊണ്ട് ചുറ്റുമുള്ള ഇടങ്ങള്‍ സുരക്ഷിതമാണെന്ന് തട്ടി നോക്കി കൊണ്ട് മാത്രം നടക്കുക. പുറത്ത് വച്ചിരിക്കുന്ന ഷൂസിന്റെ ഉള്ളിൽ, ബൈക്കിന്റെ സീറ്റിന്റെ സൈഡിൽ തുടങ്ങി പതുങ്ങി ഇരിക്കാവുന്നതും കവചം കിട്ടുന്നതുമായ ഇടങ്ങളിലും പാമ്പുകൾ കാണാം. അത്തരം വസ്തുക്കൾ ശ്രദ്ധയോടു മാത്രം ഉപയോഗിക്കുക.

 പാമ്പ് കടിച്ചാൽ വരാവുന്ന ലക്ഷണങ്ങൾ:

  • വിഷപല്ലുകളുടെ പാട് കാണാം.
  • കടിയേറ്റഭാ​ഗത്ത്  ചുറ്റും നീരും വീക്കവും വരാം.
  • മുറിവുകൾ ഉണ്ടാകാം. 
  • മുറിവിലൂടെ രക്തം തുടര്‍ച്ചയായി പോയി കൊണ്ടിരിക്കാം.
  • ചുറ്റുമുള്ള ത്വക്കിലെ കോശങ്ങളുടെ നിറത്തില്‍ വ്യത്യാസം വരാം.
  • കടിയേറ്റ ഭാഗത്ത് ശക്തമായ നീറ്റലും വേദനയും വരാം.

രോമകൂപങ്ങള്‍, കണ്ണ്, മൂക്ക്,മോണ തുടങ്ങിയയിടങ്ങളിലൂടെ ചോര വരാന്‍ ഇടയുണ്ട്, മൂത്രത്തിലും ചോര കാണാം സാധ്യതയുണ്ട്. വായില്‍ നിന്നും നുരയും പതയും വരിക, സംസാരിക്കാനും ചൂണ്ടുകള്‍ അനക്കാനും ബുദ്ധിമുട്ട് വരിക, ശ്വാസമുട്ടല്‍, നാവ് കുഴഞ്ഞുപോകുക, ദേഹത്തില്‍ വിറയല്‍, കടിയേറ്റ ഭാഗത്തിന് സമീപമുള്ള മാംസ ചീഞ്ഞു പോകുന്നത് പോലെ നശിക്കുക, ശക്തിയായ വയര്‍ വേദനയെടുക്കുക, കണ്ണ്പോള തൂങ്ങി അടഞ്ഞു പോകുക, തല കറങ്ങുക തുടങ്ങിയവ വിവിധയിനം വിഷപാമ്പുകളുടെ കടിയിലൂടെ സംഭവിക്കുന്ന സാധ്യതയുള്ള ലക്ഷണങ്ങളാണ്. പാമ്പ് കടിയേറ്റാൽ ഉടൻ തന്നെ കടിയേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്. 

എന്താണ്  ആന്‍റിവെനേം?

ഉഗ്ര പാമ്പുകളുടെ വിഷം എന്നത് അതീവ സങ്കീര്‍ണ്ണവും സവിശേഷതയോടുകൂടിയും കടി ഏല്‍ക്കുന്ന ജീവിയില്‍ പലതരത്തില്‍ കോശങ്ങളിലും ആന്തരിക അവയവങ്ങളിലും ജീവപ്രവര്‍ത്തനങ്ങളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ജീവ അപായം നടത്താനും ഇട ഉള്ളവയാണ്. ഈ വിഷങ്ങളുടെ വീനാശ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്ന ഘടങ്ങളാണ്‌ പ്രതിവിഷങ്ങള്‍ അഥവാ antivenom. രോഗിയില്‍ വിഷം എത്തിയിട്ടുണ്ടെങ്കിലും അത് ബാഹ്യ ലക്ഷണങ്ങളിലൂടെയും ലാബ് ടെസ്റ്റുകളിലൂടെയും കണ്ടെത്താന്‍ സംവിധാനങ്ങളുണ്ട്‌. ആന്‍റിവെനേവും കൂടെ സപ്പോർട്ടീവ് ട്രീറ്റ്മെന്റുമാണ് ആവശ്യം. പാമ്പിന്‍റെ ഉമിനീരില്‍ അടങ്ങിയിരിക്കുന്നതും മറ്റ്‌ വഴികളിലൂടെ എത്താവുന്നതുമായ ബാക്ടീരിയല്‍ രോഗാണുകള്‍ക്ക് എതിരെ ആന്‍റിബയോടികും ആവശ്യമുണ്ട്, ഇത് വിഷമില്ലാത്ത പാമ്പുകളുടെ കടിയിലും ബാധകമാണ്.

പാമ്പ് കടിയേറ്റ വ്യക്തിയോട് ചെയ്യേണ്ടതിനെ കുറിച്ചാണ് ഇനി പറയുന്നത്. RIGHT എന്നാണ് ഇതിനെ പറയുന്നത്. അതായത്,

R- Reassure and comfort the patient - രോഗിയെ മാനസികമായി സമാധാനിപ്പിക്കുക.
I- Immobilise - രോഗിയെ പ്രത്യേകിച്ച് രോഗിയുടെ കടിയേറ്റ ഭാഗത്തെ കഴിയുന്ന അത്രയും അനക്കാതെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുക. സാധിക്കുമെങ്കില്‍ രോഗിയെ നടത്തി കൊണ്ട് പോകാതെ ഓട്ടോ, കാര്‍, ജീപ്പ് തുടങ്ങി കടിയേറ്റ ഭാഗം അധികം ചലിപ്പിക്കാതെ ആശുപതിയില്‍ എത്തിക്കാനുള്ള മാര്‍ഗ്ഗം നോക്കുക.

G. H.- Get to Hospital Immediately. Traditional remedies have NO PROVEN benefit in treating snakebite - എത്രയും വേഗം ആശുപതിയില്‍ എത്തിക്കൂക.

T- Tell the doctor - ഡോക്ടറോട് സംഭവിച്ച കാര്യങ്ങള്‍ പ്രത്യേകിച്ച് ശരീരത്തില്‍ വന്ന മാറ്റങ്ങള്‍ കൃത്യമായി പറയുക.

രോഗിയുടെ ശരീരത്തില്‍ കടിയേറ്റ ഭാഗത്തിന്‍റെ മുകളില്‍ തുണിയോ കയറോ വച്ച് കെട്ടുക, രോഗിയ്ക്കു കുടിക്കാന്‍ മദ്യം, കാപ്പി പോലെയെന്തെങ്കിലും നല്‍കുക, പുകവലിക്കാന്‍ കൊടുക്കുക, മുറിവുണ്ടാക്കി രക്തം ചോര്‍ത്തി കളയാന്‍ നോക്കുക, എന്തെങ്കിലും ഇലയോ പൊടിയോ വാരി ഇട്ടുക, കറന്റ് അടിപിക്കുക തുടങ്ങി യാതൊരുവിധ കാര്യങ്ങള്‍ ചെയ്യരുത്. ശരീരത്തില്‍ ഇറുക്കിപിടിച്ചിരുക്കുന്ന ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.


 

click me!